രാജേഷ് തില്ലങ്കേരി 

സ്വർഗ്ഗത്തിലെ മാലാഖമാരെ നമ്മളാരും ഇതുവരെ കണ്ടിട്ടില്ല. എന്നാൽ ഭൂമിയിൽ ചില മാലാഖമാരുണ്ട്. അവരെപറ്റി ചോദിച്ചാൽ നമ്മൾ നഴ്‌സുമാരെ കാട്ടിക്കൊടുക്കും. തൂവെള്ള വസ്ത്രമണിഞ്ഞ നമ്മുടെ മാലാഖമാരാണവർ. ആ മാലാഖമാരെ ആദരിക്കാൻ വേണ്ടിയുള്ള ദിനമാണ് ഇന്ന്. മേയ് 12 – ലോക നേഴ്‌സ് ദിനം!

പരിചരണം, ശിശ്രൂഷ, എന്നീ രണ്ട് വാക്കിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുന്നവരാണ് ഓരോ നഴ്‌സുമാരും. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്നവർ വേറെയാരുണ്ട്.


ഈ ലോകത്ത് തന്നെ ഏറ്റവും വിശ്വാസവും പരിചരണവും നൽകുന്ന ഒരു സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് നഴ്സുമാർ. ഒരിക്കലെങ്കിലും ആശുപത്രിയിൽ കിടന്നിട്ടുള്ളവർക്ക് അതറിയാനാകും. ചിലപ്പോഴെങ്കിലും ജീവിതത്തിൽ നമ്മുടെ കൂടെയുള്ളവരുടെ സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുമ്പോൾ നമുക്ക് തുണയായി എത്തുന്നത് അവർ മാത്രമാണ്.

ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരി ഭീതിപടർത്തിക്കൊണ്ട് മുന്നേറുമ്പോഴും, നഴ്‌സുമാർ സ്വന്തം ജീവൻ പോലും അപകടത്തിലിവുമെന്ന് അറിഞ്ഞുകൊണ്ട് സേവന രംഗത്ത് അർപ്പിത മനോഭാവത്തോടെ നിലകൊള്ളുന്നു.

മെഡിക്കൽ രംഗത്ത് നഴ്സുമാർ വഹിക്കുന്ന പ്രധാന പങ്കിനെ കണക്കിലെടുത്തുകൊണ്ടാണ് ലോകാരോഗ്യ സംഘടന  കഴിഞ്ഞ ഏപ്രിൽ 7ന് നടന്ന ലോകാരോഗ്യ ദിനത്തിൽ കഴിഞ്ഞവർഷത്തെ നഴ്സുമാരുടേയും മിഡ്വൈഫുകളുടെയും വർഷമായി ആചരിക്കാൻ തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആരോഗ്യമേഖലയിലിൽ ഇന്നുള്ളതിൽവെച്ച് ഏറ്റവും വലിയ തൊഴിൽ വിഭാഗമാണ് നഴ്‌സിംഗ് രംഗം. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ആകെ 59% ആരോഗ്യ വിദഗ്ധരുണ്ട്. എന്നാൽ ആഗോളതലത്തിലായി ആകെ 28 ദശലക്ഷത്തിൽ താഴെ നഴ്സുമാരുമാണുളളത്. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ജനസംഖ്യയെ കണക്കിലെടുക്കുമ്പോൾ ലോകത്തിനാവശ്യമായ നേഴ്‌സുമാരുടെ എണ്ണം 5.9 ദശലക്ഷത്തോളം കുറവാണ് എന്നാണ് കണ്ടെത്തൽ.

നഴ്സുമാർ ഈ ലോകത്തിന് നൽകുന്ന മൂല്യത്തെക്കുറിച്ചും അവർ പലപ്പോഴും അഭിമുഖീകരിക്കുന്ന വെല്ലുവിളി നിറഞ്ഞ ജീവിതാവസ്ഥകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കാനും ഈ തൊഴിൽ രംഗത്തേക്ക് കൂടുതൽ ആളുകളെ കൂട്ടിക്കൊണ്ടുവരാനുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിനുകളാണ്  ലോകാരോഗ്യ സംഘടന നടത്തിയത്.

ഫ്‌ളോറൻസ് നൈറ്റിങ്‌ഗേലും നേഴ്‌സസ് ഡേയും

നേഴ്‌സിങ് എന്ന തൊഴിലിനെ ഒരു പുണ്യകർമമായി തിരുത്തിയെഴുതിയ ഫ്‌ളോറൻസ് നൈറ്റിങ്‌ഗേലിന്റെ ജന്മദിനമാണ് നേഴ്‌സസ് ദിനമായി നാം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന പേരിൽ ലോകം വിളിച്ചു പാടുന്ന ഇവരാണ് ഇന്ന് നാം കാണുന്ന ആധുനികമായ ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവ്. 1820 മെയ് 12 ന് ജനിച്ച നൈറ്റിങ്‌ഗേലിന്റെ 201-ാം ജന്മദിന വാർഷികമാണ് 2021 ലെ ഈ നേഴ്‌സ് ദിനം.

