മോസ്കോ∙ ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹമായ, സോവിയറ്റ് യൂണിയന്റെ ‘സ്ഫുട്നിക്’ എപ്രകാരമാണോ മനുഷ്യരാശിയെ ബഹിരാകാശത്തേക്കു നയിച്ചത് അതുപോലെ റഷ്യയുടെ പുതിയ വാക്സീൻ മാസ്‌കുകളും ഐസലേഷനുമില്ലാത്ത ലോകത്തേക്ക് ജനങ്ങളെ കൈപിടിച്ചു നയിക്കും…’ ലോകത്തിലെതന്നെ ആദ്യ കോവിഡ് വാക്സീനെന്ന പ്രഖ്യാപനത്തോ‌ടെ റഷ്യ പുറത്തിറക്കിയ സ്‌ഫുട്‌നിക്–5 വാക്സീന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നൽകിയ വിവരണമായിരുന്നു ഇത്. റഷ്യയിലെ ഗമെലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സീൻ വികസിപ്പിച്ചെടുത്തത്. നിർമാണഘട്ടത്തിൽ ഗം–കോവിഡ്–വാക്–ലിയോ (Gam-COVID-Vac Lyo) എന്നായിരുന്നു വാക്സീന് നൽകിയിരുന്ന പേര്.

വാക്‌സീൻ സൃഷ്‌ടിച്ച പ്രതികരണം

റഷ്യയുടെ കോവിഡ് വാക്‌സീൻ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളിൽ ആന്റിബോഡി ഉൽപാദനം മികച്ച രീതിയിൽ നടന്നെന്ന് പുടിൻ അവകാശപ്പെടുന്നു. മകൾക്ക് ആദ്യം ചെറിയൊരു പനിയുണ്ടായിരുന്നു. രണ്ടാം ദിവസം അത് കുറഞ്ഞു. പിറ്റേന്ന് മികച്ച പ്രതിരോധ ശേഷി കാണിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തേ ഒരു കൂട്ടം വൊളന്റിയർമാരിലും ഈ വാക്സീൻ പരീക്ഷിച്ചിരുന്നു. ജൂൺ 18നാണു മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയൽ ആരംഭിച്ചത്. 38 വൊളന്റിയർമാർക്കാണ് ടെസ്റ്റ് ഡോസ് നൽകിയത്. അവർക്കെല്ലാവർക്കും 21–ാം ദിവസം മികച്ച രീതിയിൽ പ്രതിരോധശേഷി ലഭിച്ചെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.

തുടർന്ന് രണ്ടാം ഡോസ് നൽകി. അതോ‌ടെ പ്രതിരോധ ശേഷി ഇരട്ടിച്ചെന്നും റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലവൻ കിറിൽ ദിമിത്രിയുടെ അവകാശവാദം. നേരത്തേ മൃഗങ്ങളിലെ പരീക്ഷണത്തിലും കൊറോണവൈറസിനെതിരെ പ്രതിരോധത്തിൽ 100 ശതമാനമായിരുന്നു വിജയമെന്നും അദ്ദേഹം പറയുന്നു. ജൂലൈ 15ന് ആദ്യ ബാച്ച് ആശുപത്രി വിട്ടു, ജൂലൈ 20ന് രണ്ടാം ബാച്ചും. തുടർന്നായിരുന്നു ഓഗസ്റ്റ് 11ന് വാക്സീൻ റജിസ്റ്റർ ചെയ്യാനുള്ള തീരുമാനം. 2021 ജനുവരി ഒന്നു മുതൽ സാധാരണക്കാർക്കും വാങ്ങാവുന്ന വിധം വാക്‌സീൻ ലഭ്യമാക്കിത്തുടങ്ങും.

എന്താണ് വാക്‌സീനിലുള്ളത്?
അഡനോവൈറസ് അടിസ്ഥാനമാക്കിയുള്ള വാക്സീനാണ് ഗമലെയയിൽ വികസിപ്പിച്ചതെന്ന് നാഷനൽ റിസർച് സെന്റര്‍ തലവൻ അലക്സാണ്ടർ ഗിന്റ്സ്ബർഗ് പറയുന്നു. ഈ വൈറസിനൊപ്പം കോവിഡ്19നു കാരണമായ സാർസ് കോവ് 2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമുണ്ടാകും. വൈറസിന്റെ പുറത്തു കാണുന്ന മുന പോലുള്ള ഭാഗമാണ് സ്പൈക്ക് പ്രോട്ടിൻ. ഇതാണ് മനുഷ്യശരീര കോശങ്ങളുമായി ബന്ധം സ്ഥാപിക്കാൻ വൈറസിനെ സഹായിക്കുന്നത്.

