കൊൽക്കത്ത: ചില നേതാക്കൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് പശ്ചിമ ബംഗാളിലേക്ക് വരുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. എന്നാൽ താൻ പശ്ചിമ ബംഗാൾ ജനതയ്‌ക്കൊപ്പം വർഷം മുഴുവൻ ഉണ്ടായിരുന്നുവെന്നും മമത പറഞ്ഞു. കൊൽക്കത്തയിൽ ഒരു ഛത് പൂജ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരായ മമതയുടെ പരോക്ഷ വിമർശനം.

“തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും മാത്രം സംസ്ഥാനത്ത് വരുന്ന ചിലരുണ്ട്. അവർ നീണ്ട പ്രസംഗങ്ങൾ നടത്തുകയും പിന്നീട് തിരികെ പോകുകയും ചെയ്യുന്നു. അവരിൽ നിന്ന് വ്യത്യസ്തമായി, എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾ വർഷം മുഴുവൻ പൊതുജനങ്ങളോടൊപ്പം നിൽക്കുന്നു.” ആഭ്യന്തര മന്ത്രി അമിത്ഷായുടെ പേര് എടുത്തു പറയാതെ മമത പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് പ്രസംഗം നടത്തുന്നതിൽ മാത്രം വിശ്വസിക്കുന്നില്ലെന്നും മമത പറഞ്ഞു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏവരും ഉത്സവ പരിപാടികളിൽ പങ്കെടുക്കണമെന്നും ദുർഗ പൂജ, കാളി പൂജ എന്നീ ഉത്സവങ്ങൾ ആഘോഷിക്കുന്നതിൽ നിന്നും ഭക്തരെ സർക്കാർ തടഞ്ഞിട്ടില്ലെന്നും മമത കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ വിലയിരുത്താൻ അമിത് ഷാ എല്ലാ മാസവും പശ്ചിമ
ബംഗാൾ സന്ദർശിക്കാറുണ്ട്. 2021 ഏപ്രിൽ മേയ് മാസങ്ങളിലാണ് പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക

LEAVE A REPLY

Please enter your comment!
Please enter your name here