ചെന്നൈ: പുതുച്ചേരി വിളിയന്നൂരിൽ സിം കാര്‍ഡ് മൊത്ത വില്‍പനക്കാരനായ വിജയകുമാറിന്റെ ആത്മഹത്യയാണ് ദേശീയ തലത്തിൽത്തന്നെ ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. ആന്ധ്രപ്രദേശും തെലങ്കാനയുമാണ് ഓൺലൈൻ ചൂതാട്ടം നിയമം മൂലം നിരോധിക്കാൻ മുൻകൈയെടുത്ത സംസ്ഥാനങ്ങൾ. തമിഴ്നാട്ടില്‍ ലോക്ഡൗൺ കാലത്ത് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായവരുടെ ആത്മഹത്യ പതിവായതോടെ ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാക്കാൻ സംസ്ഥാന സർക്കാരും തീരുമാനിക്കുകയായിരുന്നു.

ഓൺലൈൻ ചൂതാട്ടം നിരോധിച്ചു കൊണ്ടുള്ള ബില്ലിൽ കഴിഞ്ഞ ദിവസം ഗവർണർ ബെൻവാരി ലാൽ പുരോഹിത് ഒപ്പിട്ടതോടെ ഓൺലൈൻ റമ്മിയോ മറ്റു ചൂതാട്ടങ്ങളോ നടത്തിയാൽ 5000 രൂപ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കും. ഇത്തരം സൈറ്റുകളുടെ നടത്തിപ്പുകാർക്ക് 10,000 രൂപ പിഴയും രണ്ടു വർഷം തടവും ആണ് ശിക്ഷ. എന്തുകൊണ്ട് ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൂടാ എന്ന് നേരത്തേ ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടമായതിനെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 17 പേർ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്.

1930 ലെ ചൂതാട്ട നിയമത്തില്‍ ഭേദഗതി വരുത്തിയാണ് തമിഴ്നാട് സർക്കാർ ഓര്‍ഡിനന്‍സ് ഇറക്കിയത്. എല്ലാ തരം ചൂതാട്ടത്തെയും വിലക്കുന്ന തെലങ്കാന ഗെയിമിങ് ആക്റ്റ് (ഭേദഗതി നിയമം, 2017) പ്രകാരമാണ് തെലങ്കാനയിലെ നിരോധനം. ഇതിന്റെ ചുവടുപിടിച്ചായിരുന്നു തമിഴ്നാട്ടിലെയും നിരോധനം. ഇതോടെ, ഓൺലൈൻ ചൂതാട്ടം ലക്ഷ്യമിട്ട് പേടിഎം, ക്യാഷ്ഫ്രീ തുടങ്ങിയ പേയ്മെന്റ് ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോമുകൾ വഴി നടത്തുന്ന പണമിടപാടുകളും ബെറ്റിങ്ങും നിയമവിരുദ്ധമാകും.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു രാജ്യത്തെ നടുക്കിയ ആത്മഹത്യ. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ 30 ലക്ഷം രൂപ നഷ്ടമായതിനെ തുടർന്നാണ് പുതുകുപ്പം റോഡിലെ തടാകത്തിനു സമീപം തലയില്‍ പെട്രോളൊഴിച്ചു തീകൊളുത്തി വിജയകുമാർ ജീവനൊടുക്കിയത്. അതിനു കാരണമായ ഓണ്‍ലൈന്‍ റമ്മി നിരോധിക്കാന്‍ പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ട് ആത്മഹത്യക്കുറിപ്പും എഴുതിയിരുന്നു.

അവസാന സന്ദേശത്തിൽ ഭാര്യയോട് മാപ്പു ചോദിക്കുന്നുണ്ട് വിജയകുമാർ. ലോക്ഡൗൺ കാരണം വീട്ടിലിരിന്ന സമയത്തു തുടങ്ങിയ കളിയാണ് എട്ടുമാസത്തിനുള്ളില്‍ യുവാവിന്റെ ജീവനെടുത്തത്. ‘ഭാര്യയും രണ്ടു മക്കളുമൊന്നിച്ചു നല്ല നിലയില്‍ ജീവിച്ചു വരുന്നതിനിടെയാണ് ഇടിത്തീയായി കോവിഡും ലോക്ഡൗണുമെത്തിയത്. കച്ചവടം നിലച്ചു. വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കുന്നതിന്റെ മടുപ്പ് അകറ്റാനാണ് ഓണ്‍ലൈന്‍ റമ്മി കളിച്ചുതുടങ്ങിയത്. തുടക്കത്തില്‍ പണം കിട്ടിയതോടെ ലഹരിമരുന്നു പോലെ അടിമയായി’– വിജയകുമാര്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

കളി ആവേശമായതോടെ ബിസിനസിലൂടെ നേടിയ സമ്പാദ്യങ്ങള്‍ നഷ്ടമായി. പോയതെല്ലാം തിരികെ പിടിക്കാന്‍ സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങി പിന്നെയും കളിച്ചു. 30 ലക്ഷം രൂപയാണ് ഇങ്ങനെ നഷ്ടമായത്. കടം നല്‍കിയവര്‍ വീട്ടിലെത്തി സമ്മര്‍ദം തുടങ്ങിയതോടെ വിജയകുമാറിനു മുന്നില്‍ മറ്റു വഴികളില്ലാതായി.

എതാനും ദിവസങ്ങൾക്കു മുൻപും തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ടം മൂലം ആത്മഹത്യയുണ്ടായി. കോയമ്പത്തൂരിലെ ഒരു സ്വകാര്യ ബാങ്കിൽ ഓഫിസ് അസിസ്റ്റന്റായ സീരനായ്ക്കൻപാളയം സ്വദേശി മദൻകുമാർ (28) ആണ് ജീവനൊടുക്കിയത്. അവിവാഹിതനായ മദൻകുമാർ മദ്യത്തിനും അടിമയായിരുന്നു. ഈ മാസം ആദ്യമായിരുന്നു ആത്മഹത്യ. നിർമാണത്തൊഴിലാളിയായ അച്ഛൻ എസ്.രവിക്കും അമ്മ മനോമണിക്കും ഒപ്പം ആറുമാസം മുൻപ് മദൻകുമാർ സമിച്ചെട്ടിപാളയത്തെ ഒരു വാടക വീട്ടിലേക്ക് മാറിയിരുന്നു.

പലരിൽനിന്നും ഇയാൾ കടം വാങ്ങിയിരുന്നെന്നും തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മദ്യവും ലഹരിമരുന്നും പോലെ യുവാക്കളെ നശിപ്പിക്കുന്ന സാമൂഹിക വിപത്തായതിനാലാണ് ഓൺലൈൻ ചൂതാട്ടം നിയമം മൂലം നിരോധിക്കുന്നതെന്നായിരുന്നു തമിഴ്നാട് സർക്കാർ നൽകിയ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here