സ്വന്തം ലേഖിക 


ജീവിച്ചിരുന്ന സ്റ്റാന്‍ സ്വാമി തികച്ചും സാധാരണക്കാരനായ ഒരാളായിരുന്നു എന്നാല്‍ മരണപ്പെട്ട അദ്ദേഹത്തിന്റെ ശബ്ദം പാവങ്ങള്‍ക്കും അധസ്ഥിതിക വര്‍ഗ്ഗത്തിനുമായി ചരിത്രത്തിലുടനീളം മുഴങ്ങിക്കൊണ്ടിരിക്കുമെന്ന് അമേരിക്കയിലെ മലങ്കര കത്തോലിക്ക രൂപതയിലെ ഫാ. നോബി അയ്യനേത്ത് പറഞ്ഞു. ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ ഇന്തോ-യുഎസ് ഡെമോക്രാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. സ്റ്റാന്‍

ഫാ. സ്റ്റാന്‍ സ്വാമി മരണപ്പെട്ട ദിവസം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇരുണ്ട ദിനമായിരിക്കുമെന്ന് ഇന്ത്യ-യുഎസ് ഡെമോക്രസി ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് എബ്രഹാം പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയെ അന്യായമായി തടങ്കലില്‍ വെച്ചതും അനാരോഗത്തെത്തുടര്‍ന്ന് അവശനായപ്പോഴും ആശുപത്രിയിലേക്ക് മാറ്റാതെ മരിക്കാന്‍ അനുവദിച്ചതും രാജ്യത്തിന്റെ മനസാക്ഷിക്ക് മേല്‍ ഏറ്റ ഒരികക്ലും മായാത്ത കളങ്കമാണെന്നും ജോര്‍ജ് എബ്രഹാം പറഞ്ഞു.

രാജ്യം അതിന്റെ 75ാമത് സ്വാതന്ത്രദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ രാജ്യ ശില്‍പികള്‍ വിഭാവനം ചെയ്ത ജനാധിപത്യം, സ്വാതന്ത്രം, പൗരാവകാശം, തുല്യത എന്നിവ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. എന്നാലിന്ന് ജനാധിപത്യ വ്യവസ്ഥ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ്. ഭരണാധികാരികളെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്നവരെ ദേശവിരുദ്ധര്‍ എന്ന് മുദ്രകുത്തി അപകടത്തിലാക്കുന്ന സ്ഥിതിയിലേക്കാണ് രാജ്യം പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും ജോര്‍ജ് അബ്രഹാം ചൂണ്ടിക്കാട്ടി.
 

ഫാ. സ്റ്റാന്‍ സ്വാമി ആത്മീയമായും ശാരീരികമായും ദരിദ്രര്‍ക്കുവേണ്ടി ജീവിച്ച വ്യക്തിയായിരുന്നുവെന്ന് ഇന്ത്യന്‍ പനോരമ ന്യൂസ് പേപ്പര്‍ പബ്ലിഷര്‍ പ്രൊഫസര്‍ ഇന്ദ്രജിത് സലൂജ അനുസ്മരിച്ചു. നിരപരാധിയായ ഒരു മനുഷ്യന്‍ ഇപ്രകാരം ക്രൂരമായി മരണപ്പെട്ടത് രാജ്യത്തിന് തന്നെ ലജ്ജാകരമാണെന്നും യുഎപിഎ എന്ന നിയമം സുപ്രിംകോടതി ഒരിക്കല്‍ക്കൂടി പുനപ്പരിശോധിക്കണമെന്നും സലൂജ പറഞ്ഞു. ഇന്ത്യയില്‍ ദരിദ്രരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും അധികാരികളുടെ ദുര്‍ഭരണത്തിനിരയാകുമ്പോള്‍, ഇന്ത്യന്‍ അമേരിക്കന്‍സ് എന്ന നിലിയില്‍ അവര്‍ക്ക് വേണ്ടി നാം നമ്മുടെ രാഷ്ട്രീയക്കാരോട് ശക്തമായി സംസാരിക്കണമെന്നും സലൂജ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളും നീതിന്യായ വ്യവസ്ഥയും ഫാ. സ്റ്റാന്‍ സ്വാമിയോട് പെരുമാറിയ രീതിയില്‍ പ്രവാസികളെന്ന നിലയില്‍ അതിശക്തമായ പ്രതിഷേധം വ്യക്തമാക്കുന്നുവെന്ന് മിനോളയിലെ ഗ്രേസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ പാസ്റ്റര്‍ വില്‍സണ്‍ ജോസ് പറഞ്ഞു. നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുകയും നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുയും ചെയ്യുക എന് ക്രിസ്തുവിന്റെ ഉപദേശം ശിരസ്സാ വഹിച്ച വ്യക്തിയാണ് ഫാ. സ്റ്റാന്‍ സ്വാമി.

