വാഷിങ്ടൺ: നാല് ബഹിരാകാശ യാത്രികരുമായി സ്‌പെയ്‌സ് എക്സിന്റെ ഡ്രാഗൺ പേടകം വിജയകരമായി വിക്ഷേപിച്ചു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ആറുമാസം ഗവേഷണങ്ങൾക്ക്‌ ഇവർ നേതൃത്വം നൽകും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ്‌ സെന്റിറിൽനിന്ന്‌ ശക്തിയേറിയ ഫാൽക്കൺ റോക്കറ്റാണ്‌ പേടകവുമായി കുതിച്ചത്‌. കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു വിക്ഷേപണം.

സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനം ഉപയോഗിച്ച്‌ യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിക്കുന്ന സമ്പൂർണ ദൗത്യമായിരുന്നു ഇത്‌. നാസയുടെ മൈക്കിൾ ഹോപ്‌കിൻസ്‌, വിക്ടർ ഗ്ലോവർ, ഷനോൺ വാൽക്കർ, ജപ്പാൻ സ്‌പെയ്‌സ്‌ ഏജൻസിയുടെ സൊച്ചി നോഗഗാച്ചി എന്നിവരാണ്‌ ബഹിരാകാശ യാത്രികർ. കാലാവസ്ഥ മോശമായതിനാൽ ദൗത്യം നേരത്തേ മാറ്റിവച്ചിരുന്നു. ഡ്രാഗൺ പേടകം എട്ട്‌ സഞ്ചാരികളെവരെ ബഹിരാകാശത്തേക്ക്‌ കൊണ്ടുപോകാൻ പര്യാപ്‌തമാണെന്നാണ്‌ സ്‌പെയ്‌സ് എക്സിന്റെ അവകാശവാദം. ഈ വർഷം രണ്ട് ബഹിരാകാശ യാത്രികരെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here