ഒരു സമ്പന്ന കുടുംബത്തിലാണ് നൈറ്റിങ്‌ഗേൽ ജനിച്ചത്. ഒരു നഴ്സാകാനും അപരിചിതരെ പരിപാലിക്കാനുമെല്ലാം അക്കാലത്ത് എല്ലാ പാരമ്പര്യങ്ങളിലും ലംഘനങ്ങളും വിലക്കുകളും ഉണ്ടായിരുന്നു. ക്രിമിയൻ യുദ്ധകാല സമയത്ത്, അതിൽ പങ്കെടുത്ത ഭൂരിഭാഗം സൈനികരും വേണ്ട ചികിത്സകൾ ലഭിക്കാത്തതു മൂലം മരണമടയുന്നു എന്ന വാർത്ത കേട്ടറിഞ്ഞ നൈറ്റിങ്‌ഗേൽ മുൻനിരയിലേക്കിറങ്ങി അതിന്റെ കാരണം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ലഭിച്ച സ്ഥിതിവിവരക്കണക്കുകളുടെ കണ്ടെത്തലുകളിൽ നിന്നും സൈനികരുടെ മരണത്തിന്റെ പ്രാഥമിക കാരണം അശുദ്ധകരമായ അന്തരീക്ഷ പരിസ്ഥിതികളും അതിന്റെ ഫലമായുണ്ടായ അണുബാധകളുമാണെന്ന് അവർക്ക് കണ്ടെത്താനായി. അക്കാര്യത്തിൽ ആവശ്യമായ മാറ്റങ്ങളെല്ലാം മുന്നോട്ടു വച്ചുകൊണ്ട് പൊതുജനാരോഗ്യനു വേണ്ടി അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.

 

നഴ്‌സിംഗ് വിപ്ലവം

ഫ്‌ലോറൻസ് നൈറ്റിങ്‌ഗേലിന്റെ പ്രവർത്തനങ്ങൾ മെഡിക്കൽ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരുകയും വിപ്ലവത്തിന് വഴിതുറക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടായി, ലോകത്തെ എല്ലാ ഭാഗങ്ങളിലുമായി നേഴ്‌സിങ് എന്ന തൊഴിൽ മേഖല വളരെയധികം വികസിക്കുകയും സ്വയം രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട്. നഴ്സ് പ്രാക്ടീഷണർമാർ, കേസ് മാനേജർമാർ, പ്രത്യേക ഓപ്പറേറ്റിംഗ് റൂം, ഇന്റൻസീവ് കെയർ യൂണിറ്റ്, ഹോം നഴ്‌സിംഗ് തുടങ്ങിയ ക്രമീകരണങ്ങളെല്ലാം നമ്മൾ ഇന്ന് കാണുന്ന രീതിയിലായി മാറിയതിനു പിന്നിൽ നൈറ്റിംങ്‌ഗേലിന് വലിയ പങ്കുണ്ട്.


നഴ്‌സിംഗ് രംഗത്തെ ചരിത്രപരമായ സംഭാവനകൾ

 


ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള പ്രകൃതി ദുരന്തങ്ങളോ മഹാമാരികളായ പകർച്ചവ്യാധികളോ കണക്കിലെടുത്താൽ അതിലെന്നും തളർന്നു പോകാതെ കൈത്താങ്ങായി നിലകൊണ്ടിട്ടുള്ളത് നഴ്‌സുമാരാണ്. ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും പോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാവുമ്പോൾ രാവും പകലും എന്നില്ലാതെ എല്ലായ്‌പ്പോഴും അവർ ഉണർന്നിരിന്നു പ്രവർത്തിക്കുന്നുണ്ടാവും.


ഒരു കാലത്ത് ആഗോളതലത്തിൽ, നഴ്‌സുമാർ നടത്തിയ നിരന്തരമായ ബഹുജന രോഗപ്രതിരോധ പ്രചരണമാണ് വസൂരിയെന്ന രോഗത്തിന്റെ നിർമാർജ്ജനത്തിന് കാരണമായി മാറിയിട്ടുള്ളത്. ചരിത്രത്തിലുടനീളം പകർച്ചവ്യാധികൾക്ക് എതിരായി ഉണ്ടായിട്ടുള്ള എല്ലാ പോരാട്ടങ്ങളിലും നഴ്‌സുമാർ സമാനമായ രീതിയിൽ രോഗപ്രതിരോധത്തിന് പിന്തുണച്ചിട്ടുണ്ട്. കോളറ, ഡിഫ്തീരിയ, മീസിൽസ്, മംപ്‌സ്, റുബെല്ല, ഹെപ്പറ്റൈറ്റിസ് എ, ബി, എച്ച്1 – എൻ1, എന്തിനേറെ പറയണം, നിപ്പ വൈറസ് പ്രതിരോധവും, ഇപ്പോൾ ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് പ്രതിരോധം പോലും ഇതിന് ഉദാഹരണങ്ങളാണ്.

