കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതുസംബന്ധിച്ച സർക്കാരിന്റേയും നടിയുടേയും ഹർജി ഹൈക്കോടതി തളളി. ഉത്തരവിന് ഒരാഴ്‌ച സ്റ്റേ വേണമെന്ന ആവശ്യവും കോടതി തളളി. തിങ്കളാഴ്ച മുതൽ വിചാരണ തുടരണമെന്നാണ് കോടതി തീരുമാനം. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാനാണ് സർക്കാർ തീരുമാനം.ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ വാദം കേൾക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്‌റ്റേ ഏർപ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്നും ഹൈക്കോടതി നിർദേശിച്ചു.വിചാരണ കോടതി പക്ഷപാതപരമായി പെരുമാറിയെന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നും നടി കോടതിയിൽ വ്യക്തമാക്കിയിരുന്നു. വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സർക്കാരും നടിയും ഹൈക്കോടതിയിൽ ഹർജി നൽകിയത്.പ്രതിഭാഗം കോടതി മുറിയിൽ വച്ച് മാനസികമായി പീഡിപ്പിച്ചപ്പോൾ ജഡ്‌ജി ഇടപെട്ടില്ലെന്നും പരസ്യമായി താൻ കോടതിയിൽ പൊട്ടിക്കരഞ്ഞുവെന്നും നടി ഹർജിയിൽ പറഞ്ഞിരുന്നു. പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകർ കോടതിമുറിയിൽ വച്ച് മാനസികമായി തേജോവധം ചെയ്യുന്നുവെന്നാണ് നടി പരാതി നൽകിയത്. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആരോപണവും ഹർജിയിലുണ്ടായിരുന്നു. നടിയുടെ പരാതി പിന്തുണച്ച സർക്കാർ കേസിൽ രഹസ്യവിചാരണയെന്ന നിർദേശം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here