കേരള ടൈംസിന്റെ എല്ലാ മാന്യ വായനക്കാർക്കും താങ്ക്സ് ഗിവിങ്ങ് ആഘോഷത്തിന്റെ എല്ലാ മംഗളങ്ങളും നേരുന്നു. ലോകം മുഴുവനും ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾക്ക് മാറ്റു കുറയുമെന്നത്   ഒരു സത്യം തന്നെയാണ്. ഇക്കുറി വലിയ ആഘോഷമില്ലാതെ നമ്മുടെ ഭരണകർത്താക്കളുടെ വാക്കുകൾ അനുസരിച്ചുകൊണ്ടു യാത്രകൾ  ഒഴിവാക്കി ഒരു മിതമായ ആഘോഷം മാത്രം നടത്തുന്നതിൽ ശ്രദ്ധ ചെലുത്തണമെന്ന് ഞങ്ങൾ പ്രത്യകം അഭ്യർത്ഥിക്കുകയാണ്. ഇത് നമ്മുടെ മാത്രം സുരക്ഷയല്ല മറ്റുള്ളവരുടെ കൂടി സുരക്ഷയാണെന്ന് കൂടി ഓർക്കുക!
 
കൊറോണ വൈറസ് മഹാമാരിയുടെ പേരിൽ കനത്ത വില നൽകേണ്ടി വന്നത് നമ്മൾ അമേരിക്കക്കാർക്കാണ്. ആയിരമോ പതിനായിരമോ അല്ല ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിനു കാരണമായ മഹാ വിപത്താണ് നമുക്ക് ചുറ്റുമുള്ളതെന്ന കാര്യം മറക്കരുത്. ലോകമെമ്പാടും  14 ലക്ഷത്തിൽപ്പരമാളുകൾ മരിച്ചപ്പോൾ അതിൽ  രണ്ടര ലക്ഷത്തിൽ പരമാളുകൾ മരിച്ചത് അമേരിക്കയിലാണെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ് . ഒന്നര ലക്ഷത്തോളമാളുകൾ ഇന്ത്യയിലും മരിച്ചു. അമേരിക്കയിൽ ഏതാണ്ട് 175 ൽ പ്പരം മലയാളികളുടെ ജീവനാണ് കൊറോണ വൈറസ് കവർന്നത്.ഇന്നലെ മാത്രം  2300 പരമാളുകളാണ് കൊറോണ മഹാമാരിമൂലം അമേരിക്കയിൽ മാത്രം  മരിച്ചത്!
 
കഴിഞ്ഞ താങ്ക്സ് ഗിവിങ്ങിനു നമ്മോടൊപ്പമുണടായിരുന്ന എത്ര മുത്തച്ഛന്മാരും മുത്തശ്ശിമാരും സഹോദരങ്ങളുമാണ് ഇന്നലെകളിൽ നമ്മെ വിട്ടു പിരിഞ്ഞത് ?  കൊറോണ മഹാമാരി വന്നില്ലായിരുന്നെങ്കിൽ നമ്മുടെയൊപ്പം ഇന്നത്തെ താങ്ക്സ് ഗിവിങ് ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടവരായിരുന്നു  അവർ എന്ന കാര്യം അതീവ ദുഃഖത്തോടെ ഓർമ്മിപ്പിക്കുകയാണ് . ഇനിയും ആരെയും നഷ്ട്ടപ്പെടുത്താൻ നമ്മൾ ഇടവരുത്തരുത്.
 
കൊറോണ മഹാമാരിയുടെ ഈ കാലഘട്ടത്തിൽ  നാം ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ് ദൈവത്തോട് പ്രത്യേകം നന്ദി പറയേണ്ട കാര്യം. ഇക്കാലഘട്ടത്തിൽ നമ്മെ  ചികിൽസിക്കാൻ ജീവൻ പണയം വച്ച് ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ജോലി ചെയ്യുന്ന ഹെൽത്ത് കെയർ മേഖലയിലെ മുന്നണി പ്രവർത്തകരെ നമുക്ക് നന്ദിയോടെ ഓർക്കാം. അവർക്കു പുറമെ നമ്മുടെ സുരക്ഷക്കായി അഹോരാത്രം പ്രവർത്തിക്കുന്ന പോലീസ് – ഫയർ ഫോഴ്‌സ് സേനയിലെ പ്രവർത്തകരെയും നന്ദിയോടെ സ്മരിക്കാം. കൊറോണ വൈറസ്‌ ബാധയിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന മുഴുവൻ ആളുകളെയും പൊളിറ്റിക്കൽ നേതാക്കന്മാരേയും  നന്ദിയോടെ ഓർക്കാം. 
 
ഈ കൊറോണക്കാലത്ത് തിരശീലയ്ക്ക് പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു വിഭാഗം ആളുകളെ നാം പലപ്പോഴും മറന്നു പോകാറുണ്ട്. കൊറോണ എന്ന പിടികിട്ടാ വൈറസ് പടർന്നതുമുതൽ അതിനെതിരെയുള്ള വാക്സീൻ കണ്ടുപിടിക്കാൻ രാപകലില്ലാതെ പരിശ്രമിക്കുന്ന ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാർ ലോകം മുഴുവനുമുണ്ട്. ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി അതിവേഗത്തിൽ വാക്സീൻ പരീക്ഷണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. വാക്സീൻ കണ്ടു പിടിക്കാൻ കഠിന പരിശ്രമം നടത്തി വരുന്ന എല്ലാ ശാസ്ത്രജ്ഞന്മാർക്കും ഇന്നത്തെ താങ്ക്സ് ഗിവിങ്ങിൽ പ്രത്യേകം നന്ദിയോടെ ഓർക്കാം.
 
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഒപ്പം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ല താങ്ക്സ് ഗിവിങ്ങ്  ആഘോഷം എല്ലാ  വായനക്കാർക്കും നേരുന്നു.
 
കേരള ടൈംസ് ടീമിനു വേണ്ടി 
 
 
പോൾ കറുകപ്പള്ളിൽ 
 
മാനേജിങ്ങ് ഡയറക്ടർ 

LEAVE A REPLY

Please enter your comment!
Please enter your name here