വാഷിങ്‌ടൺ: അമേരിക്കയിൽ ഭരണമാറ്റം ഉണ്ടായാൽ നിയമപരമായി ചെയ്യേണ്ടത്‌ ട്രംപ്‌ സർക്കാർ ചെയ്‌തിട്ടുണ്ടെന്ന്‌ വൈറ്റ്‌ഹൗസ്‌. നവംബർ മൂന്നിന്‌ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ വിജയി ആരെന്ന്‌ തീരുമാനിക്കാൻ ഭരണഘടനാപരമായ പ്രക്രിയ നടന്നുവരികയാണെന്നും വൈറ്റ്‌ഹൗസ്‌ വക്താവ്‌ കെയ്‌ലീ മകിനാനി പറഞ്ഞു.

പ്രസിഡന്റ്‌ ട്രംപിന്റെ നിലപാട്‌ വ്യക്തമാണെന്നും നിയമപരമായ മുഴുവൻ വോട്ടും എണ്ണണം എന്നാണ്‌ അദ്ദേഹം ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ, വോട്ടർ തട്ടിപ്പ്‌ സംബന്ധിച്ച്‌ വളരെ യഥാർഥമായ അവകാശവാദങ്ങളുണ്ടെന്നും മകിനേനി അവകാശപ്പെട്ടു.

അതേസമയം, ട്രംപ്‌ പരാജയം സമ്മതിക്കുന്നില്ലെങ്കിലും ബൈഡൻ അധികാരമേൽക്കേണ്ട ജനുവരി 20ന്‌ പ്രസിഡന്റിന്റെ ട്വിറ്റർ അക്കൗണ്ടായ പോട്ടസ്‌ (പ്രസിഡന്റ്‌ ഓഫ്‌ ദി യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ എന്നതിന്റെ ചുരുക്കം) ബൈഡന്‌ നൽകുമെന്ന്‌ ട്വിറ്റർ വ്യക്തമാക്കി. അതുവരെ അക്കൗണ്ടിലുള്ള ട്വീറ്റുകൾ ശേഖരത്തിലേക്ക്‌ നീക്കി അക്കൗണ്ട്‌ കാലിയായി റീസെറ്റ്‌ ചെയ്‌തായിരിക്കും നൽകുക.

ട്രംപ്‌ തോൽവി സമ്മതിക്കാത്തതും നിലവിലെ സർക്കാർ പരിവർത്തനത്തിന്‌ നടപടി സ്വീകരിക്കാത്തതും ബൈഡന്‌ ഒരുക്കങ്ങൾക്ക്‌ പ്രതിബന്ധമായിട്ടുണ്ട്‌. എങ്കിലും തന്റെ മന്ത്രിമാരെ ബൈഡൻ വൈകാതെ പ്രഖ്യാപിക്കും എന്നാണ്‌ റിപ്പോർട്ട്‌. ധനമന്ത്രിയെ (ട്രഷറി സെക്രട്ടറി) തീരുമാനിച്ചതായി ബൈഡൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അടുത്തയാഴ്‌ചത്തെ കൃതജ്ഞതാദിന അവധിക്കുമുമ്പ്‌ അതും വിദേശമന്ത്രിയെയും(സ്‌റ്റേറ്റ്‌ സെക്രട്ടറി) പ്രഖ്യാപിച്ചേക്കും. ആദ്യമായി തദ്ദേശ വംശജരിൽനിന്നടക്കം മന്ത്രി വേണമെന്ന്‌ ആവശ്യമുയർന്നിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here