ഭക്ഷണം ഒരു അനുഭവമാണ്. മനസും വയറുമൊക്കെ നിറയ്ക്കുന്ന ഒരു അത്ഭുത അനുഭൂതി. എല്ലാവർക്കും സ്വന്തമായി അഭിപ്രായങ്ങളുണ്ടെന്നത് പോലെതന്നെ ഭക്ഷണം കഴിക്കാനും അവരവരുടെതായ ശൈലികളുണ്ട്. എന്നാൽ ‘ടേബിൾ മാനേഴ്‌സ്’ പലപ്പോഴും വില്ലനായി എത്തുന്നതോടെ ഭക്ഷണം കഴിക്കുന്നതിന്റെ സുഖം നഷ്ടപ്പെടുമെന്ന് പറയുന്നവരും ചില്ലറയല്ല.

നമ്മളറിയാതെ തീൻമേശയിൽ ചെയ്യുന്ന ചില കാര്യങ്ങൾ മറ്റു രാജ്യങ്ങളിൽ ചെന്നാൽ മഹാഅബദ്ധമായി മാറും. ഓരോ രാജ്യത്തിനും ഭക്ഷണം കഴിക്കുന്നതിന്റെ കാര്യത്തിൽ അതിന്റേതായ ചില രീതികളുണ്ട്. തീൻമേശയിലെ ഒച്ചയും, ഏമ്പക്കവും, എന്തിന് കത്തിയും മുള്ളും വരെ ചിലയിടങ്ങളിൽ പ്രശ്‌നക്കാരാണ്. എന്നാൽ, ചിലയിടങ്ങളിൽ നല്ലതും. വിചിത്രമായ ശീലങ്ങൾ ഉള്ള ചില നാടുകൾ ഇവയാണ്.

 ചൈനക്കാരിൽ അഭിനന്ദനം
വളരെ ലാവിഷായി സദ്യയൊക്കെ കഴിഞ്ഞ് വിസ്തരിച്ചൊരു ഏമ്പക്കം വിട്ടാൽ കണ്ണുതുറിക്കുന്നവരാണ് നമുക്കിടയിലുള്ളത്. എന്നാൽ, ചൈനയിൽ അങ്ങനെയല്ല, ഭക്ഷണം ഇഷ്ടപ്പെട്ട് ഷെഫിനെ അഭിനന്ദിക്കുന്നതായാണ് ഈ ഏമ്പക്കത്തെ ചൈനക്കാർ കാണുന്നത്.

റഷ്യയിൽ വേണ്ടെന്ന് പറയരുത്
റഷ്യയിൽ എത്തിയാൽ പിന്നെ വോഡ്ക വേണ്ടെന്ന് പറയരുത്. ഒരാൾ വോഡ്കയ്ക്ക് ക്ഷണിച്ചാൽ വേണ്ടെന്ന് പറയുന്നത് സൗഹൃദം നിരസിക്കുന്നതിന് തുല്യമാണ്.

വലിച്ച് കുടിച്ചാൽ ജപ്പാനിൽ സ്‌നേഹം
ചായയൊക്കെ ഒച്ച കേൾപ്പിച്ച് കുടിച്ചാൽ ഇവിടെയാണെങ്കിൽ ചുറ്റുമുള്ളവർ തുറിച്ച് നോക്കും. പക്ഷേ, ന്യൂഡിൽസ് കഴിക്കുന്നതിനിടയിൽ, വലിച്ചുകുടിക്കുന്ന ശബ്ദം ഉണ്ടാക്കിയാൽ ജപ്പാൻക്കാർക്ക് അത് സന്തോഷമാണ്. കാരണം, ഭക്ഷണം ഇഷ്ടപ്പെട്ടതിന്റെ അടയാളമായാണ് അവരതിനെ കാണുന്നത്.

ചിലിയിൽ കത്തിയും മുള്ളും വേണം
ചിലിയിൽ ചെന്നാൽ കത്തിയും മുള്ളുമില്ലാതെ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കണ്ട. കൈകൊണ്ട് വാരിതിന്നുന്നത് ചിലിക്കാരെ സംബന്ധിച്ചിടത്തോളം മര്യാദകെട്ട രീതിയാണ്. എന്ത് കഴിക്കുകയാണെങ്കിലും അവിടെ ഫോർക്കും നൈഫും വേണം.

പോർച്ചുഗലിൽ സോൾട്ട് ആന്റ് പെപ്പർ വേറെ വേണ്ട
ഭക്ഷണം തീൻമേശയിൽ വിളമ്പിയതിന് ശേഷം ഉപ്പും കുരുമുളക് പൊടിയും ചോദിക്കുന്നത് ഒഴിവാക്കുന്നതാണ് പോർച്ചുലിൽ മര്യാദ. സാധാരണ ഗതിയിൽ എല്ലാം പാകമായിരിക്കുമെങ്കിലും ഉപ്പും കുരുമുളകും മുമ്പിൽ കുപ്പിയിൽ ഇല്ലെങ്കിൽ അലോസരം തോന്നുന്നവർ പോർച്ചുഗലിൽ ആ ശീലം മാറ്റിപ്പിടിക്കുക. ഭക്ഷണം വിളമ്പിയ ശേഷം ഉപ്പും മുളകും ചോദിക്കുന്നത് ഷെഫിനെ അപമാനിക്കുന്നതായാണ് കണക്കാക്കുക.

തായ്‌ലാന്റാണോ ഫോർക്ക് സൂക്ഷിച്ച്
ഇവിടെ, സ്പൂണിലേക്ക് ഭക്ഷണം കോരി ഇടാൻ മാത്രമേ ഫോർക്ക് ഉപയോഗിക്കാവൂ. ഫോർക്കിൽ കുത്തി ഭക്ഷണം നേരിട്ട് വായിലേക്ക് വയ്ക്കുന്നത് അപരിഷ്‌കൃതമായ രീതിയായാണ് ഇവിടത്തുകാർ കണക്കാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here