ന്യൂഡൽഹി:കൊവിഡ് കെെകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വീഴ്‌ച പറ്റിയെന്ന് ആരോപിച്ച് നിരന്തരമായി ഭരണകൂടത്തിനെതിരെ ആക്രമണം നടത്തിയിരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ വാക്‌സിൻ വിതരണം സംബന്ധിച്ച പുതിയ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

കൊവിഡ് വാക്‌സിൻ പി.എം കെയർ പദ്ധതിയിലൂടെ ജനങ്ങൾക്ക് സൗജന്യമായി നൽകുമോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു.ഇന്ത്യാ ഗവൺമെന്റ് ഏത് നിർമാണ കമ്പനിയുടെ വാ‌ക്‌സിൻ സ്വീകരിക്കുമെന്നും മുഴുവൻ ഇന്ത്യൻ പൗരന്മാർക്കും വാ‌ക്‌സിൻ എന്നത്തേക്ക് നൽകുമെന്നും അദ്ദേഹം ചോദിച്ചു. തന്റെ ചോദ്യങ്ങൾക്ക് മോദി മറുപടി നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് രാഹുൽ ഇക്കാര്യം ആവശ്യപ്പെട്ടത്.

രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്താൻ ഒരുങ്ങുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. നീതി ആയോഗിന്റെ ഭാഗമായി അടുത്തിടെ സംഘടിപ്പിച്ച പരിപാടിയിൽ വാക്‌സിൻ അടിയന്തര സാഹചര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അംഗീകാരം, മുൻകൂർ സംഭരണം,വാക്സിനുകളുടെ വിലനിർണ്ണയം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here