തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രത്യേക തപാൽവോട്ടിന്‌ അവസരം ലഭിക്കുക കോവിഡ്‌ ബാധിതര്‍ക്കും സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവർക്കും മാത്രം. പ്രായാധിക്യമുള്ളവർക്കും ഈ സൗകര്യം നൽകാൻ ആദ്യഘട്ടത്തിൽ ആലോചിച്ചെങ്കിലും. എന്നാൽ, കോവിഡ് പോസിറ്റീവായവരെയും ക്വാറന്റീനിൽ കഴിയുന്നവരെയുമാണ്‌ പ്രത്യേക വോട്ടർമാരായി പരിഗണിച്ച്‌ വോട്ടു രേഖപ്പെടുത്താനുള്ള ചട്ടം വിജ്ഞാപനംചെയ്‌തത്‌. ഇവർക്കും പോളിങ്‌ ഉദ്യോഗസ്ഥർക്കുമൊഴികെ മറ്റാർക്കും തപാൽവോട്ടിന്‌ അർഹതയില്ലെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ വി ഭാസ്‌കരൻ പറഞ്ഞു.

മെഡിക്കൽ ഓഫിസർമാർ തയ്യാറാക്കുന്ന പ്രത്യേക വോട്ടർമാരുടെ വിവരം അതതു തദ്ദേശസ്ഥാപനങ്ങളിലെ വരണാധികാരികൾ കലക്ടർക്ക്‌ നൽകും. പട്ടികയിൽ ഉൾപ്പെടാത്തവർക്ക്‌ മെഡിക്കൽ ഓഫിസർമാരുടെ സർട്ടിഫിക്കറ്റ് സഹിതം വരണാധികാരിക്ക് അപേക്ഷ നല്‍കാം. ഇവർക്കു ലഭിക്കുന്ന ബാലറ്റ്‌ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തി വരണാധികാരിക്ക് തിരികെ എത്തിക്കണം. സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ സത്യവാങ്മൂലം പോളിങ് ഓഫിസറോ മെഡിക്കൽ ഓഫിസറോ സാക്ഷ്യപ്പെടുത്തണം. മറ്റ്‌ ജില്ലകളിൽ രജിസ്റ്റർ ചെയ്തവർക്കുള്ള തപാൽ ബാലറ്റ് കലക്ടർമാർ നൽകുന്ന പട്ടിക പ്രകാരം അതത്‌ തദ്ദേശസ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ്‌ അയച്ചുകൊടുക്കുക.

വീട്ടില്‍ വോട്ട് ചെയ്യാം
വോട്ടെടുപ്പിനു തലേദിവസം വൈകിട്ട് മൂന്നു വരെ കോവിഡ്‌ പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിലുള്ളവർക്കുമാണ്‌ പ്രത്യേക തപാൽവോട്ട്. പോളിങ്‌ ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. വിരലിൽ മഷി പുരട്ടില്ല. തപാൽ ബാലറ്റ് നിരസിക്കാനും വോട്ടർക്ക്‌ അവകാശമുണ്ട്. വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റ് മടക്കി നൽകുമ്പോൾ രസീത് ലഭിക്കും.

തപാൽവോട്ടിങ്ങുമായി ബന്ധപ്പെട്ട നടപടി വോട്ടെടുപ്പിന്റെ തലേദിവസം വൈകിട്ട് ആറിനകം പൂർത്തിയാക്കും. തപാൽ ബാലറ്റ് സ്വീകരിച്ച ശേഷം സ്പെഷ്യൽ പോളിങ് ഓഫിസർക്കു തിരികെനൽകാത്തവർക്കും രസീതു നൽകും. ഇവർ വോട്ടെണ്ണൽ അവസാനിക്കും മുമ്പ്‌ രജിസ്റ്റേർഡ് തപാലിലോ നേരിട്ടോ വരണാധികാരിക്ക്‌ ബാലറ്റ് എത്തിക്കണം.
തലേദിവസം വൈകിട്ട്‌ മൂന്നിനുശേഷം അപേക്ഷിക്കുന്നവർക്ക്‌‌ ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് ചെയ്യാം‌. ഓരോ ജില്ലയിലും പ്രത്യേക ചുമതല നൽകുന്ന ഹെൽത്ത് ഓഫീസറാണ്‌ പട്ടിക തയ്യാറാക്കുക. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ ഇവർക്ക്‌ വോട്ട് ചെയ്യാം.

സ്ഥാനാർഥികൾ ചെലവ്‌ 30 ദിവസത്തിനകം സമർപ്പിക്കണം
പ്രചാരണത്തിന്‌ ചെലവഴിച്ച തുകയുടെ കണക്ക് ഫലപ്രഖ്യാപന ദിവസംമുതൽ 30 ദിവസത്തിനകം സ്ഥാനാർഥികൾ ഹാജരാക്കണം. പഞ്ചായത്തുകളിലെ സ്ഥാനാർഥികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർഥികൾ ജില്ലാപഞ്ചായത്ത് സെക്രട്ടറിക്കുമാണ്‌ കണക്ക്‌ സമർപ്പിക്കേണ്ടത്‌. ജില്ലാപഞ്ചായത്തിലെയും നഗരസഭകളിലെയും സ്ഥാനാർഥികൾ കലക്ടർക്ക്‌ കണക്ക്‌ കൈമാറണം. വരണാധികാരികളിൽനിന്ന്‌ വാങ്ങുന്ന നിശ്ചിത ഫോമിലാണ്‌ ഇക്കാര്യം എഴുതേണ്ടത്‌.

മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തുക ചെലവഴിക്കുകയും കൃത്യമായ കണക്ക്‌ സമർപ്പിക്കാതിരിക്കുകയും ചെയ്താൽ സ്ഥാനാർഥിക്ക്‌ അയോഗ്യത ഏർപ്പെടുത്തും. വൗച്ചറുകൾ, ബില്ലുകൾ തുടങ്ങിയ രേഖകളുടെ പകർപ്പ്‌ നിർബന്ധമാണ്‌. പരിധിയിൽ കവിഞ്ഞ് പണം ചെലവിട്ടാലും അയോഗ്യതയാകും. പഞ്ചായത്ത്‌ വാർഡിൽ 10,000 രൂപ, ബ്ലോക്ക്‌ ഡിവിഷനിലും മുനിസിപ്പാലിറ്റിയിലും 30,000 രൂപ, ജില്ലാ ഡിവിഷനിലും കോർപറേഷനിലും 60,000 രൂപ എന്നിങ്ങനെയാണ്‌ ചെലവാക്കാവുന്ന തുക.

കന്നി വോട്ടർമാർ കൂടുതൽ മലപ്പുറത്ത്‌
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പുതിയ വോട്ടർമാർ മലപ്പുറം ജില്ലയിൽ‌. മലപ്പുറത്ത്‌ 19150 പുരുഷ വോട്ടർമാരും 15303 സ്‌ത്രീ വോട്ടർമാരുമുണ്ട്‌. ഏറ്റവും കുറവ്‌ വോട്ടർമാർ വയനാട്‌ ജില്ലയിലാണ്–-3031‌. 1759 പുരുഷ വോട്ടർമാരും 1542 സ്‌ത്രീ വോട്ടർമാരുമാണ്‌ വയനാടുള്ളത്‌. പുതിയ മൂന്ന്‌ ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ ഒരാൾ പാലക്കാടും രണ്ട്‌പേർ കോഴിക്കോടുമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here