ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ–-ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്‌ കേന്ദ്ര ട്രേഡ്‌യൂണിയനുകൾ ആഹ്വാനംചെയ്‌ത പണിമുടക്കിന്‌ തുടക്കം. 24 മണിക്കൂർ പണിമുടക്കിൽ 25 കോടിയിലേറെ തൊഴിലാളികൾ അണിചേരും‌. മോഡി സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ സമരരംഗത്തുള്ള കർഷകരും കർഷകത്തൊഴിലാളികളും പിന്തുണ പ്രഖ്യാപിച്ചതോടെ സമീപകാലത്ത്‌ രാജ്യം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമാകും പണിമുടക്ക്‌. ഡൽഹിയിൽ പാർലമെന്റ്‌ സ്‌ട്രീറ്റിൽ വ്യാഴാഴ്‌ച കേന്ദ്ര ട്രേഡ്‌ യൂണിയൻ നേതാക്കൾ തൊഴിലാളികളെ അഭിവാദ്യം ചെയ്യും. വിവിധ കേന്ദ്രത്തിലായി റോഡ്‌ ഉപരോധം, ട്രെയിൻ തടയൽ, പ്രകടനങ്ങൾ, പൊതുയോഗങ്ങൾ എന്നിവ സംഘടിപ്പിക്കും.

വിവിധ തൊഴിൽശാലകളിൽ ബുധനാഴ്‌ച തന്നെ പണിമുടക്കാരംഭിച്ചു. ബാങ്കിങ്‌, ഇൻഷുറൻസ്‌, തപാൽ, ടെലികോം, പ്രതിരോധം, ആശ–- അങ്കണവാടി മേഖലയിലെ തൊഴിലാളികൾ, കെട്ടിടനിർമാണം, വീട്ടുജോലിക്കാർ, ബീഡി തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, സ്‌കൂൾ–- കോളേജ്‌ അധ്യാപകർ, കേന്ദ്ര–- സംസ്ഥാന സർക്കാർ ജീവനക്കാർ, അസംഘടിത തൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളാകും. റെയിൽ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യം അറിയിച്ച്‌ യോഗങ്ങളും പ്രതിഷേധങ്ങളും നടത്തി

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്‌എംഎസ്‌, എഐയുടിയുസി, ടിയുസിഐ, സേവ, എഐസിസിടിയു, എൽപിഎഫ്‌, യുടിയുസി എന്നീ ട്രേഡ്‌ യൂണിയനുകളാണ്‌ പണിമുടക്കിന്‌ ആഹ്വാനം നൽകിയത്‌. മോഡി സർക്കാരിനെതിരെ അഖിലേന്ത്യാതലത്തിൽ അഞ്ചാമത്‌ പണിമുടക്കാണ്‌ ഇത്‌.

കോവിഡ്‌ പ്രതിസന്ധി കണക്കിലെടുത്ത്‌ വരുമാന നികുതിക്കു പുറത്തുള്ള എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ ധനസഹായം, എല്ലാവർക്കും ഓരോ മാസവും 10 കിലോ സൗജന്യ റേഷൻ, തൊഴിലുറപ്പുതൊഴിൽ ദിനങ്ങൾ ഇരുനൂറാക്കി വർധിപ്പിക്കുക–- വേതനം കൂട്ടുക, കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിദ്രോഹ ചട്ടങ്ങളും പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, സർക്കാർ ജീവനക്കാരുടെ നിർബന്ധിത വിരമിക്കലിന്‌ വഴിയൊരുക്കുന്ന സർക്കുലർ പിൻവലിക്കുക, പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ട്രേഡ്‌ യൂണിയനുകൾ മുന്നോട്ടുവയ്‌ക്കുന്നത്‌.

കർഷകപ്രക്ഷോഭത്തിന്‌ ഇന്ന്‌ തുടക്കം
മോഡിസർക്കാരിന്റെ കോർപറേറ്റ്‌ പ്രീണന കാർഷികനയങ്ങൾക്കെതിരായ അതിശക്തമായ പ്രക്ഷോഭത്തിന്‌ രാജ്യതലസ്ഥാനത്ത്‌ വ്യാഴാഴ്‌ച തുടക്കമാകും. ഡൽഹിയിൽ റാലിക്ക്‌ പൊലീസ്‌ അനുമതി നിഷേധിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്‌. ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദി കർഷകപ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

കേന്ദ്രം പാസാക്കിയ മൂന്ന്‌ കാർഷികനിയമവും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രക്ഷോഭം. കർഷകർ ഡൽഹിയിൽ എത്തുന്നത്‌ തടയാൻ ഹരിയാനയിൽ വ്യാപകമായി കർഷകനേതാക്കളെ അറസ്‌റ്റുചെയ്‌തു.
പൊലീസ്‌ തടഞ്ഞാൽ അവിടെ കുത്തിയിരിക്കുമെന്ന്‌ അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു.

സംസ്ഥാനം നിശ്‌ചലം
പണിമുടക്കിന്‌ കേരളത്തിലും ഉജ്ജ്വല തുടക്കം. തൊഴിൽ കേന്ദ്രങ്ങളിലും മണ്ഡലം, ഏരിയ കേന്ദ്രങ്ങളിലും ബുധനാഴ്‌ച രാത്രി പന്തംകൊളുത്തി പ്രകടനം നടന്നു. ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും ആഭിമുഖ്യത്തിൽ 25,000 കേന്ദ്രത്തിൽ സമരഭേരി മുഴക്കി.

ആരോഗ്യപ്രവർത്തകർ, തെരഞ്ഞെടുപ്പ് ജോലി നിർവഹിക്കേണ്ട ജീവനക്കാർ തുടങ്ങിയവർ ഹാജർ രേഖപ്പെടുത്താതെ ജോലി ചെയ്യും‌. പാൽ, പത്രം, ആശുപത്രി, ശബരിമല തീർഥാടനം, വിവാഹം എന്നിവയെയും തെരഞ്ഞെടുപ്പ്‌ ജോലി നടക്കുന്ന ഓഫീസുകളെയും ടൂറിസം മേഖലയെയും പണിമുടക്കിൽനിന്ന്‌ ഒഴിവാക്കി‌.

തൊഴിലാളികൾ വ്യാഴാഴ്‌ച പകൽ 10ന്‌ പ്രധാന കേന്ദ്രങ്ങളിൽ അണിനിരക്കും. ഏരിയ കേന്ദ്രങ്ങളിൽ 500 പേർ വീതം പങ്കെടുക്കും.ഉദ്ഘാടന സമ്മേളനം പകൽ 11ന്‌ കിഴക്കേകോട്ടയിലും സമാപന സമ്മേളനം പകൽ 12ന് പിഎംജിയിലും നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും സമാപന സമ്മേളനത്തിൽ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എ വിജയരാഘവനും പങ്കെടുക്കും. സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ വാർഡ്‌ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here