പാകിസ്ഥാന്‍ മന്ത്രി ഷിറീന്‍ മസാരി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ നടത്തിയ വിവാദ പരാമര്‍ശം തിരുത്തണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സ്. ഷിറീന്‍ മസാരി നടത്തിയ പരാമര്‍ശം നിന്ദ്യവും ലജ്ജാകരവുമാണെന്നും വിമര്‍ശിച്ച ഫ്രാന്‍സ് പരാമര്‍ശം പിന്‍വലിച്ച് പരസ്പര ബഹുമാനത്തില്‍ ഊന്നിയുള്ള ചര്‍ച്ചയ്ക്ക് തയാറാകണമെന്നും പാകിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.

ശനിയാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ പാകിസ്ഥാന്‍ മന്ത്രി ഷിറീന്‍ മസാരി വിവാദ പരാമര്‍ശം നടത്തിയത്. നാസികള്‍ ജൂതന്മാരോട് പെരുമാറിയതുപോലെയാണ് മക്രോണ്‍ മുസ്‌ലിം വിഭാഗക്കാരോട് പെരുമാറുന്നതെന്നായിരുന്നു ഷിറീന്‍ മസാരിയുടെ പരാമര്‍ശം. തിരിച്ചറിയാന്‍ യഹൂദന്മാര്‍ അവരുടെ വസ്ത്രത്തില്‍ മഞ്ഞ നക്ഷത്രം ധരിക്കാന്‍ നിര്‍ബന്ധിതരായതുപോലെ മുസ്ലീം കുട്ടികള്‍ക്ക് ഭാവിയില്‍ ഐഡി നമ്പര്‍ ലഭിച്ചേക്കും എന്നാല്‍ മറ്റ് കുട്ടികള്‍ക്ക് അത് വേണ്ടി വരില്ലെന്നും ഷിറീന്‍ മസാരി ട്വീറ്റ് ചെയ്തിരുന്നു. പരാമര്‍ശം വിവാദമായതോടെ മസാരി ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

അതേസമയം പാകിസ്ഥാന്‍ മന്ത്രി സോഷ്യല്‍മീഡിയയിലൂടെ നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്ന് ഫ്രഞ്ച് പ്രതികരിച്ചു. പ്രസ്താവന രാജ്യത്തേയും പ്രസിഡന്റിനേയും അപമാനിക്കുന്നതാണെന്നും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്നതാണെന്നും ഫ്രാന്‍സ് വിമര്‍ശിച്ചു. ഇത്തരം പ്രസ്താവനകള്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്നുമുണ്ടാകുന്നത് അപമാനകരമാണെന്നും ഫ്രാന്‍സ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here