ഫത്തോർദ: കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെതിരെ. ഐഎസ്‌എലിൽ ആദ്യ ജയമാണ്‌ കിബു വികുനയുടെ സംഘത്തിന്റെയും ലക്ഷ്യം. ആദ്യ കളിയിൽ എടികെ മോഹൻ ബഗാനോട്‌ ഒരു ഗോളിന്‌ തോറ്റതിന്റെ നിരാശയുണ്ട്‌ ബ്ലാസ്‌റ്റേഴ്‌സിന്‌. പന്തിൻമേൽ നിയന്ത്രണമുണ്ടായിട്ടും ഗോൾ നേടാനാകാത്തത്‌ നിരാശയായി.

മുന്നേറ്റത്തിലെ ആലസ്യമാണ്‌ വികുനയെ അലട്ടുന്നത്‌. ആദ്യ മത്സരത്തിൽ ഗാരി ഹൂപ്പർക്ക്‌ ചലനമുണ്ടാക്കാനായില്ല. യുവതാരം റിത്വിക്‌ ദാസും നിരാശപ്പെടുത്തി. സഹൽ അബ്‌ദുൾ സമദും നിറംകെട്ടതോടെ ആക്രമണങ്ങൾക്കൊന്നും മൂർച്ചയുണ്ടായില്ല.

മധ്യനിരയിലെ ആസൂത്രകനായി കരുതപ്പെടുന്ന സെർജിയോ സിഡോഞ്ചയ്‌ക്ക്‌ സ്വതന്ത്രമായി കളിക്കാനായില്ല. ഇന്ന്‌ നോർത്ത്‌ ഈസ്‌റ്റിനെതിരെ സിഡോഞ്ചയുടെ പ്രകടനം നിർണായകമാകും. മുന്നേറ്റത്തിലേക്ക്‌ കൃത്യമായി പന്തൊഴുക്കാൻ സിഡോഞ്ചയ്‌ക്ക്‌ സാധിച്ചാൽ നോർത്ത്‌ ഈസ്‌റ്റിന്റെ പ്രതിരോധം ഇളക്കാം.

പ്രതിരോധത്തിൽ ആശങ്കയില്ല. കോസ്‌റ്റ ന്യമിയോൻസു–-ബകാറി കോനെ സഖ്യം ആദ്യ കളിയിൽത്തന്നെ നല്ല ഒത്തിണക്കം കാട്ടി. പ്രതിരോധം ഭദ്രമാണ്‌. ഗോൾകീപ്പർ ആൽബിനോ ഗോമെസ്‌ റോയ്‌ കൃഷ്‌ണയുടെ ഒറ്റ ഷോട്ടിൽ പതറിയതൊഴിച്ചാൽ പ്രകടനം ഭേദപ്പെട്ടതായിരുന്നു. വിങ്ങുകളിൽ പക്ഷേ, കെ പ്രശാന്തും ജെസെൽ കർണെയ്‌റോയും അത്ര ശോഭിച്ചില്ല. കർണെയ്‌റോ കളിയുടെ ആദ്യ ഘട്ടത്തിൽ താളം കണ്ടെത്താതെ വിഷമിച്ചു. എങ്കിലും കളിയുടെ അവസാന ഘട്ടങ്ങളിൽ മികച്ച ക്രോസുകൾ തൊടുക്കാൻ കർണെയ്‌റോയ്‌ക്ക്‌ കഴിഞ്ഞു.

നോർത്ത്‌ ഈസ്‌റ്റിനെതിരെ ജയം നേടാനാകുമെന്നാണ്‌ വികുനയുടെ പ്രതീക്ഷ. ആദ്യ കളിയിൽ നിറം മങ്ങിയെങ്കിലും സഹൽ ടീമിന്റെ നിർണായക കളിക്കാരനാണെന്ന്‌ വികുന പ്രതികരിച്ചു. പരിക്കുമാറിയ പ്രതിരോധക്കാരൻ നിഷു കുമാർ കഴിഞ്ഞദിവസം പരിശീലനത്തിന്‌ ഇറങ്ങിയിരുന്നു. കെ പി രാഹുലും ശാരീരികക്ഷമത വീണ്ടെടുത്തതായാണ്‌ സൂചന. ഫകുണ്ടോ പെരേരയും ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടേക്കും.

നോർത്ത്‌ ഈസ്‌റ്റ്‌ ആദ്യ കളിയിൽ വമ്പൻമാരായ മുംബൈ സിറ്റിയെയാണ്‌ വീഴ്‌ത്തിയത്‌. മികച്ച പ്രതിരോധമാണ്‌ വടക്കുകിഴക്കൻമാർക്ക്‌. മധ്യനിരയിൽ ഖാസി കമാറയാണ്‌ പ്രധാനതാരം. മുന്നേറ്റക്കാരൻ ക്വെസി അപ്പിയയും ബ്ലാസ്‌റ്റേഴ്‌സിന്‌ തലവേദനയുണ്ടാക്കും.മുംബൈ സിറ്റിക്കെതിരെ പെനൽറ്റിയിലൂടെ ഗോൾ നേടിയത്‌ അപ്പിയയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here