വിൽമിങ്‌ടൺ: അമേരിക്കൻ ജനവിധി അട്ടിമറിക്കാൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ശ്രമം തീവ്രമാക്കുന്നതിനിടെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തിയ ജോ ബൈഡൻ രാജ്യത്തെ ഗവർണർമാരുടെ സംഘടനയുടെ ഭാരവാഹികളുമായി വിർച്വൽ ചർച്ച നടത്തി. യോഗത്തിൽ പങ്കെടുത്ത ഒമ്പത്‌ ഗവർണർമാരിൽ അഞ്ച്‌ പേരും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിക്കാരാണ്‌. ട്രംപിന്റെ വാദം തള്ളിയ ഇവരെല്ലാം കോവിഡ്‌ നിയന്ത്രിക്കുന്നതിലടക്കം ബൈഡന്‌ പിന്തുണ ഉറപ്പുനൽകി.

ഭരണമാറ്റം തടയാൻ ട്രംപ്‌ നടത്തുന്ന നീക്കങ്ങൾ കോവിഡടക്കം അമേരിക്ക നേരിടുന്ന പ്രധാന ഭീഷണികൾ പരിഹരിക്കുന്നതിന്‌ തടസ്സമാണെന്ന്‌ ബൈഡൻ വ്യക്തമാക്കി. അമേരിക്കയുടെ അടുത്ത വൈസ്‌ പ്രസിഡന്റാകുന്ന കമല ഹാരിസും പങ്കെടുത്തു. വ്യാപകമായി വോട്ടർ തട്ടിപ്പ്‌ നടന്നു എന്ന ട്രംപിന്റെ വാദം അപകടകരവും അപമാനകരവുമാണെന്ന്‌ മേരിലാൻഡിലെ റിപ്പബ്ലിക്കൻ ഗവർണർ ലാറി ഹോഗൻ കഴിഞ്ഞദിവസം അസോസിയറ്റഡ്‌ പ്രസിനോട്‌ പറഞ്ഞിരുന്നു. യോഗത്തിൽ പങ്കെടുത്തവരിൽ ഒരാളാണ്‌ ഹോഗൻ.

ഇതിനിടെ ജോർജിയ സംസ്ഥാനത്തെ 50 ലക്ഷത്തോളം ബാലറ്റുകൾ കൈകൊണ്ട്‌ എണ്ണി പൂർത്തിയാക്കിയപ്പോൾ 12284 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ ബൈഡന്റെ വിജയം സ്ഥിരീകരിച്ചു. ഇവിടെ നിന്നുള്ള 16 പേർ കൂടിയായപ്പോൾ ബൈഡന് 306 ഇലക്‌ടർമാരുടെ പിന്തുണയായി. പ്രസിഡന്റാകാൻ 270 പേരുടെ പിന്തുണയാണ്‌ വേണ്ടത്‌. ട്രംപിന്‌ 232 പേരാണുള്ളത്‌.
ബിൽ ക്ലിന്റൺ 1992ൽ വിജയിച്ചശേഷം ജോർജിയയിൽ ഭൂരിപക്ഷം നേടുന്ന ആദ്യ ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയാണ്‌ ബൈഡൻ. ഇവിടത്തെ ഫലം ട്രംപ്‌ അംഗീകരിച്ചിട്ടില്ല. വിസ്‌കോൺസിനിലെ രണ്ട്‌ കൗണ്ടിയിലെ എട്ടുലക്ഷം വോട്ട്‌ വീണ്ടും എണ്ണണമെന്ന ട്രംപിന്റെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗീകരിച്ചിട്ടുണ്ട്‌. ട്രംപ്‌ 30 ലക്ഷം ഡോളർ അടച്ചതിനെ തുടർന്നാണ്‌ തീരുമാനം. മിഷിഗനിൽ ബൈഡന്റെ വിജയം അംഗീകരിക്കാതിരിക്കാൻ ട്രംപ്‌ വെള്ളിയാഴ്‌ച സംസ്ഥാന സെനറ്റിലെയും പ്രതിനിധിസഭയിലെയും റിപ്പബ്ലിക്കൻ നേതാക്കളെ വിളിപ്പിച്ചിട്ടുണ്ട്‌.

തെരഞ്ഞെടുപ്പ്‌ സാങ്കേതികവിദ്യാ കമ്പനിയായ ഡൊമീനിയൻ വോട്ടിങ് സിസ്‌റ്റംസ്‌ ഉപയോഗിച്ച സോഫ്‌റ്റ്‌വെയർ ട്രംപിന്റെ വോട്ടുകൾ ബൈഡനിലേക്ക്‌ പോകുന്ന തരത്തിൽ തയ്യാറാക്കിയതാണെന്ന്‌ റിപ്പബ്ലിക്കൻ അഭിഭാഷകസംഘത്തിലെ സിഡ്‌നി പവൽ ആരോപിച്ചു.

അന്തരിച്ച വെനസ്വേല പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ നിർദേശപ്രകാരം മുമ്പ്‌ അദ്ദേഹത്തിന്‌ അനുകൂലമായി നിർമിച്ച വോട്ടിങ് യന്ത്രങ്ങളാണ്‌ ഉപയോഗിച്ചതെന്നും കമ്പനിക്ക്‌ ക്ലിന്റൻ ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും അവർ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here