എന്നാൽ വാക്സീന്‍ രൂപത്തിൽ ശരീരത്തിലെത്തുന്ന ഇവ മനുഷ്യന്റെ ആരോഗ്യത്തിനു യാതൊരു തരത്തിലും ദോഷകരമല്ലെന്ന് ഗിന്റ്സ്ബർഗ് വ്യക്തമാക്കുന്നു. ഇവയ്ക്കു മനുഷ്യശരീരത്തിലെത്തിയാലും വിഭജിക്കാനുള്ള കഴിവില്ല. ശരീരകോശങ്ങളെ ആക്രമിച്ച് അവയിൽനിന്നുള്ള ജനിതകവസ്തുക്കൾ ഉപയോഗിച്ച് സ്വയം പെരുകുന്നതാണ് സാർസ് കോവ് 2 വൈറസുകളുടെ രീതി.

വിഭജിക്കാനാകാത്തവയെ ‘ജീവനുള്ളവയുടെ’ കൂട്ടത്തിൽ ഉൾപ്പെടുത്താനാകില്ലെന്നു ഗവേഷകര്‍ പറയുന്നു. അതിനാൽത്തന്നെ റഷ്യയുടെ വാക്സീനിലെ ‘നിർജീവ’ സ്പൈക്ക് പ്രോട്ടിനും അപകടകാരിയല്ല. ശക്തി കുറച്ച, വിഭജിക്കാനാകാത്ത ഇത്തരം വൈറസുകളെ ശരീരത്തിലേക്കു കടത്തിവിട്ട് ആന്റിബോഡി ഉൽപാദനത്തിനു പ്രേരിപ്പിക്കുന്നതാണ് ഈ വാക്സീന്റെ രീതി.

വൈറൽ വെക്ടർ വാക്സീൻ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. മറ്റൊരു വൈറസിനെ (ഇവിടെ അഡനോവൈറസ്) അടിസ്ഥാനപ്പെടുത്തി നിർമിച്ച വാക്സീനിലൂടെ സാർസ് കോവ് 2 വൈറസിന്റെ ഡിഎൻഎയെ മനുഷ്യശരീരത്തിലെത്തിച്ച് പ്രതിരോധ ശേഷി സൃഷ്ടിക്കുമെന്നു ചുരുക്കം. ജീൻ തെറാപ്പിയിലും വാക്സീനുകളുടെ നിർമാണത്തിലും പരീക്ഷിച്ച് നേരത്തേത്തന്നെ വിജയം കണ്ടതാണ് വൈറൽ വൈക്ടർ രീതി. അഡനോവൈറസാകട്ടെ 1953ൽ കണ്ടെത്തിയതു മുതൽ ഗവേഷകർക്കു സുപരിചിതമാണ്. മനുഷ്യരിൽ ചുമ, പനി, തൊണ്ടവേദന, ബ്രോങ്കൈറ്റിസ് തുടങ്ങി കോവിഡിനു സമാനമായ രോഗലക്ഷണങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവയുമാണ് ഈ വൈറസുകൾ.


‘അരുതെന്ന്’ ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടന ഇപ്പോഴും റഷ്യയുടെ പദ്ധതികളെ അംഗീകരിച്ചിട്ടില്ല. ഡബ്ല്യുഎച്ച് ഒരു അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി വേണം വാക്സീൻ നിർമിക്കേണ്ടതെന്നാണ് അവരുടെ വാദം. സംഘടന നിർദേശിക്കുന്ന ഘട്ടങ്ങളിലൂടെയുള്ള പരീക്ഷണം പൂർത്തിയാക്കണം. അതിനു നിശ്ചിത കാലാവധിയും ഡബ്ല്യുഎച്ച്ഒ നൽകിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് റഷ്യ പരീക്ഷണം നടത്തിയതും ഇപ്പോൾ വാക്സീൻ വിജയകരമാണെന്നു പറയുന്നതെന്നുമാണ് ഡബ്ല്യുഎച്ച്ഒ വാദം. ഡബ്ല്യുഎച്ച്ഒ പ്രോട്ടോക്കോൾ പ്രകാരം മൂന്നാം ഘട്ടത്തിൽ ആയിരക്കണക്കിനു പേരിൽ വാക്‌സീൻ പരീക്ഷിച്ചു മാത്രമായിരിക്കണം ആത്യന്തികമായി മരുന്നിന്റെ ഫലപ്രാപ്തി നിശ്ചയിക്കേണ്ടത്. എന്നാൽ അതിനു മുൻപേതന്നെ വാക്‌സീൻ ഫലപ്രദമായെന്നാണ് പുടിന്റെ വാദം. ഡബ്ല്യുഎച്ച്ഒ നിർദേശ പ്രകാരമുളള മൂന്നാംഘട്ടം റഷ്യയിൽ നടക്കാനിരിക്കുന്നതേയുള്ളൂ.

