ന്യു യോർക്ക്: അമേരിക്കൻ കുടിയേറ്റ ചരിത്രത്തിൽ ഏറെ സംഭാവനകളർപ്പിച്ച തിളക്കമാർന്ന  വ്യക്തിത്വവും ആദ്യകാല മലയാളികളിൽ ഒരാളുമായ ലില്ലിക്കുട്ടി ഇല്ലിക്കലിന്റെ  പൊതുദർശനം  ജനുവരി 27 വെള്ളിയാഴ്ച നടത്തും. സംസ്കാരം ജനുവരി 28  ശനിയാഴ്ച. പൊതുദര്ശനത്തിന് ശേഷം  ലില്ലിക്കുട്ടിയുടെ ആഗ്രഹപ്രകാരം ഒരു പാർട്ടിയും ഒരുക്കിയിരിക്കുന്നു.

അറുപതുകളിൽ അമേരിക്കയിലെത്തിയ ലില്ലിക്കുട്ടി ഇല്ലിക്കലിന്റെ വിയോഗം സമൂഹത്തിനാകെ ദുഃഖമായി.  ഭർത്താവ്  പരേതനായ ഡോ. മാത്യു ഇല്ലിക്കലും ലില്ലിക്കുട്ടിയും  ആദ്യകാല കുടിയേറ്റക്കാർക്ക് നൽകിയ സഹായസഹകരണങ്ങൾ പഴമക്കാർ ഇന്നും നന്ദിയോടെ ഓർക്കുന്നു. സാഹിത്യ-സാംസ്കാരിക -ഫിലിം രംഗത്തുള്ളവർ അമേരിക്കയിൽ എത്തുമ്പോൾ അവരുടെ വീട് ആയിരുന്നു  അഭയകേന്ദ്രം.  

തന്റെ നേട്ടങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കാൻ മടി കാട്ടാത്ത സാമൂഹിക-ജീവകാരുണ്യ  പ്രവർത്തകയുമായിരുന്നു അവർ.  നിരവധി ചാരിറ്റി സംഘടനകൾ, ചർച്ച്, സാമൂഹിക സംഘടനകൾ എന്നിവയിൽ പ്രവർത്തിച്ചു.

ആദ്യ മലയാളി സംഘടന കേരള സമാജം ഓഫ് ഗ്രെറ്റർ ന്യൂയോർക്കിന്റെ പ്രസിഡണ്ടായി രണ്ടു  വട്ടം സേവനമനുഷ്ഠിച്ചു-1979-ലും 1993-ലും.  കരുണ ചാരിറ്റീസ്,  പയനിയർ ക്ലബ്, ഇന്ത്യ കാത്തലിക് അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ  സജീവമായിരുന്നു.

കേരളത്തെ  ഏറെ സ്നേഹിച്ച അവർ , സാമൂഹിക സേവനം, സ്ത്രീകൾക്കുള്ള വിദ്യാഭ്യാസം, സഹജീവികളുടെ ക്ഷേമം എന്നിവയിൽ എന്നും തല്പര ആയിരുന്നു.  നല്ല വായനക്കാരിയും മികച്ച എഴുത്തുകാരിയുമായിരുന്നു. മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്നും കാനഡയിലെ ഒട്ടാവ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദങ്ങൾ എടുത്തു .

എറണാകുളം സെന്റ് തെരേസാസ് കോളേജ്,  മദ്രാസിലെ സ്റ്റെല്ല മാരിസ് കോളേജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചു.  ഭർത്താവ് ഡോ. ഇല്ലിക്കൽ യു‌.സി‌.എൽ‌.എ.യിൽ പഠനം തുടരുമ്പോൾ, ലില്ലിക്കുട്ടിയുടെ അധ്യാപന ശൈലിക്കും വർണ്ണാഭമായ സാരികൾക്കും  പ്രശംസയുമായി ഒരു ലോസ് ഏഞ്ചലസ് പത്രം ലേഖനമെഴുതി!

പരേതയായ ശ്രീമതി ലേഖ ശ്രീനിവാസനൊപ്പം കരുണ ചാരിറ്റീസ് ന്യൂയോർക്കിന്റെ സ്ഥാപക അംഗമായിരുന്നു ലില്ലിക്കുട്ടി. കേരളത്തിലെ സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ഫണ്ട് നൽകുന്നതിന് അവർ അശ്രാന്തമായി പരിശ്രമിചു.  ന്യൂയോർക്കിലെ സൂപ്പ് കിച്ചണുകളിൽ ഭവനരഹിതരെ സേവിക്കുകയും ചെയ്തു.

ബുദ്ധികൂർമ്മത, ദയയും അനുകമ്പയും നിറഞ്ഞ മനോഭാവം, ക്ഷണനേരം കൊണ്ട് ഉദാരമായ ഭക്ഷണം തയ്യാറാക്കാനുള്ള കഴിവ്, കേരള സംസ്കാരത്തിലുള്ള ജീവിത ശൈലി  എന്നിവയ്ക്ക് അവർ  പേരെടുത്തു.

വാർദ്ധക്യസഹജമായ പ്രശ്‌നങ്ങളുമായി നീണ്ട പോരാട്ടത്തിനൊടുവിൽ   ജനുവരി 22-ന് രാവിലെ  93-കാരിയായ അവർ വിട വാങ്ങുകയായിരുന്നു.

കോട്ടയം ജില്ലയിലെ നെടുംകുന്നം കുംബ്ലുവേലിൽ (കുമ്പൾവേലി പേക്കാവ്) പ്രൊഫസർ കെ.ജെ. സിറിയക്കിന്റെയും (സേക്രഡ് ഹാർട്ട് കോളേജ്, എറണാകുളം) സിമോണി സിറിയക്കിന്റെയും മകളായിരുന്നു ലില്ലിക്കുട്ടി. കുട്ടനാട് പ്രദേശത്ത് (വേഴപ്ര) നിന്ന് യു.എസ്.എയിലെത്തി.

മക്കൾ: ഡോ. മായ ഇരിമ്പൻ (ഡോ. ആനന്ദ്), മോഹൻ (മിഷേൽ), പ്രൊഫ. മനോജ് ജെ.ഡി.  അഞ്ച്  കൊച്ചുമക്കളുണ്ട്.  

പൊതുദർശനം, സംസ്കാരം: ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ: സെന്റ് ജെയിംസ് ഫ്യൂണറൽ ഹോം, 829A മിഡിൽ കൺട്രി റോഡ്, സെന്റ് ജെയിംസ്, NY 11780

2 മുതൽ 3 വരെ: വിശുദ്ധ കുർബാന, സെന്റ് പാട്രിക്സ് ചർച്ച് (ഫ്യുണറൽ ഹോമിൽ നിന്ന്   അഞ്ച് മിനിറ്റ് അകലെ). സെന്റ് പാട്രിക്സ് റോമൻ കാത്തലിക് ചർച്ച്, 280 ഈസ്റ്റ് മെയിൻ സ്ട്രീറ്റ്, സ്മിത്ത്ടൗൺ, NY 11787

ശവസംസ്കാരം (ക്രിമേഷൻ)
ജനുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here