കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള മാർഗനിർദേശം ആരോഗ്യ വകുപ്പ് പുതുക്കി. അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും സുരക്ഷാ മാനദണ്ഡം പാലിച്ച്‌ മൃതദേഹം കാണാം. പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ് നടത്താം.

ജീവനക്കാർ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ അടുത്ത ബന്ധുവിന് പ്രവേശിക്കാം. പ്രതീകാത്മകമായ രീതിയിൽ മതപരമായ പുണ്യജലം തളിക്കാനും വെള്ളത്തുണി കൊണ്ട് പുതയ്ക്കാനും അവരെ അനുവദിക്കും. മൃതദേഹം സ്പർശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യ ചുംബനം നൽകാനോ അനുവദിക്കില്ല. മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിൽ മൃതദേഹം കാണാം. മോർച്ചറിയിൽവച്ചും ആവശ്യപ്പെടുന്നെങ്കിൽ അടുത്ത ബന്ധുവിനെ കാണിക്കും.

സംസ്‌കാര സ്ഥലത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ്‌ തുറന്ന് മുഖം അടുത്ത ബന്ധുക്കളെ കാണിക്കാം. ഈ സമയം മതപരമായ പ്രാർഥനകൾ ചൊല്ലാം; പുണ്യജലം തളിക്കാം. ദേഹത്ത് സ്പർശിക്കാതെ അന്ത്യകർമം ചെയ്യാം. പരമാവധി 20 പേർക്ക് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാം. രണ്ട്‌ മീറ്റർ സാമൂഹ്യ അകലം പാലിക്കണം. കൈകൾ വൃത്തിയാക്കണം. 60 വയസ്സിന് മുകളിലുള്ളവർ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾ, ശ്വാസകോശ രോഗം ഉൾപ്പെടെ മറ്റ് ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പങ്കെടുക്കരുത്‌.

മരണകാരണം കോവിഡാണെന്ന് സംശയിക്കുന്നതും മരിച്ചനിലയിൽ കൊണ്ടുവരുന്നതുമായ മൃതദേഹങ്ങൾ ടെസ്റ്റ് സാമ്പിൾ ശേഖരിച്ച ശേഷം വേഗത്തിൽ ബന്ധുക്കൾക്ക് വിട്ടുകൊടുക്കണം. ലാബ് റിസൾട്ട് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയ കേസുകളൊഴികെയുള്ള മൃതദേഹങ്ങൾ പോസിറ്റീവായി കണക്കാക്കി മാനദണ്ഡം പാലിച്ച് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here