എന്നാൽ സെപ്റ്റംബറോടെ വാക്സീൻ വൻതോതിൽ ഉൽപാദിപ്പിച്ച് ഒക്ടോബറിൽ ആദ്യഘട്ട കൂട്ട വാക്സിനേഷനാണു റഷ്യയുടെ തീരുമാനം. ക്ലിനിക്കൽ ട്രയലിന്റെ മൂന്നു ഘട്ടവും പൂർത്തിയാക്കിയെന്നും അവർ പറയുന്നു. അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കുമായിരിക്കും ആദ്യഘട്ട വാക്സിനേഷനെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ 100 പേരിലെ പരീക്ഷണ വച്ച് രാജ്യത്തു മുഴുവൻ വാക്സിനേഷൻ നടത്തുന്നത് വിപരീത ഫലം സൃഷ്ടിക്കുമെന്ന് റഷ്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ‌ട്രയൽസ് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയി‌ട്ടുണ്ട്. എന്തുതരം മാറ്റമാണ് ഇതു ജനങ്ങളിലുണ്ടാക്കുകയെന്നു പോലും അറിയില്ല.


അനുഗ്രഹമോ ശാപമോ?

വലുതും തികച്ചും അപ്രതീക്ഷിതവുമായ ഫലങ്ങൾക്കു കാരണമാകുന്ന ‘പാണ്ടോറാസ് ബോക്സ്’ ആയിരിക്കും ഈ വാക്സീനെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നൽകുന്നു. ആദ്യ കാഴ്ചയിൽ ഇത് മനുഷ്യരാശിക്കുള്ള സമ്മാനമാണെന്നു തോന്നാം, എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചാലറിയാം അതൊരു ശാപമാണെന്ന്– അസോസിയേഷൻ സൂചന നൽകുന്നു. വാക്സീൻ ഗവേഷണത്തെക്കുറിച്ചുള്ള യാതൊരു വിധ പഠനഫലങ്ങളും റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതും ദുരൂഹമാണ്. പുതിയ കൊറോണവൈറസിനെതിരെയുള്ള പ്രതിരോധശേഷി മനുഷ്യശരീരത്തിൽ എത്രകാലം വരെ നിലനില്‍ക്കുമെന്നതിലും വ്യക്തതയില്ല. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് നിലവിൽ റഷ്യ.

ഓഗസ്റ്റ് 11 വരെ അവിടെ രോഗം ബാധിച്ചത് 8.97 ലക്ഷം പേർക്കാണ്. 15,131 പേർ മരിച്ചു. 7.03 ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ 1.79 ലക്ഷം കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. വെക്ടർ റിസർച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോടെക്നോളജിയുടെ നേതൃത്വത്തിലും റഷ്യയിൽ വാക്സീൻ ഗവേഷണം നട‌ക്കുന്നുണ്ട്. ജൂലൈ 24ന് അവർ വാക്സീന്റെ ക്ലിനിക്കൽ ട്രയലും ആരംഭിച്ചു. 18–30 വയസ്സ് പ്രായമുളള ഏതാനും പേരിൽ മാത്രമേ നിലവിൽ ഈ വാക്സീൻ പരീക്ഷിച്ചിട്ടുള്ളൂവെന്നാണു വിവരം. 17 ഗവേഷണ സ്ഥാപനങ്ങളിലായി 26 വാക്സീനുകൾ കൂടി റഷ്യ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ രണ്ടു സംഘം ക്ലിനിക്കൽ ട്രയലിനുള്ള അപേക്ഷ നൽകാനൊരുങ്ങുകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here