കൊച്ചി: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകാൻ ഹൈക്കോടതി ഉത്തരവ്. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ചിഹ്നത്തർക്കത്തിൽ പി ജെ ജോസഫ് നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.പി ജെ ജോസഫിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ രണ്ടില ചിഹ്നം ഉപയോഗിക്കുന്നതിൽ താൽക്കാലികമായി സ്‌റ്റേ ചെയ്യുകയും, ഇരുവിഭാഗങ്ങൾക്കും വ്യത്യസ്‌ത ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ‌്തിരുന്നു.

എന്നാൽ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്, ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിയാണ് എന്നാണ്.അതേസമയം, ഹൈക്കോടതിയിലെ കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് ‘ചെണ്ട’യും ജോസ് വിഭാഗത്തിന് ‘ടേബിൾ ഫാനും’ ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്.പാലാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിലാണ് മത്സരിച്ചത്. പാലായിലെ തോൽവിക്ക് ചിഹ്നം ലഭിക്കാത്തത് കാരണമായെന്ന് ജോസ് കെ മാണി പ്രതികരിക്കുകയും ചെയ‌്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here