ചിക്കാഗോ: പതിവ് സംഘടനാ ചട്ടക്കൂടില്‍നിന്ന് വ്യത്യസ്തമായി രൂപീകരിക്കപ്പെട്ട ലോക മലയാളി കൂട്ടായ്മയായ ‘എംപാഷ ഗ്ലോബലി’ന്റെ ഏഴംഗ ഭരണ നേതൃത്വവും അഞ്ചംഗ അഡ്‌വൈസറി ബോര്‍ഡും ഉള്‍പ്പെടെയുള്ള ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വന്നു. അമേരിക്കയിലെ മലയാളി സംഘടനാരംഗത്ത് പ്രവര്‍ത്തിച്ച് സമൂഹത്തിന്റെ അംഗീകാരത്തിന് പാത്രമായവരും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും നേതൃത്വം നല്‍കുന്ന എംപാഷ ഗ്ലോബല്‍ ഏതെങ്കിലും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതോ നിശ്ചിത സമയത്ത് ഭാരവാഹികള്‍ മാറിമാറി വരുന്നതോ ആയ പ്രസ്ഥാനമല്ല. എംപാഷ ഗ്ലോബലിന്റെ ജനകീയ ലക്ഷ്യങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പിന്തുടര്‍ച്ച ലഭിക്കുന്നതിനായി ഇതൊരു സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കും.
 
പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം.വി പിള്ള, ഡോ. സാറാ ഈശോ, ഫൊക്കാന മുന്‍ പ്രസിഡന്റുമാരായ മന്‍മഥന്‍ നായര്‍, മറിയാമ്മ പിള്ള, ഫോമാ മുന്‍ പ്രസിഡന്റുമാരായ ജോണ്‍ ടൈറ്റസ്, ബെന്നി വാച്ചാച്ചിറ ഉള്‍പ്പെടെയുള്ളവരാണ് കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ രൂപീകൃതമായ എംപാഷ ഗ്ലോബല്‍ എന്ന ബൃഹത് സംഘടനയ്ക്ക് ക്രിയാത്മക നേതൃത്വം നല്‍കുന്നത്. എന്നാല്‍ മലയാളി സമൂഹത്തിലെ വിവിധ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കും എംപാഷ ഗ്ലോബലുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാമെന്നത് ഈ ആജീവനാന്ത കൂട്ടായ്മയുടെ ജനകീയ സമീപനത്തിന്റെ തെളിവാണ്.
 
 ബെന്നി വാച്ചാച്ചിറ-ചിക്കാഗോ (പ്രസിഡന്റ്), വിനോദ് കോണ്ടൂര്‍-ഡിട്രോയിറ്റ് (ജനറല്‍ സെക്രട്ടറി), ജോണ്‍ പാട്ടപതി-ചിക്കാഗോ (ട്രഷറര്‍), ബിജു ജോസഫ്-നാഷ്‌വില്‍ (വൈസ് പ്രസിഡന്റ്), ബിജി സി മാണി-ചിക്കാഗോ (ജോയിന്റ് സെക്രട്ടറി), ജിതേഷ് ചുങ്കത്ത്-(ജോയിന്റ് ട്രഷറര്‍), ബബ്‌ലു ചാക്കോ-(പി.ആര്‍.ഒ) എന്നിവരടങ്ങുന്നതാണ് ഭരണ സമിതി. ഡോ. എം.വി പിള്ള (ഡാളസ്), ഡോ. സാറാ ഈശോ (ന്യൂയോര്‍ക്ക്), മന്‍മഥന്‍ നായര്‍ (ഡാളസ്), ജോണ്‍ ടൈറ്റസ് (സിയാറ്റില്‍), അരുണ്‍ നെല്ലാമറ്റം (ചിക്കാഗോ) എന്നിവരാണ് അഡ്‌വൈസറി ബോര്‍ഡിലുള്ളത്.
 
