കൊച്ചി: കൊച്ചിയിൽ നിന്ന് 444 കിലോമീറ്റർ പിന്നിട്ട് മംഗലാപുരത്തെ മാംഗ്ളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിൽ (എം.സി.എഫ് ) എത്തിയ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽ.എൻ.ജി) പരീക്ഷണ ഉപയോഗം വിജയം. അഞ്ചുദിവസത്തിന് ശേഷം വളം നിർമ്മാണശാല പൂർണമായും എൽ.എൻ.ജിയിലാകും.കേരളത്തിന് പ്രതിവർഷം ആയിരം കോടി രൂപ വരെ വരുമാനം ലഭിക്കുന്ന പൈപ്പ്ലൈൻ പദ്ധതിയാണ് സഫലമായത്. എറണാകുളം പുതുവൈപ്പിലെ പെട്രോനെറ്റ് എൽ.എൻ.ജി ടെർമിനലിൽ ആരംഭിച്ച് തൃശൂർ – പാലക്കാട് ജില്ലാതിർത്തിയിലെ കൂറ്റനാട് നിന്ന് വടക്കൻ ജില്ലകളിലൂടെയാണ് കൊച്ചി – മംഗലാപുരം പൈപ്പ്‌ലൈൻ സ്ഥാപിച്ചത്. വൻകിട വളം നിമ്മാണശാലയായ എം.സി.എഫിന്റെ മംഗലാപുരം ആർക്കുളയിലെ പ്ളാന്റിൽ അവസാനിക്കും.കണ്ണൂരിലെ കുറുമാത്തൂർ വരെ നേരത്തേ എത്തിയ എൽ.എൻ.ജി ഞായറാഴ്ച രാത്രിയാണ് മംഗലാപുരത്തേക്ക് പ്രവഹിപ്പിച്ചത്. ഇന്നലെ രാവിലെ എം.സി.എഫിലേക്കുള്ള വാൽവ് തുറന്നു നൽകിയെന്ന് പൈപ്പ്ലൈൻ സ്ഥാപിച്ച ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയിൽ) ജനറൽ മാനേജർ ടോമി മാത്യു പറഞ്ഞു.ഇന്നലെ മുതൽ അഞ്ചു ദിവസം എം.സി.എഫിന്റെ ബോയിലറുകൾ, പവർ പ്ളാന്റ് എന്നിവ എൽ.എൻ.ജിയിൽ പ്രവർത്തിക്കും. ആറാം ദിവസം വളം നിർമ്മാണ യൂണിറ്റുകളും എൽ.എൻ.ജിയിലാകും.

72,000 ക്യുബിക് മീറ്റർ വാതകമാണ് സ്വീകരിക്കുന്നത്. ആറാം ദിവസം ഒരു ലക്ഷം ക്യുബിക് മീറ്ററാക്കും. പിന്നീട് പത്തു ലക്ഷം ക്യുബിക് മീറ്റർ വരെയാക്കും.നാഫ്തയിൽ നിന്ന് പുതിയ ഇന്ധനത്തിലേക്ക് മാറുമ്പോൾ ചെലവ് 40 ശതമാനം വരെ കുറയും. 305 കോടി രൂപ ചെലവഴിച്ചാണ് എൽ.എൻ.ജി സാങ്കേതികവിദ്യയിലേക്ക് മാറാനുള്ള സൗകര്യം എം.സി.എഫ് ഒരുക്കിയത്.മംഗലാപുരത്തെ ഒ.എം.പി.എൽ., എം.ആർ.പി.എൽ എന്നീ കമ്പനികൾക്കും ആഴ്ചകൾക്കകം എൽ.എൻ.ജി ലഭ്യമാക്കും. മംഗലാപുരത്ത് വീടുകൾക്കും വാഹനങ്ങൾക്കും പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും ഗെയിലാണ് നടപ്പാക്കുക.പെട്രോനെറ്റിൽ നിന്നുള്ള എൽ.എൻ.ജിയുടെ ആദ്യ ഉപഭോക്താവ് കേന്ദ്രവളം നിർമ്മാണശാലയായ ഫാക്ടാണ്.കർണാടകത്തിൽ ബണ്ഡ്വാൾ, മംഗളൂരു താലൂക്കുകളിൽ വ്യവസായ മേഖലയിലൂടെയാണ് പൈപ്പ്‌ലൈൻ കടന്നുപോകുന്നത്. മംഗലാപുരത്തെ വൻകിട, ഇടത്തരം, ചെറുകട വ്യവസായങ്ങൾ എൽ.എൻ.ജിയിലേക്ക് മാറാൻ ഒരുക്കങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.

പൈപ്പ്‌ലൈൻ
പ്രതിദിന ശേഷി : 160 ലക്ഷം ക്യുബിക് മീറ്റർ
നിലവിൽ നൽകുന്നത് : 38 ലക്ഷം ക്യുബിക് മീറ്റർ
മംഗലാപുരത്തേക്ക് : 20 ലക്ഷം ക്യുബിക് മീറ്റർ
സിറ്റി ഗ്യാസ് നടപ്പാക്കുമ്പോൾ : 160 ലക്ഷം ക്യുബിക് മീറ്റർ

കേരളത്തിന് നികുതി വരുമാനം
നിലവിൽ ലഭിക്കുന്നത് : ₹300 കോടി
മംഗലാപുരത്ത് ഉപയോഗിക്കുമ്പോൾ : ₹400 കോടി
പൂർണമാകുമ്പോൾ : ₹700 – ₹1000 കോടി

LEAVE A REPLY

Please enter your comment!
Please enter your name here