കേരളത്തില്‍ സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇനിമുതല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സിബിഐയ്ക്ക് കഴിയില്ല. നേരത്തെ സിബിഐക്ക് നല്‍കിയ പൊതു സമ്മതമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഇതുവരെ സര്‍ക്കാരിന്റെയോ ഹൈക്കോടതിയുടേയോ നിര്‍ദ്ദേശമില്ലാതെ സ്വമേധയാ സിബിഐയ്ക്ക് സംസ്ഥാനത്ത് കേസന്വേഷണത്തില്‍ ഏര്‍പ്പെടാനുള്ള അധികാരമുണ്ടായിരുന്നു. എന്നാല്‍ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതോടെ കോടതി ഉത്തരവ് പ്രകാരമോ സര്‍ക്കാര്‍ അനുമതിയോടെയോ മാത്രമേ ഇനി സിബിഐയ്ക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കാനാകൂ.

സിബിഐ നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളുടെ ഇടപെടലിനെ ഇത് ബാധിക്കില്ല. പുതിയ കേസുകളുടെ അന്വേഷണത്തിന് മാത്രമാണ് നിയന്ത്രണം ബാധകം. മന്ത്രിസഭാ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷന്‍ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ പരാതി പ്രകാരമാണ് ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടങ്ങിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

സിബിഐ സംസ്ഥാനത്ത് വ്യക്തിഗത പരാതികളിന്മേല്‍ കേസന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയുമോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. വിലക്കേര്‍പ്പെടുത്താന്‍ തടസ്സമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഇതേത്തുടര്‍ന്നാണ് 2017 ല്‍ സിബിഐയ്ക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here