തണുപ്പുകാലമെത്തിയതോടെ വീണ്ടുമുണർന്നിരിക്കുകയാണ് യുഎഇയിലെ സഞ്ചാരലോകം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടു തന്നെ കാമ്പുകളും റോഡ് ട്രിപ്പുകളുമെല്ലാം മുൻകാലങ്ങളിലെന്ന പോലെ സജീവമായിരിക്കുന്നു. അനുകൂലമായ കാലാവസ്ഥയെത്തിയതോടെ സംഘം ചേർന്നുള്ള സാഹസികയാത്രകളും ട്രെക്കിങ്ങും വീക്കെൻഡുകളുടെ ഭാ​ഗമായിത്തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തിൽ സാഹ​സികത ഇഷ്ടപ്പെടുന്നമലനിരകൾ കീഴടക്കാനും കുന്നിൻമുകളിലെ കാഴ്ചകൾ കാണാനുമിറങ്ങുന്ന സഞ്ചാരികൾക്ക് പുതിയൊരു യാത്രാനുഭവം ഒരുക്കുകയാണ് ഷാർജയിലെ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. മെലീഹയിലെ ജബൽ ബുഹൈസ് മലനിരകളിലൂടെ ചരിത്രകാഴ്ചകളും തേടിയുള്ള ട്രക്കിങ്ങാണ് ഇവിടത്തെ പുതിയ വിശേഷം. ശാരീരികക്ഷമത വർധിപ്പിക്കുന്നതോടൊപ്പം മേഖലയിലെ പുരാവസ്തുശേഷിപ്പുകൾ അടുത്തുകാണാനുള്ള അപൂർവ അവസരമാണ് ജബൽ ബുഹൈസ് ട്രെക്കിങ്.

 

മെലീഹ പ്രദേശത്തു നിന്ന് കണ്ടെടുത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള ശവകൂടീരങ്ങൾ സന്ദർശിച്ചാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത്. തുടർന്ന് മലനിരകൾക്കിടയിലൂടെ കാഴ്ചകളുമാസ്വദിച്ചുള്ള നടത്തമാരംഭിക്കും. രണ്ടായിരം വർഷം പഴക്കമുള്ളഇരുമ്പുയു​ഗത്തിൽ നിർമിച്ച കോട്ടയിലാണ് ഈ സഞ്ചാരമവസാനിക്കുക. യാത്രയിലുടനീളം കാഴ്ചകളും ചരിത്രവും വിവരിക്കാനും സഹായിക്കാനുമായി ​ഗൈഡിന്റെ സേവനമുണ്ടാവും.  ട്രെക്കിങ്ങിനോടൊപ്പം മെലീഹയിലെ പുരാവസ്തു മ്യൂസിയം സന്ദർശിക്കുകയും ചെയ്യാം.

200 ദിർഹമാണ് മുതിർന്നവർക്കുള്ള നിരക്ക്. കുട്ടികൾക്ക് 100 ദിർഹം. പത്തു വയസിനു മുകളിലുള്ളവർക്ക് ട്രെക്കിങ്ങിന്റെ ഭാഗമാവാം. രണ്ടു പേർ മുതൽ ആറ് പേർ വരെയുള്ള സംഘങ്ങളായി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 050 2103780 , 06 802 1111 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.

 

LEAVE A REPLY

Please enter your comment!
Please enter your name here