ന്യൂഡൽഹി: ജമ്മുവിലെ നഗ്രോതയിൽ വൻ ആക്രമണ പദ്ധതിയുമായെത്തിയ ഭീകരവാദികളെ അമർച്ച ചെയ്‌ത സൈന്യത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി. ട്വി‌റ്ററിലൂടെയാണ് പ്രധാനമന്ത്രി തന്റെ അഭിനന്ദനം അറിയിച്ചത്. ‘പാകിസ്ഥാൻ ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദിൽ അംഗമായ നാല് തീവ്രവാദികളെ അമർച്ച ചെയ്യുകയും അവരിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടിച്ചെടുക്കുകയും ചെയ്‌ത സൈന്യത്തിന്റെ നടപടി കാരണം വലിയ ആക്രമണത്തിനുള‌ള പദ്ധതിയാണ് തകർക്കപ്പെട്ടത്.’ പ്രധാനമന്ത്രി ട്വി‌റ്ററിൽ കുറിച്ചു. വ്യാഴാഴ്‌ച നടന്ന ആക്രമണത്തിൽ പതിനൊന്ന് എ.കെ-47 തോക്കുകളും മൂന്ന് പിസ്‌റ്റളുകളും 29 ഗ്രനേഡുകളും പിടിച്ചെടുത്തു.ഇന്ന് പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിംഗ്‌ള എന്നിവരും മുഖ്യ ഇന്റലിജൻസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. നദ്രോത ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.

സൈന്യം വധിച്ച നാല് ഭീകരരും മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനമായ നവംബർ 26ന് ശക്തമായ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു. ‘ജമ്മുകാശ്‌മീരിലെ താഴേത്തട്ടിലുള‌ള ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള‌ള ശ്രമം നമ്മുടെ സുരക്ഷാ സേനകൾ അങ്ങേയ‌റ്റം ധൈര്യത്തോടെയും മികവോടെയും തകർത്തു.’ പ്രധാനമന്ത്രി പറഞ്ഞു. നവംബർ 28 മുതൽ ഡിസംബർ 19 വരെയാണ് കാശ്‌മീരിലെ തദ്ദേശ തിരഞ്ഞെടുപ്പ്. ഇതിനെ തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ വരവ്. എന്നാൽ നഗ്രോതയിലെ ബാൻ ടോൾ പ്ളാസയ്‌ക്ക് സമീപം വച്ച് സൈന്യം ഈ ശ്രമം തകർത്തു. നാല് ഭീകരരെ വധിച്ചു. പിടിയിലായവർ നൽകിയ വിവരമനുസരിച്ചാണ് ആക്രമണ പദ്ധതി അറിയാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here