കൊച്ചി: മലയാളി ക്രിക്ക‌റ്റ് താരം എസ്.ശ്രീശാന്ത് ക്രിക്കറ്റ് കളിയിലേക്ക് മടങ്ങിവരുകയാണ്. ഏഴ് വർഷം നീണ്ടുനിന്ന ഇടവേളയ്‌ക്ക് ശേഷമാണ് താരം ക്രിക്ക‌റ്റിലേക്ക് എത്തുന്നത്. അടുത്ത മാസം 17 മുതൽ ആലപ്പുഴയിൽ നടക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിൽ താരം കളിക്കും. കെസിഎ ടൈഗേഴ്‌സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കളത്തിലിറങ്ങുക. ആകെ ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.2011ഏപ്രിൽ 2ന് ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ശ്രീശാന്തിന്റെ അവസാന അന്താരാഷ്‌ട്ര മത്സരം.

2013ൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായി പങ്കെടുക്കവെ ഒത്തുകളി വിവാദത്തിൽ കുടുങ്ങുകയും ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തു. പിന്നീട് കേസിൽ തെളിവില്ലെന്ന് കണ്ട് ശ്രീശാന്തിനെ കു‌റ്റവിമുക്‌തനാക്കി. എന്നാൽ വിലക്ക് തുടരുകയായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് വിലക്ക് ഏഴ് വർഷമായി ചുരുക്കി. ഇതോടെ സെപ്‌തംബർ മാസത്തിൽ ശ്രീശാന്തിന്റെ വിലക്ക് കാലാവധി അവസാനിച്ചു. ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് കെ.സി.എ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.ഇന്ത്യയ്‌ക്കു വേണ്ടി 27 ടെസ്‌റ്റുകളിൽ 82 വിക്ക‌റ്റുകളും ഏകദിനങ്ങളിൽ 53 മത്സരങ്ങളിൽ 75 വിക്ക‌റ്റുകളും ശ്രീശാന്ത് നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here