അവഗണിക്കപ്പെട്ടവരെ പരിഗണിക്കപ്പെടുന്നവരാക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. സ്വാതന്ത്രസമരകാലത്ത് രാജ്യത്തിനായി പോരാടിയ മഹാത്മാ ഗാന്ധിയെ ബ്രിട്ടീഷ് സൈന്യം പലതവണ പിടികൂടി ജയിലിലടച്ചു. എന്നാലവര്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ മാനിക്കാനുള്ള മര്യാദ കാണിച്ചു. ഇവിടെ സ്വന്തം പൗരന്മാരോട് പെരുമാറുന്നതില്‍ പോലും മാനവികതയുടെ അടിസ്ഥാന നിലവാരം കാണിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറാകുന്നില്ലെന്നും പാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ജീവിതത്തില്‍ നേരായ കാര്യങ്ങള്‍ക്കായി നിലകൊള്ളാനും ധാര്‍മ്മികതയ്ക്കായി പോരാടാനും ഫാ. സ്റ്റാന്‍ സ്വാമിയുടെ ജീവിതം പ്രചോദനമായിരിക്കുമെന്ന് ഫാ. ജോണ്‍ തോമസ് പറഞ്ഞു. സത്യം വെളിച്ചത്ത് വരുന്നതു വരെ നിയമപോരാട്ടം തുടരണമെന്നും ഫാ. സ്റ്റാന്‍ സ്വാമിയുടെ വിയോഗം വലിയൊരു ശൂന്യത സൃഷ്ടിച്ചിരിക്കുകയാണെന്നും ഫാ. പിഎം തോമസ് പറഞ്ഞു.

ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയെന്ന് എന്‍വൈപിഡി ഡയറക്ടര്‍ അമീര്‍ റാഷിദ് അനുസ്മരിച്ചു. ജാര്‍ഗഢ് പോലെയുള്ള സംസ്ഥാനങ്ങളില്‍ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുന്ന പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗം അനുഭവിക്കുന്ന ബുദ്ധുമുട്ടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ദരിദ്രരെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഫാ. സ്റ്റാമന്‍ സ്വാമി ചെയ്ത കുറ്റം. അദ്ദേഹം ഒരു തീവ്രവാദിയായിരുന്നില്ല. അക്കാര്യം സര്‍ക്കാരിന് വളരെ നന്നായി അറിയാമായിരുന്നു. സ്വാതന്ത്രങ്ങള്‍ക്കും അവകാശങ്ങളും നേടിയെടുക്കാനായി നമ്മള്‍ പോരാടിയില്ലെങ്കില്‍ നമ്മുടെ സ്വന്തം നാട്ടില്‍ നമുക്ക് ജീവിക്കാന്‍ കഴിയാതെ വരുമെനന്നും പാസ്റ്റര്‍ ബാബു തോമസ് പറഞ്ഞു.

