ബെയ്ജിങ്: ചൈനയിലെ വുഹാനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ, അവിടെ നിന്ന് ആരോഗ്യ വിദഗ്ധരിൽ ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു വാർത്ത. പരീക്ഷണം പൂർത്തിയാക്കി സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത കോവിഡ് വാക്സിനുകൾ ചൈനയിൽ ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുകയാണ്.

സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്സിനുകൾ ചൈനയിൽ വ്യാപകമായി ലഭ്യമാണെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ രംഗത്തെ ഉന്നതരും തങ്ങൾക്ക് വാക്സിൻ ലഭിച്ചുവെന്ന് അഭിമാനത്തോടെ പറയുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്യുന്നു. ചൈന വികസിപ്പിക്കുന്ന വാക്സിനുകളെല്ലാം പരീക്ഷണത്തിലൂടെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെടാത്തവയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ വ്യാപകമായി വാക്സിൻ എടുക്കുന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ പരീക്ഷണഘട്ടത്തിലുള്ള വാക്സിൻ എടുക്കാം എന്ന നയമാണ് ആയിരങ്ങൾ ഇവിടെ ദുരുപയോഗപ്പെടുത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്സിനുകൾ എടുക്കുന്നവർക്ക് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായ വാക്സിൻ വിപണിയിൽ എത്തുമ്പോൾ മുമ്പ് ഒരുതവണ വാക്സിൻ എടുത്തവർക്ക് അത് നൽകില്ലെന്നും ഇത്തരക്കാർക്ക് തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്നു. പല നഗരങ്ങളിലും എന്ത് അടിയന്തര സാഹചര്യത്തിലാണ് വാക്സിൻ എടുക്കുന്നത് എന്ന് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നുണ്ട്. വാക്സിൻ കൂടുതൽ പേർക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങൾ പറയുന്നുമുണ്ട്.

യിവു നഗരത്തിൽ ഒരു മണിക്കൂറിനിടെ 500 ഡോസുകൾ വിറ്റഴിക്കപ്പെട്ടെന്നാണ് കണക്ക്. 30 ഡോളറാണ് ഇവിടെ വാക്സിന് ഈടാക്കുന്നത്. ” എനിക്ക് ഏറെ ആശ്വാസം തോന്നുന്നു. ഞാൻ സുരക്ഷിതനാക്കപ്പെട്ടതു പോലെ ” – വാക്സിൻ എടുത്ത ഏഥൻ ഷാങ് പറയുന്നു.

അതേസമയം, ചൈനയിലെ എത്രപേർ ഇതിനകം വാക്സിൻ എടുത്തു കഴിഞ്ഞുവെന്ന് വ്യക്തമല്ല. പരീക്ഷണ ഘട്ടത്തിലുള്ള വാക്സിൻ എടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ അതുസംബന്ധിച്ച ഒരു വിവരവും അവർ പുറത്തുവിട്ടിട്ടില്ലെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ചൈനീസ് ഫാർമ കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ഒരുലക്ഷം പേർക്ക് നൽകിയെന്നാണ് കമ്പനി വെളിപ്പെടുത്തിയത്. 56,000 പേർ വാക്സിൻ എടുത്തശേഷം വിദേശത്തേക്ക് പോയി. അവർക്കൊന്നും കോവിഡ് ബാധിച്ചില്ലെന്നും കമ്പനി പറയുന്നു. ഇവരിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് അവരുടെ അവകാശവാദം.സിനോഫാമിന്റെ ആസ്ഥാനത്തിനു മുന്നിൽ ജനങ്ങൾ ക്യൂനിന്ന് കോവിഡ് വാക്സിൻ എടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here