കൊച്ചി: പാലാരിവട്ടം അഴിമതി കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള‌ളി. ഒരു ദിവസം ചോദ്യം ചെയ്യാൻ വിജിലൻസിനെ കോടതി അനുവദിച്ചു. ഈ മാസം 30നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. ഏഴ് നിബന്ധനകൾ പാലിച്ച് മാത്രമേ ചോദ്യം ചെയ്യാനാകൂ.അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യലിന് മുൻപ് കൊവിഡ് ടെസ്‌റ്റ് നടത്തിയിരിക്കണം. ചോദ്യം ചെയ്യൽ ചികിത്സയ്‌ക്ക് തടസമാകരുതെന്നും ഒരു മണിക്കൂർ ചോദ്യം ചെയ്‌താൽ പതിനഞ്ച് മിനിട്ട് വിശ്രമം നൽകണമെന്നും കോടതി നിർദ്ദേശമുണ്ട്. രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്‌ക്ക് 3 മുതൽ വൈകിട്ട് 5 വരെയും മാത്രമേ ചോദ്യം ചെയ്യാവൂ.

മൂന്ന്പേർ മാത്രമേ ചോദ്യം ചെയ്യുന്ന സംഘത്തിൽ ഉണ്ടാകാവൂ എന്നും നിബന്ധനയുണ്ട്. ചോദ്യം ചെയ്യലിനിടെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കാൻ പാടില്ല. കോടതി ഉത്തരവിന്റെ പകർപ്പ് ചികിത്സിക്കുന്ന ഡോക്‌ടർമാർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നൽകരുതെന്നും കോടതി നിർദ്ദേശിച്ചു. മൂവാ‌റ്റുപുഴ വിജിലൻസ് കോടതിയാണ് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള‌ളിയത്.മൾട്ടിപ്പിൾ മൈലോമ രോഗബാധിതനായ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും നിലവിൽ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നൽകുന്ന ചികിത്സ കൊച്ചിൻ കാൻസർ സെന്ററിൽ ലഭ്യമല്ലെന്നും ഡി.എം.ഒ കോടതിയെ അറിയിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മെഡിക്കൽ ബോർഡ് കോടതിയ്‌ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന വിജിലൻസ് ആവശ്യം കോടതി ഇന്ന് അംഗീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here