ഒമ്പത് തസ്തികകള്‍, 18252 ഒഴിവുകള്‍, മികച്ച ശമ്പളം… ഉദ്യോഗാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് അതിവേഗപാതയൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന, വലിയ പൊതുമേഖലാ വ്യവസായമായ ഇന്ത്യയുടെ അഭിമാനസ്ഥാപനം മറ്റൊരു മെഗാ റിക്രൂട്ട്മെന്റിന്റെ ഒരുക്കത്തിലാണ്. റെയില്‍വേയിലെ വിവിധ തസ്തികകളിലേക്കായി 18,252 പേരെ തിരഞ്ഞെടുക്കാനായുള്ള ബൃഹത്തായ പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടക്കും.

കൊമേഴ്സ്യല്‍ അപ്രന്റിസ്, ട്രാഫിക് അപ്രന്റിസ്, എന്‍ക്വയറി കം റിസര്‍വേഷന്‍ ക്ലര്‍ക്ക്, ഗുഡ്സ് ഗാര്‍ഡ്, ജൂനിയര്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് , സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് അസിസ്റ്റന്റ്, സീനിയര്‍ ടൈം കീപ്പര്‍ എന്നീ ഒമ്പത് തസ്തികകളിലേക്കുള്ള നിയമനമാണ് ഈ പരീക്ഷയിലൂടെ നടത്തുന്നത്.
വിജ്ഞാപനം വന്ന ഉടനെത്തന്നെ ആയിരക്കണക്കിന് അപേക്ഷകളാണ് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വെബ്സൈറ്റിലേക്ക് കുതിച്ചെത്തിയത്. സൂക്ഷ്മ പരിശോധന നടന്നുകൊണ്ടിരിക്കയാണ്. ഇത് പൂര്‍ത്തിയായാലറിയാം മത്സരത്തിന് കച്ചമുറുക്കി എത്രപേരുണ്ടെന്ന്. അപേക്ഷകരുടെ എണ്ണം കൂടുന്തോറും പരീക്ഷയ്ക്ക് ചൂടേറുമെന്നുറപ്പ്. മികവു തെളിയിക്കുന്നവര്‍ക്കേ റെയില്‍വേ ഗ്രീന്‍ സിഗ്‌നല്‍ കാണിക്കൂ.
ബിരുദയോഗ്യതയുമായി റെയില്‍വേയില്‍ നേരിട്ട് നിയമനം ലഭിക്കാവുന്ന ഉയര്‍ന്ന തസ്തികകളാണിതെന്നതാണ് ഒരു പ്രത്യേകത. ഇന്റര്‍വ്യു എന്ന കടമ്പയുമില്ല. തിരുവനന്തപുരം ആര്‍.ആര്‍.ബി.യില്‍ മാത്രം നാനൂറിലേറെ ഒഴിവുകളുമുണ്ട്.
പരീക്ഷയ്ക്ക് രണ്ട് ഘട്ടം
ഓണ്‍ലൈന്‍ പരീക്ഷ, സ്‌കില്‍ ടെസ്റ്റ്/ അഭിരുചി പരീക്ഷ എന്നിങ്ങനെ രണ്ട് ഘട്ടമാണ് തിരഞ്ഞെടുപ്പിനുള്ളത്. ഓണ്‍ലൈന്‍ പരീക്ഷ എല്ലാ തസ്തികകള്‍ക്കും പൊതുവായുള്ളതാണ്. ഇതിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും. വയനാട് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രമുണ്ട്. കൊമേഴ്സ്യല്‍ അപ്രന്റിസ്, ട്രാഫിക് അപ്രന്റിസ്, എന്‍ക്വയറി കം റിസര്‍വേഷന്‍ ക്ലര്‍ക്ക്, ഗുഡ്സ് ഗാര്‍ഡ് എന്നീ തസ്തികകള്‍ക്ക് ഒന്നാംഘട്ട പരീക്ഷ മാത്രമേ ഉള്ളൂ.
ഇതിന് ലഭിക്കുന്ന മാര്‍ക്കിനനുസരിച്ച് റാങ്ക് പട്ടിക തയ്യാറാക്കി നിയമനം നല്‍കും. സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ടൈംകീപ്പര്‍ എന്നീ തസ്തികകള്‍ക്ക് ഒന്നാം ഘട്ട ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് പുറമെ ടൈപ്പിങ് മികവ് പരിശോധനയുമുണ്ടാവും.
ഓണ്‍ലൈന്‍പരീക്ഷയില്‍ നിശ്ചിതമാര്‍ക്ക് ലഭിക്കുന്നവരെയാണ് ടൈപ്പിങ് ടെസ്റ്റിന് ക്ഷണിക്കുക. ഇംഗ്ലീഷില്‍ മിനുട്ടില്‍ 30 വാക്ക് അല്ലെങ്കില്‍ ഹിന്ദിയില്‍ മിനുട്ടില്‍ 25 വാക്ക് ടൈപ്പ് ചെയ്യാനറിയുന്നവര്‍ക്ക് ടൈപ്പ് ടെസ്റ്റ് ജയിക്കാം. ഇതിന് പ്രത്യേക മാര്‍ക്കില്ല. നിര്‍ദിഷ്ട സമയത്തിനുള്ള സ്‌കില്‍ ടെസ്റ്റ് പൂര്‍ത്തിയാക്കുന്നവരെ ഓണ്‍ലൈന്‍ പരീക്ഷയുടെ മാര്‍ക്കിനനുസരിച്ച് റാങ്ക് ലിസ്റ്റിലുള്‍പ്പെടുത്തും.
അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയ്ക്കുപുറമെ ആപ്റ്റിറ്റിയൂഡ് ടെസ്റ്റുമുണ്ടാവും. ഓണ്‍ലൈന്‍പരീക്ഷയുടെ മാര്‍ക്കിന് 70 ശതമാനവും അഭിരുചി പരീക്ഷയുടെ മാര്‍ക്കിന് 30 ശതമാനവും വെയിറ്റേജ് നല്‍കിയാണ് ഈ തസ്തികകളിലേക്ക് റാങ്ക് പട്ടിക തയ്യാറാക്കുക.
കോള്‍ലെറ്റര്‍ ഉടന്‍
യോഗ്യരായ അപേക്ഷകരുടെ വിവരം വൈകാതെ ആര്‍.ആര്‍.ബി.വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരീക്ഷയുടെ രണ്ടാഴ്ച മുമ്പ് കോള്‍ലെറ്റര്‍ വെബ്സൈറ്റില്‍ ലഭ്യമാവും. തപാലില്‍ അയയ്ക്കില്ല. കോള്‍ലെറ്റര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ ഉദ്യോഗാര്‍ഥികളെ എസ്.എം.എസ്. വഴി അറിയിക്കും.
ഡൗണ്‍ലോഡ് ചെയ്‌തെടുത്ത കോള്‍ലെറ്ററും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഒരു പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോയും പരീക്ഷയ്ക്ക് ഹാജരാവുമ്പോള്‍ കരുതണം. വോട്ടര്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിച്ച സ്‌കൂള്‍/ കോളേജ്/ യൂണിവേഴ്സിറ്റി തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും. തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍തന്നെ ഹാജരാക്കണം.
പരീക്ഷ ഇങ്ങനെ
എല്ലാ തസ്തികകള്‍ക്കും കൂടി പൊതുവായി നടത്തുന്ന ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ ഒബ്ജക്ടീവ് രീതിയിലുള്ളതാണ്. 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാവും. 90 മിനുട്ടാണ് സമയം. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും ചോദ്യങ്ങള്‍ ലഭിക്കും. പൊതുവിജ്ഞാനം, ഗണിതം, റീസണിങ് എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക.
പരീക്ഷാ പരിശീലനം
പൊതുവിജ്ഞാനത്തിന് മുന്‍ തൂക്കംവിശദമായ സിലബസ് പ്രസിദ്ധീകരിക്കുന്ന പതിവ് റെയില്‍വേക്കില്ലാത്തതിനാല്‍ മുന്‍ പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ മാത്രമാണ് തയ്യാറെടുപ്പുകളുടെ മാര്‍ഗദര്‍ശി. പൊതുവിജ്ഞാനത്തിനാണ് മുന്‍ ചോദ്യപ്പേപ്പറുകളില്‍ മുന്‍തൂക്കം കാണുന്നത്. ഗണിതവും റീസണിങ്ങും തുല്യ മാര്‍ക്കിനുള്ളതായിരിക്കും.
സമകാലിക സംഭവങ്ങളിലൂന്നിയുള്ള ചോദ്യങ്ങള്‍ ഉറപ്പായും പ്രതീക്ഷിക്കണം. ദേശീയപ്രാധാന്യമുള്ള സംഭവങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഗണിതം, റീസണിങ് എന്നിവയില്‍ എസ്.എസ്.സി.യും യു.പി.എസ്.സി.യും നടത്തുന്ന ബിരുദതല പരീക്ഷകള്‍ക്ക് വരുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ തന്നെ പ്രതീക്ഷിക്കാം.
ഉത്തരങ്ങളിലേക്കെത്താനുള്ള ഉദ്യോഗാര്‍ഥിയുടെ വേഗം തന്നെയാണ് പരീക്ഷിക്കപ്പെടുക. 100 ചോദ്യവും 90 മിനുട്ടുമാണ് മുന്നില്‍. ചോദ്യം വായിച്ചു മനസ്സിലാക്കാനെടുക്കുന്ന സമയം പ്രധാനമാണ്, പ്രത്യേകിച്ച് റീസണിങ്ങിലും ഗണിതത്തിലും. പൊതുവിജ്ഞാനത്തിലാവട്ടെ ലളിതമായ ചോദ്യങ്ങള്‍ക്കുപോലും ആശയക്കുഴപ്പമുണ്ടാക്കുന്ന ഓപ്ഷനുകള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ കുഴപ്പിക്കുന്ന രീതി മുന്‍കാല ചോദ്യപ്പേപ്പറുകളില്‍ കാണാം.
ഓണ്‍ലൈന്‍ മോക് ടെസ്റ്റുകളെഴുതി പരിശീലിക്കുകതന്നെയാണ് വേഗം സ്വന്തമാക്കാനുള്ള വഴി. മുന്‍കാല ചോദ്യപ്പേപ്പറുകള്‍ സോള്‍വ് ചെയ്ത് ശീലിക്കുന്നതും നന്നാവും. പരീക്ഷാര്‍ഥികള്‍ക്കായി റെയില്‍വേ മോക് ടെസ്റ്റ് തയ്യാറാക്കുന്നുണ്ട്. കോള്‍ലറ്റര്‍ ലഭ്യമാക്കുന്നതോടൊപ്പം ആര്‍.ആര്‍.ബി. വെബ്സൈറ്റില്‍ മോക് ടെസ്റ്റിനുള്ള സൗകര്യവും ലഭിക്കും. ചിട്ടയായ പരിശീലനമുണ്ടെങ്കില്‍ അവസരങ്ങളുടെ ഈ വണ്ടിയില്‍ ഒരു സീറ്റ് സ്വന്തമാക്കാം. ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here