ബാംബൊലിം: മുന്നൊരുക്കങ്ങൾ കൃത്യമായില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഐഎസ്‌എൽ പുതിയ സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം. തെളിയാൻ ഏറെയുണ്ടെന്ന്‌ വ്യക്തം. എങ്കിലും പന്തിന്മേലുള്ള നിയന്ത്രണത്തിലും പ്രതിരോധത്തിലെ സംഘാടനത്തിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ നിര പ്രതീക്ഷ നൽകുന്നു. പക്ഷേ, നിരാശപ്പെടുത്തിയത്‌ മുന്നേറ്റത്തിലെയും മധ്യനിരയിലെയും മോശം പ്രകടനമാണ്‌. ഗോളിലേക്കുള്ള വഴിയും നീക്കവും തെളിഞ്ഞില്ല.

കിബു വികുനയെന്ന പരിശീലകനുകീഴിലുള്ള ആദ്യകളിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‌. മോഹൻ ബഗാനെ കഴിഞ്ഞ സീസണിൽ ഐ ലീഗ്‌ കിരീടത്തിലേക്കു നയിച്ച പരിശീലകൻ. ആക്രമണമായിരുന്നു വികുനയുടെ മുഖമുദ്ര. ആ ശൈലിതന്നെയാണ്‌ എടികെ മോഹൻ ബഗാനെതിരെ വികുന പരീക്ഷിച്ചത്‌. പക്ഷേ, അത്‌ ഫലംകണ്ടില്ല.

മുന്നേറ്റത്തിൽ ഗാരി ഹൂപ്പറും തൊട്ടുപിന്നിൽ സഹൽ അബ്‌ദുൾ സമദുമായിരുന്നു വികുനയുടെ ടീമിൽ. സെർജിയോ സിഡോഞ്ച–-വിസെന്റ്‌ ഗോമെസ്‌ സഖ്യം മധ്യനിരയിലും. പക്ഷേ, ഈ രണ്ട്‌ വിഭാഗവും മങ്ങി. ഹൂപ്പർ ഒറ്റപ്പെട്ടു. സഹലിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായി ഈ കളി മാറുകയും ചെയ്‌തു. വികുനയുടെ പദ്ധതികളിൽ നിർണായക സ്ഥാനമുള്ള കളിക്കാരനാണ്‌ സഹൽ. ആദ്യകളിയിലെ സമ്മർദം സഹലിനെ ബാധിച്ചിരുന്നു.

പ്രതിരോധത്തിൽ ബകാറി കോനെ–-കോസ്‌റ്റ ന്യമോയിൻസു ആദ്യകളിയിൽത്തന്നെ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു. കളിയിലെ ബ്ലാസ്‌റ്റേഴ്‌സിന്‌ സംതൃപ്‌തി നൽകിയ കാര്യവും ഇതാണ്‌.26ന്‌ നോർത്ത്‌ ഈസ്‌റ്റുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. പിഴവുകൾ തിരുത്താനും ആത്മവിശ്വാസം വീണ്ടെടുക്കാനുമുള്ള അവസരം.

LEAVE A REPLY

Please enter your comment!
Please enter your name here