കിനോഷ: അമേരിക്കയിൽ വിസ്‌കോൺസിനിലെ കിനോഷയിൽ നിരായുധനായ കറുത്തവംശക്കാരനെ പൊലീസ്‌ പിന്തുടർന്ന്‌ പിടിച്ച്‌ വെടിവച്ചതിൽ പ്രതിഷേധിച്ചവർക്കുനേരെ വെള്ളക്കാരൻ നടത്തിയ വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മറ്റൊരാൾക്കും ഇയാളുടെ വെടിയേറ്റു. വലിയ യന്ത്രത്തോക്കുമായി ജനക്കൂട്ടത്തിനുനേരെ വെടിവച്ച്‌ ഒരാളെ കൊന്നശേഷം ഓടിയ അക്രമിയെ പിന്തുടർന്നപ്പോഴാണ്‌ രണ്ടുപേർക്ക്‌ വെടിയേറ്റത്‌. ഇവരിൽ ഒരാളും മരിച്ചു. അക്രമിയെ ഉടൻ പിടിക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

കിനോഷ നഗരത്തിൽ ഞായറാഴ്‌ച വൈകിട്ട്‌ പൊലീസിന്റെ വെടിയേറ്റ ജേക്കബ് ബ്ലേക് എന്ന ഇരുപത്തൊമ്പതുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്‌. നട്ടെല്ലും സുഷുമ്‌നാനാഡിയും തകർന്ന ബ്ലേക്കിനെ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കി. അതിജീവിച്ചാലും എഴുന്നേറ്റ്‌ നടക്കാനാകില്ലെന്നാണ്‌ ഡോക്ടർമാർ നൽകുന്ന സൂചന. നടപ്പാതയിൽനിന്ന്‌ തിരിഞ്ഞ്‌ ഇടതുവശത്ത്‌ ഡ്രൈവറുടെ സീറ്റിലേക്ക്‌ കയറുന്നതിനിടെയാണ്‌ പൊലീസുകാർ ബ്ലേക്കിനെ ഷർട്ടിൽ പിടിച്ചുനിർത്തി പിന്നിൽനിന്ന്‌ വെടിവച്ചത്‌. ബ്ലേക്കിന്റെ മൂന്ന്‌ മക്കൾ കാറിന്റെ പിൻസീറ്റിൽ ഇരിക്കുമ്പോഴായിരുന്നു പൊലീസ്‌ അതിക്രമം.

ഇതിനെത്തുടർന്ന്‌ ആരംഭിച്ച പ്രതിഷേധം തുടരുമ്പോഴാണ്‌ വെള്ളക്കാരൻ രണ്ടുപേരെ വെടിവച്ച്‌ കൊന്നത്‌. മാനസികപ്രശ്‌നങ്ങൾക്ക്‌ ചികിത്സ തേടുകയായിരുന്ന കറുത്തവംശക്കാരനായ യുവാവിനെ ലൂയിസിയാനയിലെ ലാഫിയത്തിൽ വെള്ളിയാഴ്‌ച രാത്രി പൊലീസുകാർ വെടിവച്ച്‌ കൊന്നതിൽ രോഷം പടരുമ്പോഴാണ്‌ കരുതിക്കൂട്ടിയുള്ള അടുത്ത വംശീയ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here