ന്യൂജേഴ്‌സി: കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാഞ്ച് ) യുടെ മുൻ പ്രസിഡണ്ടും ട്രസ്റ്റി ബോർഡ് ചെയർമാനുമായിരുന്ന ജനാർദ്ധനൻ പണിക്കർ ( (ജോ പണിക്കർ) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: രാധ പണിക്കർ. മക്കൾ: സലിൽ, സമീറ. മരുമകൻ: രഘു. ന്യൂജേഴ്സിയിലെ സാമൂഹിക സാംസകാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ജോ പണിക്കർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ന്യൂമോണിയ ബാധിച്ച് ഒരുമാസത്തിലേറെയായി ചികിത്സയിൽ ആയിരുന്നു. ഇന്നു രാവിലെ 8 .20 നായിരുന്നു അന്ത്യം. യു എന്നിൽ ദീർഘകാലം സേവനം ചെയ്ത അദ്ദേഹം ന്യൂജേഴ്സിയിലെ മൺറോയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കാഞ്ചിന്റെ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്ന അദ്ദേഹം 2014-2015 വർഷം കാഞ്ചിന്റെ പ്രസിഡണ്ട് ആയി പ്രവര്‍ത്തിച്ചു.കെ.എച്ച്.എൻ എ യുടെ സജീവ പ്രവർത്തകനുമായിരുന്നു.


ഏപ്രിൽ രണ്ടിനാണ് കഠിനമായ ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഐ.സി.യുവിലും ഒടുവിൽ വെന്റിലേറ്ററിലുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കും മുൻപ് വരെ ഫേസ് ബൂക്കിലൂടെ തന്റെ ആരോഗ്യ വിവരങ്ങൾ തുടർച്ചയായി കുറിച്ചുകൊണ്ടിരുന്ന അദ്ദേഹം എല്ലാം ഭേദമായി തിരിച്ചു വരുമെന്ന ശുഭാക്തി വിശ്വാസം തന്റെ സുഹൃത്തുക്കൾക്ക് പകർന്നു നൽകി. ഏപ്രിൽ 24 നു തന്നെ വെന്റിലേറ്ററിൽ പ്രവേശിച്ചേക്കുമെന്ന സൂചനയും നൽകിയതാണ് ഫേസ് ബൂക്കിലൂടെ അദ്ദേഹം നൽകിയ അവസാനത്തെ സന്ദേശം. തന്റെ ആരോഗ്യനില സുഹൃത്തുക്കളെ അറിയിക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശത്തെ തുടർന്ന്ജോ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം ഭാര്യയും മക്കളും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഫേസ് ബുക്കിൽ അപ്ഡേറ്റുകൾ തുടർന്നും നൽകിക്കൊണ്ടിരുന്നു. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ശേഷമാണു അദ്ദേഹത്തിന് നേരിയ പനിയും പിന്നീട് ശ്വാസ തടവും ഉണ്ടായത്. എന്നാൽ ആശുപത്രിയിൽ ആയിരിക്കെ 5 തവണ കോവിഡ് പരിശോധനയിൽ നെഗറ്റീവുമായിരുന്നു.

ഫേസ് ബൂക്കിലൂടെ തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കുവച്ചിരുന്ന അദ്ദേഹത്തിന്റെ കുറിപ്പുകൾ ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം പോസ്റ്റുകൾക്ക് പുറമെ മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് താഴെയും ജോ പണിക്കർ തന്റെ കാഴ്ചപ്പാടുകളും കമന്റുകളും നൽകുക പതിവായിരുന്നു. നല്ല ലേഖനങ്ങളെയും കുറുപ്പുകളെയും അപ്രഥിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ ഇനി മുതൽ കാണാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here