കൊറോണയെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്ത് വിഷാദരോഗത്തിലായിരുന്ന അമ്മ പതിനഞ്ചുകാരിയായ മകളെ വെടിവെച്ചുകൊന്നു. ഇംഗ്ലണ്ടിലെ കണക്ടിക്കട്ടില്‍ നിന്നുള്ള നവോമി ബെല്‍ എന്ന നാല്‍പത്തിമൂന്നുകാരിയാണ് മകളെ വെടിവെച്ചു കൊന്നത്. ഏഴു വയസ്സുകാരനായ മകനെയും കൊലപ്പെടുത്താനായി വെടി വെച്ചുവെങ്കിലും കുട്ടി രക്ഷപ്പെട്ടു. കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

ബാസ്‌ക്കറ്റ് ബോള്‍ കഴിഞ്ഞ് ഇളയ മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഫോണിലൂടെ ഭയപ്പെടുത്തുന്ന ഒരു ശബ്ദം കേട്ടിരുന്നുവെന്ന് നവോമിയുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഉടന്‍തന്നെ വീട്ടിലെത്തിയപ്പോള്‍ കാണുന്നത് പുറത്ത് വെടിയേറ്റ നിലയില്‍ കിടക്കുന്ന മകനെയാണ്. പതിനഞ്ചു വയസ്സുകാരിയായ മകളെ ജീവനറ്റ നിലയിലും കണ്ടു. കയ്യില്‍ തോക്കുമായി നില്‍ക്കുകയായിരുന്നു നവോമി. ആകെ പതറിപ്പോയെങ്കിലും അടുത്തേക്ക് ചെന്ന് തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ കുതറിക്കൊണ്ട് ‘എനിക്ക് മരിക്കണം’ എന്നാണ് നവോമി പറഞ്ഞു കൊണ്ടിരുന്നത്. പിന്നീട് പോലീസ് സ്ഥലത്തെത്തി നവോമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെടിയേറ്റ ഏഴുവയസ്സുകാരന് ഉടന്‍ സിപിആര്‍ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചു. സംഭവസമയത്ത് വീട്ടിലില്ലാതിരുന്നതിനാല്‍ ഇളയ മകന്‍ ജീവനോടെ രക്ഷപ്പെട്ടു.

2013 ലുണ്ടായ സഹോദരിയുടെ മരണം നവോമിയെ സാരമായി ബാധിച്ചിരുന്നു. പിന്നീട് ലോക് ഡൗണ്‍ സമയത്ത് മാനസിക നില കൂടുതല്‍ വഷളാവുകയായിരുന്നുവെന്ന് നവോമിയുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലായി നവോമിയെ രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നവോമി ഇതിനു മുന്‍പ് കത്തി ഉപയോഗിച്ച് സ്വയം മരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.

നിലവില്‍ പ്രതിയായ നവോമി ബെല്‍ 2.5 മില്യണ്‍ പിഴ അടയ്ക്കണം. പ്രതിയുടെ പ്രായവും പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ചാണിത്. കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ പരോളില്ലാതെ ജീവപര്യന്തം തടവിന് വിധിക്കപ്പെടും. കേസില്‍ ജനുവരി 12ന് കോടതിയില്‍ ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here