ഷാർജ: 1896ൽ സ്ഥാപനം ആരംഭിച്ചതിനുശേഷം ഇൻറർനാഷനൽ പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഐ.പി‌.എ) പ്രസിഡൻറായി അറബ് ലോകത്തുനിന്ന് നിയമിതയാകുന്ന ആദ്യ വനിതയായി ശൈഖ ബുദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി. സൂം പ്ലാറ്റ്ഫോം വഴി നടന്ന ഐ.പി‌.എ ജനറൽ അസംബ്ലി കോൺഗ്രസിൽ (ജി‌.എ.സി) ആണ് തീരുമാനം പ്രഖ്യാപിച്ചത്.അർജൻറീനയുടെ അന മരിയ ചബനെല്ലസിനുശേഷം ഈ സ്ഥാനത്തേക്കെത്തുന്ന വനിതയുമാണ് ശൈഖ ബുദൂർ. 2021 ജനുവരിയിൽ അവർ ഔദ്യോഗികമായി ചുമതലയേൽക്കും. 2018ലെ ഐ.പി‌.എ പൊതുസഭയിൽ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് വൈസ് പ്രസിഡൻറായി ശൈഖ ബുദൂർ സേവനമനുഷ്ഠിക്കുന്നു.

ശൈഖ ബുദൂറി​െൻറ നിരന്തരമായ ശ്രമങ്ങൾ ഷാർജയെ 2019ൽ യുനെസ്കോ വേൾഡ് ബുക്ക് ക്യാപിറ്റൽ ആയി തിരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2007ൽ അവർ കലിമാത് ഗ്രൂപ് (കെ.ജി) സ്ഥാപിച്ചു. ഇന്ന് അത്​ അറബി കുട്ടികളുടെ പ്രസിദ്ധീകരണ മേഖലയിലെ മുൻ‌നിരയിലാണ്.

ദേശീയ, പ്രാദേശിക പ്രസാധക അസോസിയേഷനുകളുടെ ലോകത്തിലെ ഏറ്റവും വലിയ ഫെഡറേഷനുകളിലൊന്നാണ് ഇൻറർനാഷനൽ പബ്ലിഷേഴ്‌സ് അസോസിയേഷൻ. 1896ൽ പാരിസിൽ സ്ഥാപിതമായ ഐ.പി‌.എ സ്വിറ്റ്‌സർലൻഡിലെ ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്നു. ലോകമെമ്പാടുമുള്ള 69 രാജ്യങ്ങളിൽ നിന്നുള്ള 83 ലധികം സംഘടനകൾ അംഗങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here