മരണം ഉറപ്പാക്കിയാല്‍ മൂക്കില്‍ പഞ്ഞിക്കഷണം വെയ്ക്കുന്ന ഒരു രീതി നമ്മുടെ നാട്ടിലുണ്ട്. മരണം കഴിഞ്ഞ പഞ്ഞിക്കഷണം തിരുകിവെയ്ക്കുന്നത്, നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുവരാതിരിക്കാനാണെന്ന് ഒരു തമാശയ്ക്കുവേണമെങ്കില്‍ പറയാം. പക്ഷെ അതിലും വലിയ ഒരു തമാശ കഴിഞ്ഞദിവസം ഒരു മന്ത്രി മൂളി. അന്താരാഷ്ട്ര നിലയില്‍ പ്രശസ്തനായിരുന്ന അന്തരിച്ച ബോക്‌സിംഗ് താരം മുഹമ്മദ് അലി കേരളത്തിനുവേണ്ടി ഒട്ടനവധി ഓട്ടുമെഡല്‍ നേടിയ താരമായിരുന്നുവെന്ന് പുതിയ സ്‌പോര്‍ട്‌സ് മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിക്കുകയുണ്ടായി. പാവം കോമഡിക്കാരുടെ കഞ്ഞിയില്‍ പാറ്റയിടരുതേ! അവര്‍ ജീവിച്ചുപൊയ്‌ക്കോട്ടെ. മറ്റൊരു മുന്‍മന്ത്രി ഒരിക്കല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ താരത്തിന്റെ പേരു പറയാന്‍ പെടുന്ന പാട് കണ്ട് ഞാനും കരഞ്ഞുപോയി. നസ്രിയ എന്ന പേരു പറയാന്‍ പാടുപെട്ട മന്ത്രിയും മോശക്കാരനാകുന്നില്ല.

മന്ത്രിമാര്‍ക്ക് നല്ല പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടല്ലോ. പക്ഷെ ചാനലുകാര്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ചില ഊരാക്കുടുക്ക് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പണി ചിലപ്പോള്‍ പാല്‍പായസത്തില്‍ കിട്ടും. പക്ഷെ നമ്മുടെ കേരളത്തില്‍ കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ കരുതിയാണ് ചാനലുകാരോട് സംസാരിക്കുന്നത്. ഇത് മറ്റു മന്ത്രിമാര്‍ കണ്ടു പഠിക്കേണ്ടതാണ്. പക്ഷെ അടവുകള്‍ പതിനെട്ടും പഠിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ചില ചാനലുകാര്‍ പണി പതിനെട്ടും നോക്കിയിട്ടും പറ്റിയില്ലെന്നാണ് തോന്നുന്നത്. ഒന്നുമില്ലെങ്കില്‍ അദ്ദേഹം പറയും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന്. അങ്ങനെ പറഞ്ഞു പറഞ്ഞ് നേമം നേമത്തിന്റെ വഴിക്കുതന്നെ പോയി. രാജേട്ടന്‍ രാജാവായി താമര വിരിയിച്ചു. ചെളിയില്‍ വളരുന്ന താമരയ്ക്ക് ശോഭയേറിയെന്നു വേണമെങ്കില്‍ പറയാം. പക്ഷെ ഇവര്‍ക്കും മലപ്പുറത്ത് പണികിട്ടി. വെങ്കയ്യ നായിഡുവിന്റെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ നടത്തിയ വി. മുരളീധരന്‍ നന്നേ പ്രയാസപ്പെടുന്നതു കണ്ടു. ചെവിയില്‍ പഞ്ഞിക്കഷണം ഇവിടേയും പലര്‍ക്കും വെയ്‌ക്കേണ്ടിവന്നു. ഇവിടംകൊണ്ട് അവസാനിക്കുന്നില്ല, ഇന്ത്യക്കാരുടെ ദേശീയ ഗാനം പാടാന്‍ അറിയാത്ത ഖദര്‍ധാരികളെ കണ്ടു നാം തലകുനിച്ചതാണ്. ഇവരേക്കാള്‍ ഭംഗിയായി ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുന്ന ഒരു കൊറിയക്കാരിയെ ഫെയ്‌സ് ബുക്കില്‍ കണ്ടപ്പോള്‍ ആയിരം ലൈക്ക് കൊടുക്കണമെന്നും തോന്നിപ്പോയി.

വൃന്ദാ കാരാട്ട് കേരളത്തില്‍ വന്നപ്പോള്‍ ഒരു പ്രശസ്ത വക്കീല്‍ അവരുടെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തമാശ രംഗം ഏവരും ഓര്‍ക്കുന്നുണ്ടാകാം. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതക കേസിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തത് കേരള നാടിനു ഒരു അപമാനം തന്നെയെന്നുള്ളത് അഭിമാനമാണെന്ന് ഈ വക്കീല്‍ പരിഭാഷപ്പെടുത്തിയപ്പോഴും തലകുനിക്കേണ്ടിവന്നു. കഷ്ടംതന്നെ. ഈ സാക്ഷര കേരളത്തില്‍ ഒരു നല്ല പരിഭാഷകനെ കണ്ടുപിടിക്കാന്‍ ഇത്ര ബുദ്ധിമുട്ടോ? ലോക്‌സഭയില്‍ ഒരു മലയാളി വനിതാ എം.പിയുടെ ഇംഗ്ലീഷ് പ്രസംഗം കേട്ട് ചിരിച്ച് മണ്ണുകപ്പിയതാണ്. എന്തിനു പറയുന്നു കാവ്യ മാധവന്‍ അമേരിക്കയില്‍ വന്നു ഇംഗ്ലീഷില്‍ പ്രസംഗിച്ചത് കേട്ടപ്പോഴും ചിരിയുടെ മാലപ്പടക്കം പൊട്ടി. സിനിമാതാരമാകുമായിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു എന്നുള്ള ചാനലുകാരുടെ ചോദ്യത്തിനു ഡോക്ടറാകുമെന്നായിരുന്നു എന്നാണ് കാവ്യ ഒരിക്കല്‍ മറുപടി പറഞ്ഞത്. കേരളത്തിലെ രോഗികളുടെ ഭാഗ്യം എന്നുപറഞ്ഞാല്‍ മതിയല്ലോ! എന്തായാലും സമൂഹമധ്യത്തില്‍ നടത്തുന്ന പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും ഒന്നു കരുതി സംസാരിക്കുക. വിഡ്ഢിത്തം വിളിച്ചുപറഞ്ഞാല്‍ ശവം പോലും എഴുന്നേറ്റ് വന്ന് നല്ല ഭാഷ പറഞ്ഞെന്നിരിക്കും. അതുകൊണ്ട് മൂക്കില്‍ മാത്രമല്ല ചെവിയിലും അല്പം പഞ്ഞിക്കഷണം തിരുകി വെയ്ക്കാന്‍ നമുക്ക് ഫ്യൂണറല്‍കാരോട് എന്നു സൂചിപ്പിക്കുന്നത് നന്നായിരി­ക്കും!

LEAVE A REPLY

Please enter your comment!
Please enter your name here