ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ ഏറ്റവും വലിയ ഏഷ്യൻ ന്യൂസ് വീക്കിലി ആയ വോയിസ് ഓഫ് ഏഷ്യയുടെ സ്ഥപകനും ചീഫ് എഡിറ്ററുമായിരുന്ന  കോശി തോമസ് (87) അന്തരിച്ചു. 1987 ൽ വോയിസ് ഓഫ് ഏഷ്യ സ്ഥാപിതമായതുമുതൽ ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട “കോശിച്ചായൻ.” ഇന്ത്യാ പ്രസ് ക്ലബ്ബിൻറെ തുടക്കം മുതൽ ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ കാരണവർ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം മുൻ വൈസ് പ്രസിഡണ്ട് ആയിരുന്നു. കഴിഞ്ഞ നാഷണൽ കോൺഫ്രറൻസിൽ അദ്ദേഹം പ്രസ് ക്ലബ്ബിന്റെ പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. 

ലാഭകരമായി ഒരു ഇന്ത്യാക്കാരനു പത്രം നടത്താനാവുമെന്ന്  തെളിയിച്ച വ്യക്തിയാണ് അദ്ദേഹം.  ഏഷ്യ  വോയിസ് ഇംഗ്ലീഷ് പ്രസിദ്ധീകരണമാണ്.  ഇന്ത്യൻ സമൂഹത്തെ  സിറ്റി ഓഫീസുകൾ  പോലെയുള്ള സ്ഥാപനങ്ങളിൽ പരിചയപ്പെടുത്താനും അതുവഴി ആവശ്യങ്ങൾ നേടിയെടുക്കാനും ദേശീയ രാഷ്ട്രീയ തലങ്ങളിൽ അദ്ദേഹം നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ ഒരുവർഷമായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. 

2012 -ൽ കോശി തോമസിന് പ്രസിദ്ധീകരണ രംഗത്തും മറ്റു വിവിധ മേഖലകളിലുള്ള സേവനങ്ങള്‍ക്കും വിജ്ഞാനങ്ങള്‍ക്കും അംഗീകാരമായി ഹ്യൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജ് ഹോണററി ഡിഗ്രി നല്‍കി ബഹുമാനിച്ചു.  

കോളേജിന്റെ ആന്വവല്‍ ഗ്രാജുവേഷന്‍ ചടങ്ങില്‍ വച്ചാണ് കോശി തോമസിന് ഹോണററി ഡിഗ്രി നല്‍കിയത്. കോളേജ് ചാന്‍സലര്‍ മേരി സ്പാന്‍ഗലര്‍, കോളേജ് ട്രസ്റ്റികളുടെ മുമ്പില്‍ ഹര്‍ഷാരവങ്ങളോടെ അറിവിന്റേയും, സേവനത്തിന്റെയും അംഗീകാരമായ ഹോണററി ഡിഗ്രി അദ്ദേഹം ഏറ്റുവാങ്ങി. സദസ്സിനും ഹ്യൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജ് ഭാരവാഹികളോടും കോശി തോമസ് നന്ദി രേഖപ്പെടുത്തി.

ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണിലെ വിവിധ ഇന്ത്യന്‍, കേരളാ സംഘടനകളിലെ സജീവ പ്രവര്‍ത്തകനാണ്. സൗത്ത് ഏഷ്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ്, ഏഷ്യാ സൊസൈറ്റി, ഇന്ത്യാ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. 

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കൊഴുവല്ലൂരിൽ പേരെങ്ങാട്ടു കുടുംബാംഗമാണ്.  പത്ര പ്രസിദ്ധീകരണത്തിലും സാമൂഹ്യ വേദികളിലും കോശി തോമസിന്റെ വലംകൈയായിരുന്ന അന്നമ്മ തോമസ് (മോനി) ആണ് ഭാര്യ. മക്കൾ ഷെസി ഡേവിസ്, ഷേർലി ഫിലിപ്പ് (അറ്റോർണി), ഷെറിൻ തോമസ്  

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നാലെ അറിയിക്കും. 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here