കൈന്‍ഡ്‌ലി ടേണ്‍ ഓഫ് യുവര്‍ കാര്‍ ഹെഡ് ലൈറ്റ്‌സ്. സിനിമ തുടങ്ങുന്നതിനു മുന്‍പ് തിയേറ്റര്‍ സ്‌ക്രീനില്‍ ഇങ്ങനെ എഴുതിക്കാണിച്ചാല്‍ എങ്ങനെയുണ്ടാകും? ആശ്ചര്യം തോന്നുന്നത് സ്വാഭാവികം. എന്നാലിത് സാധാരണ സിനിമാ തിയേറ്ററല്ല. വമ്പന്‍ ഷോപ്പിംഗ് മാളിന്റെ റൂഫ് ടോപ്പിലുള്ള സിനിമാ തിയേറ്ററിലെ ബിഗ് സ്‌ക്രീനിലാണ് ഇങ്ങനെ എഴുതിക്കാണിച്ചത്.

മുംബൈയിലെ ബാന്ദ്രാ കുര്‍ളാ കോംപ്ലക്‌സിലുള്ള ജിയോ വേള്‍ഡ് കോംപ്ലക്‌സിലുള്ള ഷോപ്പിംഗ് മാളിന്റെ റൂഫ് ടോപ്പിലാണ് ഈ സിനിമാ തിയേറ്റര്‍. വെറും തിയേറ്ററല്ല. റൂഫ് ടോപ്പിലെ ഡ്രൈവ് ഇന്‍ തിയേറ്ററാണിത്. ഈ റൂഫ് ടോപ്പിലേക്ക് കാറോടിച്ചു വരാം. കാറോടിച്ചു വന്ന് കാറിനകത്തിരുന്നു തന്നെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കാം. ശേഷം ഓരോരുത്തര്‍ക്കും അനുവദിച്ചു തന്നിരിക്കുന്ന സ്ലോട്ടില്‍ കാറ് പാര്‍ക്ക് ചെയ്തതിനു ശേഷം കാറിനകത്ത് തന്നെയിരുന്ന് സിനിമ കാണാം.

ലോകത്തിലെ തന്നെ ആദ്യത്തെ റൂഫ് ടോപ്പ് ഡ്രൈവ് ഇന്‍ തിയേറ്ററാണ് മുംബെയിലെ ബിര്‍ളാ കോംപ്ലക്‌സിലുള്ളത്. ജിയോ റിലയന്‍സ് സമീപകാലത്താണ് ബികെസി കോംപ്ലക്‌സില്‍ ഡ്രൈവ് ഇന്‍ മാള്‍ തുടങ്ങിയത്. ഒരു ദിവസം രണ്ട് ഷോയാണ് ഇവിടെയുള്ളത്. രാത്രി ഏഴ് മണിക്കും അടുത്തത് രാത്രി പതിനൊന്നു മണിക്കും. ഇവിടെ കാറിനാണ് ടിക്കറ്റ് ഈടാക്കുന്നത്. അതായത് ഓള്‍ട്ടോയില്‍ അഞ്ച് പേര്‍ വന്ന് സിനിമ കണ്ടാലും ഇന്നോവയില്‍ ഏഴ് പേര്‍ വന്ന് സിനിമ കണ്ടാലും ഒരേ ചാര്‍ജ്ജാണ് ഈടാക്കുക. എന്നാല്‍ ഒരു വാഹനത്തിന്റെ ലീഗല്‍ കപ്പാസിറ്റി അനുസരിച്ചുള്ള ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയുമുണ്ട്.

സിനിമയുടെ ഓഡിയോ കേള്‍ക്കുന്നതിനായി എല്ലായിടത്തും സ്പീക്കര്‍ വെച്ചിട്ടുണ്ട്. അതിനു പുറമേ 88.5 എഫ്എം റേഡിയോ സ്‌റ്റേഷന്‍ ട്യൂണ്‍ ചെയ്തു കഴിഞ്ഞാല്‍ അവരവരുടെ കാറിന്റെ ഓഡിയോ സിസ്റ്റത്തിലേക്ക് സിനിമയുടെ സൗണ്ട് കണക്ട് ചെയ്യാന്‍ സാധിക്കും. 290 ഓളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം റൂഫ് ടോപ്പിലുണ്ട്. 24 മീറ്റര്‍ നീളവും പത്ത് മീറ്റര്‍ ഉയരവുമുള്ള ബിഗ് സ്‌ക്രീനാണ് റൂഫ് ടോപ്പില്‍ സ്ഥാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here