ബീജിംഗ്: ഭൂമിയിലെ ഏറ്റവും ആഴമേറിയ കടൽഭാഗമായ മരിയാന ട്രഞ്ചിനടിയിലേയ്ക്ക് മനുഷ്യരെ എത്തിച്ച് ചൈന. ഗവേഷണത്തിനായി തയ്യാറാക്കിയ പ്രത്യേക പേടകമായ ഫെൻഡൗസെ കടലിന്റെ അടിത്തട്ടിലെത്തുന്നതിന്റെ വീഡിയോ ചൈന കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. മൂന്ന് ഗവേഷകർ പേടകത്തിനുള്ളിൽ ഉണ്ടായിരുന്നെന്നാണ് വിവരം. കഠിനാധ്വാനി എന്നാണ് ഫെൻഡൗസെ എന്ന വാക്കിനർത്ഥം.വെള്ളയും പച്ചയും നിറത്തിലുള്ള അന്തർവാഹിനി പ്രകാശം പോലും എത്താത്ത പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്.റോബോട്ടിക് കൈകളും സോണാർ കണ്ണുകളുമുള്ള പേടകത്തിന്റെ ലക്ഷ്യം കടലിന്റെ അടിത്തട്ടിലെ പര്യവേഷണമാണ്.

കടലിനടിയിൽ നിന്ന് ബയോളജിക്കൽ സാമ്പിളുകൾ ശേഖരിക്കാനായാണ് പേടകത്തിലെ റോബോട്ടിക് കൈകൾ. ചുറ്റുമുള്ള വസ്തുക്കളെ കാണാനും തിരിച്ചറിയാനുമായാണ് പേടകത്തിന് ചുറ്റും സോണാറുകൾ ഘടിപ്പിച്ചിട്ടുള്ളത്. പേടകത്തിന്റെ ശേഷി പരിശോധിക്കാനായാണ് നിരന്തരമായി പരീക്ഷണങ്ങൾ നടത്തുന്നത്.കടലിന്റെ അടിത്തട്ടിലുള്ള വിവിധ ജീവികളെയും മറ്റും കണ്ടെത്തിയതായി ചൈനീസ് അക്കാദമി ഒഫ് സയൻസിലെ ഗവേഷകർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പഠനത്തിനായി ഇവയുടെ സാമ്പിളുകൾ ശേഖരിക്കുമെന്നും പരീക്ഷണം വിജയമാകുന്നതിനു മുൻപ് രണ്ട് ട്രയലുകൾ നടത്തേണ്ടി വന്നതായും ഗവേഷകർ കൂട്ടിച്ചേർത്തു.ഈ മാസം ആദ്യം 10,909 മീറ്റർ വരെ ആഴത്തിലെത്താൻ ഫെൻഡോസെ പേടകത്തിന് കഴിഞ്ഞിരുന്നു. 2019ൽ അമേരിക്കൻ പര്യവേഷകർ സൃഷ്ടിച്ച 10,927 മീറ്ററാണ് ലോകറെക്കോഡ്.

LEAVE A REPLY

Please enter your comment!
Please enter your name here