ജാതീയത നമ്മുടെ മാനസികാവസ്ഥയുടെ ഭാഗമായിത്തീര്‍ന്നുകഴിഞ്ഞുവെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഡോ. സുരീന്ദര്‍ മല്‍ഹോത്ര പറഞ്ഞു. ഒരു തൊഴില്‍ അപേക്ഷയ്ക്ക് പോലും ഹിന്ദുവാണോ, ക്രിസ്ത്യനാണോ, ഉത്തരേന്ത്യയാണോ, ദക്ഷിണേന്ത്യയാണോ എന്നൊക്കെ ചോദിക്കുന്ന പ്രവണത യുഎസിലെ ഇന്ത്യക്കാര്‍ക്കിടയില്‍ പോലും കാണാന്‍ കഴിയുമെന്നത് ആശങ്കാകുലമാണെന്ന് പ്രതികരിച്ച അദ്ദേഹം ജീവിതം മുഴുവന്‍ നന്മയ്ക്കായി സമര്‍പ്പിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ അനുശോചനമറിയിച്ചു.

ഇല്ലാത്ത കാരണങ്ങള്‍ ആരോപിച്ച് യുഎപിഎ ചുമത്തി ഫാ. സ്റ്റാന്‍ സ്വാമിയെ രാഷ്ട്രീയ വിരോധത്തിന് ഇരയാക്കുകയായിരുന്നുവെന്ന് യുഎസ്എ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് വിമര്‍ശിച്ചു. പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഒരു വ്യക്തി സര്‍ക്കാര്‍ കസ്റ്റഡിയിലിരിക്കെ മരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണെന്ന് ഐഒസി യുഎസ്എ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് പറഞ്ഞു. ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം അവസാനത്തേത് ആകാന്‍ പോകുന്നില്ലെന്നും മത നേതാക്കളേയും സ്ഥാപനങ്ങളേയും പീഡിപ്പിക്കുന്ന വാര്‍ത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നതെന്നും ലീല മാരേട്ട് ചൂണ്ടിക്കാട്ടി.

ഫാ. സ്റ്റാന്‍ സ്വാമി നേരിടേണ്ടി വന്ന ക്രൂരതകള്‍ ഇനിയൊരാള്‍ക്കും ഉണ്ടാകാതിരിക്കാന്‍ പ്രവാസി കൂട്ടായ്മകള്‍ ശബ്ദമുയര്‍ത്തണമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.അന്ന ജോര്‍ജ് ആവശ്യപ്പെട്ടു. മതമോ ജാതിയോ നോക്കാതെ ഇന്ത്യയിലെ ഓരോ പൗരന്റേയും മനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടണമെന്ന് കോശി ജോസഫ് പറഞ്ഞു.

മനുഷ്യാവകാശ ലംഘനങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജോണ്‍ ജോസഫ് അഭ്യര്‍ത്ഥിച്ചു. ഇന്ത്യ ശരിക്കും ഒരു ജനാധിപത്യ രാഷ്ട്രം തന്നെയാണോ എന്ന് ചോദിച്ച ജോണ്‍ ജോസഫ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരന്തരമായ അതിക്രമങ്ങളുടെ നേര്‍ക്ക് മൗനം പാലിക്കരുതെന്നും ആവശ്യപ്പെട്ടു.  

ഫാ. സ്റ്റാന്‍ കൃത്യസമയത്ത് താങ്കളുടെ പ്രതിരോധം കാണാതെ പോയ ഞങ്ങളോട് ക്ഷമിക്കൂവെന്ന് ഹാര്‍വെസ്റ്റ് ടിവി ദേശീയ വാര്‍ത്താ കോര്‍ഡിനേറ്റര്‍ ഷാജി കാരക്കല്‍ പറഞ്ഞു. ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി നിലകൊള്ളുന്നവനായി ഫാ. സ്റ്റാന്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും ഷാജി കാരക്കല്‍ കൂട്ടിച്ചേര്‍ത്തു. ജോര്‍ജ് ചാക്കോയും ഫാ. സ്റ്റാന്‍ സ്വാമിയെ അനുസ്മരിച്ച് സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്ത് ഫാ. സ്റ്റാന്‍ സ്വാമിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിച്ചവര്‍ക്ക് വര്‍ഗ്ഗീസ് എബ്രഹാം നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here