പൊന്നാനി: പൊന്നാനിക്കാർക്ക് സുപരിചിതമായ നാൺ കത്തായിക്ക് ചില കഥകൾ പറയാനുണ്ട്. ഇറാൻകാരുടെ ഇഷ്ടവിഭവമായ ഈ മധുര പലഹാരം അറബിക്കടലിന്റെ ഇങ്ങേ തലയ്ക്കലെത്തിയ കഥ. റൊട്ടി കഴിച്ച ശേഷം മധുരം ശീലമാക്കിയ ഇറാനികളാണ് നാൺ കത്തായിയുടെ സ്വന്തക്കാർ. ഇത് പൊന്നാനിക്കാരുടെ ചായക്കൊപ്പം ചേർന്നിട്ട് എട്ട് പതിറ്റാണ്ടിലേറെയായി. തലമുറകൾ പിന്നിട്ടിട്ടും പൊന്നാനിക്കാരുടെ നാൺ കത്തായിക്ക് രുചിമാറ്റങ്ങളൊന്നുമില്ല.

ഇറാനിൽ നിന്ന് കച്ചവടത്തിനെത്തിയവരാണ് നാൺ കത്തായി ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തുന്നത്. പാൽ കടഞ്ഞെടുത്തുണ്ടാക്കുന്ന നേവ എന്ന മിശ്രിതവും ഗോതമ്പുപൊടിയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ബിസ്‌ക്കറ്റ് രൂപത്തിലുള്ള പലഹാരമായിരുന്നു ഇത്. നാവിൽ വച്ചാൽ അലിഞ്ഞ് പോകും. വടക്കേ ഇന്ത്യയുടെ രുചിയുടെ ഭാഗമായി അതിവേഗം നാൺ കത്തായി മാറി. അക്കാലത്ത് കുടത്തിലാക്കിയാണ് വിതരണം ചെയ്തിരുന്നത്.ഇക്കാലത്ത് സൂറത്തിലെ ബേക്കറിയിൽ ബേക്കറായുണ്ടായിരുന്ന പൊന്നാനി സ്വദേശി പടിഞ്ഞാറകത്ത് അബ്ദുറഹിമാൻ ഹാജി നാൺ കത്തായിയുടെ കൂട്ട് സ്വായത്തമാക്കി. ബോംബെയിലേക്ക് മാറിയപ്പോൾ അവിടത്തെ പ്രധാന ഇനമായി നാൺ കത്തായിയെ അദ്ദേഹം മാറ്റി.

പിന്നീട് കറാച്ചിയിലേക്ക് പോയ അബ്ദുറഹിമാൻ ഹാജി അവിടെ ബന്ധുക്കൾക്കൊപ്പം മലബാർ ബേക്കറി സ്ഥാപിച്ചു. നാൺ കത്തായിയും കാര ബിസ്‌ക്കറ്റും അവിടത്തെ ജനപ്രിയ വിഭവങ്ങളായി.പൊന്നാനിയിൽ തിരിച്ചെത്തിയ അബ്ദുറഹിമാൻ ഹാജി 1944ൽ നാഷണൽ ബേക്കറി സ്ഥാപിച്ചു. അദ്ദേഹമാണ് നാൺ കത്തായിയെ പൊന്നാനിക്ക് പരിചയപ്പെടുത്തിയത്. നേവയാണ് ആദ്യമുപയോഗിച്ചിരുന്നതെങ്കിലും പിന്നീട് ലഭ്യത കുറഞ്ഞതോടെ രുചിക്കൂട്ടിലും മാറ്റം വരുത്തി. മൂന്ന് തലമുറ പിന്നിടുമ്പോഴും നാൺ കത്തായിയെ പൊന്നാനിക്കാരുടെ ഇഷ്ട ഇനമായി നിലനിറുത്തുന്നതിൽ അബ്ദുറഹിമാൻ ഹാജിയുടെ മൂന്നാംതലമുറയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here