ടെക്‌സാസില്‍ ഒരു വീടിനു മുന്‍പില്‍ രണ്ട് പുരുഷന്മാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരേ സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ കലഹത്തെത്തുടര്‍ന്നാണ് യുവാക്കള്‍ പര്‌സപരം ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ടെക്‌സാസിലെ കാറ്റിയില്‍ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം.

സമീപവാസികളിലൊരാള്‍ വിളിച്ചറിയിച്ചതനുസരിച്ച സ്ഥലത്തെത്തിയ പോലീസ് കാണുന്നത് വീടിനു മുന്‍പില്‍ രണ്ട് യുവാക്കള്‍ മരിച്ചു കിടക്കുന്നതാണ്. ഇരുപതിനു മുകളില്‍ പ്രായം തോന്നുന്ന യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് ഹാരിസ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് വക്താവ് ജേസണ്‍ സ്‌പെന്‍സര്‍് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒരേ സ്ത്രീയുമായി രണ്ട് യുവാക്കള്‍ക്കും ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഏഴ് മണിയോടെ സ്ത്രീയുടെ വീട്ടിലെത്തിയ യുവാക്കളിലൊരാള്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സംഭവ സമയം വീട്ടിലുണ്ടായിരുന്ന രണ്ടാമത്തെ യുവാവിനെ വെടിവെക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം ഇയാള്‍ സ്വയം നിറയൊഴിച്ച് മരിക്കുകയുമാണ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് ജേസണ്‍ സ്‌പെന്‍സര്‍് പറഞ്ഞു.

സംഭവ സമയം കൂടുതല്‍ പേര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ കൊലപാതകത്തിന് സാക്ഷ്യം വഹിച്ചുവെന്നുമാണ് കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷികളെ ചോദ്യം ചെയ്യുകയും സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കും ഉപദ്രവമോ ഭീഷണിയോ ഉണ്ടായതായി സൂചനയില്ലെന്നും സ്‌പെന്‍സര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here