വാഷിംഗ്ടൺ: അമേരിക്കയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലഹാരിസിനെ പ്രഖ്യാപിച്ചു. അമേരിക്കയുടെ മുല്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രഖ്യാപനത്തിന് ശേഷം കമലഹാരിസ് പറഞ്ഞു. തൊഴിൽ നഷ്‌ടത്തിന്റെയും ജീവിത നഷ്‌ടത്തിന്റെയും രാജ്യമാണ് അമേരിക്കയെന്നും കമലഹാരിസ് ചൂണ്ടിക്കാട്ടി.നേരത്തെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ പറഞ്ഞു കേട്ട പേരാണ് കമലഹാരിസിന്റേത്. ജോ ബൈഡനും മുൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഉൾപ്പെടെ ഡെമോക്രാറ്റിക് നേതൃത്വത്തിന് പൊതുസമ്മതയായിരുന്നു കമല. കഴിഞ്ഞ മാർച്ച് 15നായിരുന്നു ജോ ബൈഡൻ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഒരു വനിതയായിരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്.

തുടർന്ന് നടത്തിയ വിലയിരുത്തലുകൾക്കൊടുവിലാണ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.അമേരിക്കയുടെ ഭരണതലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യൻ -അമേരിക്കൻ വംശജയാവുകയാണ് 55കാരിയായ കമല. ഡെമോക്രാറ്റ് പക്ഷത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനാണ് കമലയുടെ പേര് നിർദേശിച്ചത്. നിലവിൽ കാലിഫോർണിയയിലെ സെനറ്ററാണ് കമല ഹാരിസ്. ഡൽഹിയിൽ നിന്ന്‌ ഹോം സയൻസിൽ ബിരുദം നേടിയ ശേഷം 1960കളിൽ സ്കോളർഷിപ്പുമായി ഉന്നത പഠനത്തിന് അമേരിക്കയിലേക്ക് കുടിയേറിയതാണ് കമലയുടെ അമ്മ ചെന്നൈ സ്വദേശിയായ ഡോ. ശ്യാമള ഗോപാലൻ.

പിന്നീടവർ സ്‌താനാർബുദ ഗവേഷകയായി. ജമൈക്കൻ വംശജനും സാമ്പത്തികശാസ്ത്രം പ്രൊഫസറുമായിരുന്ന ഡോണാൾഡ് ഹാരിസിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1964 ഒക്ടോബർ 20നാണ് കമല ഹാരിസ് ജനിച്ചത്. പിന്നീട് കമലയ്ക്ക് ഏഴു വയസുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. ശേഷം കമലയും സഹോദരി മായയും അമ്മയ്‌ക്കൊപ്പമാണ് ജീവിച്ചത്. അഭിഭാഷകയായ മായ, ഹിലരി ക്ലിന്റന്റെ ഉപദേശകയാണ്. 2020ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന കമല കഴിഞ്ഞ വർഷം ഡിസംബറിൽ ആ നീക്കത്തിൽ നിന്ന് പിന്മാറിയത് വാർത്താശ്രദ്ധ നേടിയിരുന്നു. മിസ് യൂ കമല എന്ന പരിഹാസവുമായി അന്ന് ട്രംപ് അടക്കമുള്ളവർ രം​ഗത്തെത്തുകയുമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here