കുവൈറ്റ് സിറ്റി: കുവൈത്ത്‌ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നവംബർ 17 മുതൽ 24 മണിക്കൂറാക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏർപ്പെടുത്തിയാൽ വിമാനത്താവളം 24 മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിന്‌ എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനായി ആവശ്യമായ ജീവനക്കാരെ അനുവദിക്കാൻ നാസും കുവൈറ്റ് എയർവേസും തയ്യാറായിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണു നവംബർ 17 മുതൽ വിമാനത്താവളം 24 മണിക്കൂർ നേരവും പ്രവർത്തിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് രാത്രി കാലങ്ങളിൽ വിമാനത്താവളം പ്രവർത്തിച്ചിരുന്നില്ല.

‌ഇതേ സമയം ഇനി മുതൽ കുവൈറ്റ് വിമാനതാവളത്തിൽ നിന്നും യാത്ര ചെയ്യുന്നവർക്ക്‌ ഹാൻഡ്‌ ബാഗേജ്‌ വിമാനത്തിനകത്തേക്ക്‌ ഒപ്പം കൊണ്ടു പോകാൻ അനുവദിക്കും. സിവിൽ വ്യോമയാന അധികൃതരാണു ഇക്കാര്യം അറിയിച്ചത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ കുവൈത്ത്‌ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാ നടപടിക്രമങ്ങൾ പുതുക്കി നിശ്ചയിച്ചു കൊണ്ട്‌ ഇറക്കിയവിജ്ഞാപനത്തിലാണ് അധികൃതർ ഈ അനുമതി നൽകിയിരിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here