വാഷിംഗ്ടണ്‍: ജനുവരിയില്‍ അമേരിക്കയില്‍ അധികാരക്കൈമാറ്റം ഉണ്ടാകുമെന്ന് സെനറ്റിലെ ഭൂരിപക്ഷ നേതാവായ മിച്ച് മെക്കണല്‍. തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്നും തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോടതിയെ സമീപിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സെനറ്റർ മെക്കണലിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവിലെ ഭരണത്തില്‍ നിന്നും മറ്റൊരു ഭരണത്തിലേയ്ക്കുള്ള മാറ്റം ക്രമാനുഗതമായി നടക്കും. ജനുവരിയില്‍ പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കും.

അതേസമയം 2020ലെ തിരഞ്ഞെടുപ്പ് ജയിച്ചത് താന്‍ ആണെന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടു. ഡെമോക്രാറ്റുകള്‍ തന്നെ തോല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും വോട്ടര്‍ തട്ടിപ്പില്‍ ഏര്‍പ്പെട്ടുവെന്നുമാണ് ട്രംപ് ആരോപിക്കുന്നത്. എന്നാല്‍ തന്റെ അവകാശവാദങ്ങളെ സാധൂകരിക്കുന്നതിനുള്ള തെളിവ് നല്‍കാന്‍ ട്രംപിനോ അദ്ദേഹത്തിന്റെ നിയമസഹായികള്‍ക്കോ കഴിഞ്ഞിട്ടില്ല.

രാജ്യത്തെ എല്ലാ മാധ്യമസ്ഥാനപങ്ങളും ജോണ്‍ ബിഡന്‍ 300ലേറെ ഇലക്ട്രല്‍ വോട്ടുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ട്രംപ്  2016 ല്‍ വിജയിച്ച മിച്ചിഗന്‍, പെന്‍സില്‍വാനിയ, വിസ്‌കോന്‍സിന്‍ സംസ്ഥാനങ്ങളില്‍ ബിഡന്‍ ഇക്കുറി വിജയിച്ചിട്ടുണ്ട്. പരമ്പരാഗത റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളായ ജോര്‍ജ്ജിയ  അരിസോണ എന്നിവയും മുന്‍ വൈസ് പ്രസിഡന്റ് നേടിയ സംസ്ഥാനങ്ങളില്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here