ജീമോൻ റാന്നി      

ന്യൂയോർക്ക്‌: ലോകം മുഴുവൻ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ഒരു മലയാളി ടച്ച് !! അതെ ഒരു കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാവുന്നു. സ്ഥാനാർത്ഥിയായല്ല എന്ന് മാത്രം.

റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്ന സംഘത്തിലെ ഏക ഇന്ത്യൻ അംഗമാണ് സ്റ്റാൻലി ജോർജ്. ട്രംപിന്റെ രണ്ടാമൂഴം സ്റ്റാൻലിയുടെ തന്ത്രങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് പറയാം. റിപ്പബ്ലിക്കൻ പാർട്ടിയുടെ വോട്ടർമാരെ പ്രചാരണത്തിന് ഇറക്കുക, അവരെ പ്രചാരണ വിഷയങ്ങൾ പഠിപ്പിക്കുക, താഴേത്തട്ടിലുള്ള പ്രവർത്തകരെ ആവേശം കൊള്ളിക്കുക, തന്ത്രങ്ങളെക്കുറിച്ചു ബോധമുള്ളവരാക്കുക തുടങ്ങി പിടിപ്പതു പണിയുണ്ട് സ്റ്റാൻലിക്ക്. അതിനൊപ്പം വോട്ടർമാരുടെ മനസ് പഠിക്കണം. കാറ്റ് വീശുന്നത് ഏതു പക്ഷത്തേക്കെന്ന് മനസിലാക്കണം. പ്രചാരണത്തിനുള്ള ഫണ്ട് കണ്ടെത്തണം. ഇടയ്ക്കിടെ സർവേ നടത്തി ട്രെൻഡ് മനസിലാക്കണം. വോട്ടർമാരുമായി നിരന്തര ആശയ വിനിമയം, കോൺഫറൻസ് കോളുകൾ, ചർച്ചകൾ. ഇതിനിടെ കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെ നേരിടുന്ന എതിർ പ്രചാരണങ്ങളിൽ നിന്ന് ജന ശ്രദ്ധ തിരിക്കണം. ഡമോക്രാറ്റിക് പാർട്ടിയുടെ ഉദാരവൽക്കരണ അജൻഡകളെ തുറന്നു കാട്ടി എതിരാളികളുടെ നാവടപ്പിക്കണം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനും കോവിഡ് ഭീഷണി മറികക്കാനുമുള്ള മാർഗങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയും വാർത്താ മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നതും സ്റ്റാൻലിയുടെ പ്രചാരണ സംഘമാണ്.

അമേരിക്കയിലെ മുതിർന്ന രാഷ്ട്രീയ തന്ത്രജ്ഞൻ എഡ് റോളിൻസിന്റെ അസോഷ്യേറ്റായി 20 വർഷമായി സ്റ്റാൻലി ജോലി ചെയ്യുന്നു. മാർച്ച മുതൽ ട്രംപിന്റെ പ്രചാരണ ചുമതലയിലാണ്. ഓരോ ദിവസവും 16 മണിക്കൂറിലേറെ പ്രചാരണസംഘത്തിൽ ജോലി ചെയ്യുന്ന സ്റ്റാൻലി ട്രംപ് കുടുംബാംഗങ്ങൾ ഉൾപ്പെടെ യുള്ള ക്യാമ്പയിൻ ലീഡേഴ്‌സുമായി നിരന്തരം ബന്ധപ്പെട്ടു ഡെയിലി അപ്ഡേറ്റ്‌സ് നൽകുന്നത് സ്റ്റാൻലിയാണെന്ന് പറഞ്ഞപ്പോൾ ലേഖകനു അഭിമാനം തോന്നി.  


 ഓരോ വോട്ടും ട്രംപിന് ഉറപ്പിക്കുന്ന പരിപാടികളുമായി വാക്കേപ്പടിക്കൽ സ്റ്റാൻലി ജോർജ് തിരക്കിട്ട് പ്രവർത്തിക്കുമ്പോൾ പഴയ തിരഞ്ഞെടുപ്പു കാലമാണ് മനസിലെന്നു   ലേഖകനുമായി സംസാരിച്ചപ്പോൾ സ്റ്റാൻലി പറഞ്ഞു. നാട്ടിലെ പ്രചാരണ പരിപാടികളുമായി പുലബന്ധമില്ലെങ്കിലും തിരഞ്ഞെടുപ്പു കാലം വോട്ടു പിടിക്കാനിറങ്ങുന്ന മലയാളിയുടെ ആവേശം സ്റ്റാൻലിയുടെ ഓരോ നീക്കങ്ങളിലുമുണ്ട്, കുമ്പനാട്ടെ പഴയ കെഎസ്‌യുക്കാരന്റെ ആവേശം. 70കളുടെ അവസാനം പുനലൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗമാകാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് സ്റ്റാൻലി. അന്ന് കെഎസ്‌യു പ്രസിഡന്റായിരുന്ന   ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പറ്റി പറയുമ്പോൾ നൂറു നാവാണ് സ്റ്റാൻലിയ്ക്ക്. രമേശും മറ്റു കോൺഗ്രസ് നേതാക്കളുമായുണ്ടായിരുന്ന സുദൃഢ ബന്ധങ്ങൾ ഇപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.  


റാന്നി സെന്റ് തോമസ് കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം തിരുവല്ല  മാർത്തോമ്മാ കോളജിലും ബെംഗളൂരു എൻഐഐടിയിലുമാണ് പിന്നീട് സ്റ്റാൻലി പഠിച്ചത്. ബാലജന സഖ്യത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ പാസ്റ്ററായിരുന്ന പരേതനായ വി.സി. ജോർജിന്റെ മകനായ സ്റ്റാൻലി ഐപിസി സഭയുടെ ജനറൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.ഐപിസി യുവജന സംഘടയായ പി വൈപിഎ ‌, വൈഎംസിഎ, ഇന്ത്യൻ യൂത്ത് അസോസിയേഷൻ തുടങ്ങിയ സംഘടനകളിലും നേതൃരംഗത്തു പ്രവർത്തിച്ചിട്ടുള്ള   സ്റ്റാൻലി 90കളുടെ ആദ്യം അമേരിക്കയിലേക്ക് കുടിയേറി. യുഎസിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം എടുത്തു.

ഭാര്യ : ഷിർലി മക്കൾ: ഷേബാ, ഷെറിൻ, സ്‌റ്റെയ്‌സി,സ്‌റ്റെയ്‌സൺ, ഷെയ്‌ന



LEAVE A REPLY

Please enter your comment!
Please enter your name here