ആയുധ പെര്‍മിറ്റിന് പകരമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത ആപ്പിള്‍ ഗ്ലോബല്‍ ഹെഡിനെതിരെ കേസ്. ആപ്പിള്‍ ജീവനക്കാര്‍ക്ക് ആയുധ പെര്‍മിറ്റ് അനുവദിക്കുന്നതിന് പകരമായി 200 ഐപാഡുകള്‍ കാലിഫോര്‍ണിയ കൗണ്ടി ഷെരീഫിന്റെ ഓഫീസിന് കമ്പനി ഓഫര്‍ ചെയ്തതിനാണ് ആപ്പിളിന്റെ ആഗോള സുരക്ഷാ മേധാവിക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്.

ആപ്പിളിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ തോമസ് മോയറിനെ(50)തിരെയാണ് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം ആയുധങ്ങള്‍ സൂക്ഷിക്കുന്നതിന് പെര്‍മിറ്റ് ആവശ്യമാണെന്നും അത് അനുവദിക്കുന്നതിനുള്ള ചുമതല കൗണ്ടി ഷെരീഫുകള്‍ക്കാണെന്നും മോയറിന്റെ അഭിഭാഷകന്‍ എഡ് സ്വാന്‍സണ്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സ്വാഭാവികമായ രീതിയില്‍ ആരും ചെയ്യുന്നതുപോലെ തന്നെ ആയുധ പെര്‍മിറ്റിനായി ശ്രമിക്കുക മാത്രമാണ് കമ്പനി ചെയ്തതെന്നും എഡ് സ്വാന്‍സണ്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐപാഡുകള്‍ ഓഫര്‍ ചെയ്ത സംഭവത്തിന് ആയുധ പെര്‍മിറ്റുമായി ബന്ധമില്ലെന്നും സ്വാന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

കമ്പനി തൊഴിലാളികളുടെ സംരക്ഷണത്തിനായി ആപ്പിള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആയുധ പെര്‍മിറ്റ് മോയര്‍ തേടുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ ആപ്പിള്‍ അധികൃതര്‍ അന്വേഷണം നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here