കൂടാതെ ഡോ. സാറാ ഈശോ, സ്മിത വെട്ടുപാറപ്പുറം (ഡി.പി.എന്‍), ഡോ. ബോബി വര്‍ഗീസ്, ഡോ. അജിമോള്‍ പുത്തന്‍പുര, എന്നിവരുടെ നേതൃത്വത്തില്‍ 51 അംഗ പ്രോഫഷണല്‍ കമ്മിറ്റിയും ചേര്‍ന്നാണ് എംപാഷ ഗ്ലോബലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതെന്ന് ബെന്നി വാച്ചാച്ചിറ അറിയിച്ചു. ലോക മലയാളി വീടുകളിലെ ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ അസ്വാരസ്യങ്ങളും തന്മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക വിഷമങ്ങളും പരിഹരിച്ച് സന്തോഷവും സമാധാനവും നിറഞ്ഞ, ആരോഗ്യകരമായ കുടുംബാന്തരീക്ഷം സംജാതമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടുകൂടിയാണ് എംപാഷ ഗ്ലോബല്‍ തൂപീകരിക്കപ്പെട്ടിരിക്കുന്നത്.
 
1875ല്‍ 13 ലക്ഷം മലയാളികള്‍ ഉണ്ടായിരുന്ന കേരളത്തില്‍, ഇന്ന് മൂന്നര കോടി ജനങ്ങള്‍ ഉണ്ട്. പ്രവാസികളേയും കൂടി ഉള്‍പ്പെടുത്തിയാല്‍, നാല്  അഞ്ച് കോടി വരെയെത്താം. കൂട്ടു കുടുംബ വ്യവസ്ഥയില്‍ നിന്ന്, അണു കുടുംബ വ്യവസ്ഥയിലേക്കുള്ള മാറ്റം ആകാം ഒരു പക്ഷെ കൂടുതല്‍ ഗാര്‍ഹിക പീഡന കഥകള്‍ നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്നതിന് ഒരു കാരണം. ഇന്നിന്റെ സാംസ്‌ക്കാരിക വിത്യാസങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പീഡനത്തിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ തീര്‍പ്പാക്കാന്‍ ഒട്ടനവധി വഴികള്‍ തുറന്നിട്ടിട്ടുണ്ട്.പക്ഷെ തങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് സമ്മതിക്കാന്‍ മലയാളികളുടെ അഭിമാനം സമ്മതിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
 
എംപതി (empathy) എന്ന വാക്കില്‍ നിന്നു ഉത്ഭവിച്ച എംപാഷ ഗ്ലോബല്‍, മലയാളികളായ ഒരു പറ്റം സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്. പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടാണ്  സംഘടനയുടെ ബ്രാന്‍ഡ് അംബാസിഡര്‍. അമേരിക്കന്‍ മലയാളി സാംസ്‌ക്കാരിക സംഘടനകളുടെ ഫെഡറേഷനുകളായ ഫൊക്കാന ഫോമാ തുടങ്ങിയ സംഘടനകളുടെ മുന്‍ പ്രസിഡന്റ്മാരും, ആഗോള മലയാളി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, സൈക്കോ തെറാപ്പിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍, അറ്റോര്‍ണിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍  മോട്ടിവേഷണല്‍ സ്പീക്കര്‍മാര്‍, നിയമവിദഗ്ദ്ധര്‍, കൗണ്‍സിലിങ്ങ് വിദഗ്ധര്‍ തുടങ്ങി സമസ്ത മേഖലകളിലേയും പ്രഗത്ഭരായ വ്യക്തിത്വങ്ങളെ ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരത്തിക്കൊണ്ട് എംപാഷ ഗ്ലോബല്‍ പ്രവര്‍ത്തനത്തിക്കുന്നത്. വരുന്ന എട്ടു മാസങ്ങളിലേക്ക് വിവിധ പ്രൊഫഷണല്‍സ് നയിക്കുന്ന വെബിനാറുകളും, സൂം മീറ്റിങ്ങുളും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഡോ. സാറാ ഇശോയുടെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ചു വരികയാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ (ചിക്കാഗോ): 847 322 1973, വിനോദ് കോണ്ടൂര്‍ (ഡിട്രോയിറ്റ്): 313 208 4952      

LEAVE A REPLY

Please enter your comment!
Please enter your name here