തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ തലമുതിർന്ന ഒരു പ്രതിനിധിയെയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമായിരിക്കുന്നത്.

മനുഷ്യനെ കേന്ദ്രമാക്കി, പ്രകൃതിയില്‍ ചുവടുറപ്പിച്ചുകൊണ്ട്, തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തിലും പരപ്പിലും കാവ്യാത്മകമായി ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹമെന്ന് വിലയിരുത്തപ്പെടുന്നു. കാലികമായ ജീവിതബോധം കവിതകളില്‍ നിറയുമ്പോള്‍ത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകള്‍ പങ്കുവെക്കുന്നു. വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരല്‍ ആ കവിതകളില്‍ കാണാം.

കാളിദാസകവിതയുമായി ആത്മൈക്യം നേടിയ കവിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. അദ്ദേഹത്തിന്‍റെ ‘ഉജ്ജയനിയിലെ രാപ്പകലുകള്‍’, ‘ഇന്ത്യയെന്ന വികാരം’ തുടങ്ങിയ കവിതകളിലൊക്കെ ഇതിന്‍റെ സാക്ഷാത്കാരം കാണാം. വര്‍ത്തമാനകാലത്തെ ഭൂതകാലത്തിന്റെ ആര്‍ദ്രതയുമായി സമന്വയിപ്പിച്ച് തീക്ഷ്ണവും ഗഹനവുമായവതരിപ്പിച്ച കവിയായിരുന്നു അദ്ദേഹം.

1939 ജൂണ്‍ 2-ന് തിരുവല്ലയില്‍ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചത്. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി എന്നിങ്ങനെ കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ജോലിചെയ്തു. യൂണിവേഴ്സിറ്റി കോളേജില്‍നിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായി പ്രവർത്തിച്ചു.

‘ഇന്ത്യയെന്ന വികാരം’, ‘ആരണ്യകം’, ‘അതിര്‍ത്തിയിലേക്ക് ഒരു യാത്ര’, ‘ഉജ്ജയിനിയിലെ രാപ്പകലുകള്‍’ ‘മുഖമെവിടെ’, ‘ഭൂമിഗീതങ്ങള്‍’, ‘പ്രണയഗീതങ്ങള്‍’, ‘ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം’, ‘ചാരുലത’ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ‘അസാഹിതീയം’, ‘കവിതകളുടെ ഡി.എന്‍.എ.’ എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്.

പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാര്‍ പുരസ്‌കാരം – (2010), വള്ളത്തോള്‍ പുരസ്‌കാരം – (2010), ഓടക്കുഴല്‍ അവാര്‍ഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം (2010), പി സ്മാരക കവിതാ പുരസ്‌കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

ഭാര്യ: സാവിത്രി, മക്കള്‍: അദിതി, അപര്‍ണ. സംസ്ക്കാരം നാളെ രണ്ട് മണിക്ക് തൈക്കാട് ശ്മശാനത്തിൽ നടക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here