അബുദാബി: വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി നൽകി യു.എ.ഇ. മാര്‍ച്ച് ഒന്നിന് മുമ്പ് വീസാ കാലാവധി അവസാനിച്ച ശേഷം യു.എ.ഇയില്‍ തുടരുന്ന അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള കാലാവധിയാണ് നീട്ടിയിട്ടുള്ളത്. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് സമയം നീട്ടിയത്.മെയ് 14ന് തുടങ്ങിയ ഹ്രസ്വകാല പൊതുമാപ്പിന്റെ കാലാവധി നവംബര്‍ 17ന് അവസാനിക്കാനിരിക്കെയാണ് രാജ്യം ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.

പിഴ അടയ്ക്കാതെ ഡിസംബര്‍ 31ന് മുമ്പ് അനധികൃത താമസക്കാര്‍ക്ക് യു.എ.ഇ വിടാമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. മാര്‍ച്ച് ഒന്നിന് മുമ്പ് വിസിറ്റ്, ടൂറിസ്റ്റ്, താമസ വിസകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം.എമിറേറ്റ്സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ളവയില്‍ ചുമത്തിയിട്ടുള്ള പിഴകളൊന്നും ഇവര്‍ അടയ്ക്കേണ്ടതില്ലെന്നും ഐ.സി.എ ഫോറിനേഴ്സ് അഫയേഴ്സ് ആന്‍ഡ് പോര്‍ട്ട്സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സയീദ് റകാന്‍ അല്‍ റാഷിദി വ്യക്തമാക്കി. വീസ നിയമാനുസൃതമാക്കുന്നതിനായി അനധികൃത താമസക്കാര്‍ക്ക് രണ്ടാമത് അവസരം നല്‍കി ഉത്തരവിറക്കിയ യു.എ.ഇ നേതാക്കള്‍ക്ക് അദ്ദേഹം തന്റെ നന്ദിയും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here