നഴ്സുമാരുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായത് രോഗികളോടെല്ലാം അവർ പുലർത്തുന്ന നിസ്വാർത്ഥതയും സ്‌നേഹ സമ്പന്നമായ പരിചരണവുമാണ്. 1700 കളുടെ അവസാന നാളുകളിൽ പടർന്നു പിടിക്കപ്പെട്ട മഞ്ഞപ്പനി പരമ്പരയിൽ, നഴ്‌സുമാർ ഒരു കൈത്താങ്ങായി രംഗത്തെത്തി. രോഗം പല സാഹചര്യങ്ങളിലും മാരകമായി മാറിയപ്പോഴും നഴ്‌സുമാർ സ്വയം സന്നദ്ധരായി ആരോഗ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. ഒടുവിൽ കൊതുകുകളാണ് രോഗം പരത്തുന്നത് തിരിച്ചറിഞ്ഞുകൊണ്ട് ഫലപ്രദമായ പ്രതിരോധവും ചികിത്സയുമാക്കെ സാധ്യമാകുന്നത് വരെ ഇവരുടെ പ്രവർത്തനങ്ങൾ മുന്നിട്ടു നിന്നു.


കൊവിഡ് മഹാമാരിയെ ചെറുത്ത് തോല്പിക്കുന്നവർ

 


ഈ ദിനങ്ങളിൽ നാമെല്ലാവരും ഈ നൂറ്റാണ്ട് കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാമാരിയുടെ മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം നമുക്കറിയാം. കൊവിഡ്-19 എന്ന മഹാമാരി ലോകം മുഴുവൻ മരണം വിതച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാനായി നടത്തുന്ന യുദ്ധത്തിൽ പടയാളികളായി നിന്നുകൊണ്ട് വൈറസിനെതിരെ പോരാടുകയും നമുക്ക് ചുറ്റും സംരക്ഷണവലയം തീർക്കുന്നവരുടെയും കൂട്ടത്തിൽ ഏറ്റവും മുന്നിലുള്ളത് നമ്മുടെ നഴ്‌സുമാരാണ്. ഒരു അടിയന്തര യുദ്ധ പശ്ചാത്തലത്തിൽ എന്നപോലെ ഈയൊരു ഘട്ടത്തിൽ നഴ്സുമാർ ആശുപത്രികളിലും ക്ലിനിക്കുകളിലുമൊക്കെ പതിവിലും കൂടുതൽ സമയം ജോലി ചെയ്യുന്നു. ശരീരത്തിൻറെ ക്ഷീണവും തളർച്ചയും മാറ്റിവെച്ച് നീണ്ട ജോലി ഷിഫ്റ്റുകളിൽ സ്വന്തം ജീവൻ പോലും പണയം വെച്ചുകൊണ്ട് ലോകനന്മയ്ക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന മാലാഖമാരാണവർ.


ലോക നഴ്‌സിംഗ് ദിനമായ ഇന്ന് കൊവിഡ് – 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനായി നമുക്കെല്ലാം വേണ്ടി ജീവൻ പണയം വെച്ച്‌കൊണ്ട് രാവും പകലുമെന്നോണം കഷ്ടപ്പെടുന്ന നേഴ്‌സുമാരെ ആദരിക്കാതെ വയ്യ! നിപ്പയുടെ നാളിൽ സ്വന്തം ജീവൻ കൊടുത്തു പോലും രോഗത്തെ പ്രതിരോധിക്കാൻ തയ്യാറായ ലിനി സിസ്റ്ററെ പോലുള്ളവരെ ഓർക്കാതെ വയ്യ!

ഈ മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് ലോകമെമ്പാടുമുള്ള മുഴുവൻ ജനങ്ങളെയും കരുതലോടെയും കാരുണ്യത്തോടെയും കാത്തു പരിപാലിക്കുന്ന ഓരോ മാലാഖമാർക്കും നേർന്നുകൊള്ളുന്നു ഈ ദിവസത്തിന്റെ മുഴുവൻ ആദരവും. അതോടൊപ്പം നേഴ്‌സിംഗ് എന്ന തൊഴിലിനെ കരുതലിന്റെയും കാരുണ്യത്തിന്റെയും കർമമമാക്കി മാറ്റിയെടുത്ത എല്ലാ നേഴ്‌സുമാർക്കുമായി ഈ സമർപ്പിക്കുന്നു ഈ ദിനം

LEAVE A REPLY

Please enter your comment!
Please enter your name here