ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്ത മലയാളി ബാല സാഹിത്യകാരനും എഴുത്തുകാരനുമായിരുന്ന ജയൻ കുമരകം അന്തരിച്ചു. 84 വയസായിരുന്നു. കാലിഫോർണിയയിലെ നഴ്സിംഗ് ഹോമിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. തന്റെ മൃതശരീരം ദഹിപ്പിച്ചാൽ മതിയെന്ന് അദ്ദേഹം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സംസ്കാരവിവരങ്ങൾ പിന്നീട് അറിയിക്കും.
 
കുറെ നാളുകളായി രോഗബാധിതനായി അവശതയിലായിരുന്ന അദ്ദേഹം  നടനും സാഹിത്യകാരനുമായ തമ്പി ആന്റണിയുടെ ഉടമസ്ഥതയിൽ കാലിഫോർണിയയിലെ ഹേയ്‌വാർഡിലുള്ള ലാൻഡ്മാർക്ക് നഴ്സിംഗ് ഹോമിലായിരുന്നു കഴിഞ്ഞിരുന്നത്.  ഇന്നലെ രാത്രി അദ്ദേഹം താമസിച്ചിരുന്ന മുറിയിൽ വച്ച് കട്ടിലിൽ നിന്ന് നിലത്തു വീണു കിടക്കുകയായിരുന്നു. കട്ടിലിൽ നിന്ന് വീഴാൻ സാധ്യതയുള്ള രോഗി (ഫോൾസ് റിസ്ക്ക്) യായതിനാൽ അദ്ദേഹത്തെ പരിചരിക്കുന്ന ജീവനക്കാർ ഓരോ രണ്ടുമണിക്കൂറിലും മുറിയിൽ പോയി നോക്കാറുണ്ടായിരുന്നുവത്രേ. ഇന്നലെ രാത്രി മുറിയിൽ പരിശോധനയ്ക്ക് വന്ന ജീവനക്കാരാണ് അദ്ദേഹം ബോധരഹിതനായി നിലത്തു വീണു കിടക്കുന്നത് കണ്ടത്.
 
 
തമ്പി ആന്റണിയും ഭാര്യ പ്രേമ ആന്റണിയും സ്ഥലത്തെത്തി മറ്റു നടപടി ക്രമങ്ങൾ നടത്തി വരികയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് 84 വയസ് തികഞ്ഞ അദ്ദേഹത്തിന് പിറന്നാൾ ആശസകൾ അറിയിച്ചുകൊണ്ട് സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള സ്നേഹിതർ ആശംസകൾ അറിയിച്ചിരുന്നു. കേരള ടൈംസ് ഉൾപ്പെടയുള്ള മാധ്യമങ്ങളിലൂടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ചുകൊണ്ട് ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചത്.
 
 
കുമരകം ലക്ഷമിച്ചിറയിൽ പൊതുവിക്കാട്ട് മാത്യുവിന്റെയും കാനം പരപ്പളിതാഴത്ത് പുത്തൻപുരയിൽ അന്നമ്മയുടെയും 5 മക്കളിൽ രണ്ടാമനായി ജനിച്ച ജോയൻ കാനം സി.എം.എസ്. സ്കൂൾ, കുമരകം ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം തേവര സേക്രഡ് ഹാർട്ട് കോളേജ്, കോട്ടയം സി.എം.എസ്. കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസവും നേടി. യൂത്ത് കോൺഗ്രസ്, ബാലജനസഖ്യം, ഓര്‍ത്തഡോക്സ് മൂവ്മെന്റ് തുടങ്ങിയവയിലൂടെയായിരിന്നു പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ധരാളം പുസ്തകങ്ങൾ വായിക്കുന്ന ജോയൻ രവീന്ദ്ര നാഥ് ടാഗോറിന്റെ വലിയ ആരാധകനായിരുന്നു.  
 
കേരളത്തിൽ വിവിധ മാധ്യമങ്ങളിലൂടെ ബാലസാഹിത്യ കൃതികൾ എഴുതിക്കൊണ്ടിരുന്ന ജോയൻ കുട്ടികളുടെ ദീപിക, ബാലകേരളം, ബലമിത്രം തുടങ്ങിയ പ്രസിദ്ധീകരങ്ങളിലൂടെയാണ് ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചിരുന്നത്. സീയോൻ മാസികയിൽ പ്രസിദ്ധീകരിച്ച സ്വർഗ്ഗത്തിലേക്കൊരു കത്ത് ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. പിന്നീട് അറുപതോളം കഥകൾ പ്രസിദ്ധീകരിച്ച ജോയലിന്റെ ‘പുതുവത്സരയപ്പന്റെ പൂക്കുട’ എന്ന കഥാസമാഹാരത്തിന് സംസ്ഥന ബാലസാഹിത്യ അവാർഡ് ലഭിച്ചിരുന്നു. എൻ.ബി. എസ്‌. പബ്ലിക്കേഷനായിരുന്നു പ്രസാധകർ. ഡി.സി ബുക്സിന്റെ സമ്മാനപ്പെട്ടിയിലൂടെ പ്രസിദ്ധീകരിച്ച ‘കവിയമ്മന്റെ ഗ്രാമത്തിൽ ‘ എന്ന കഥ പിന്നീട് ഷോർട്ട് ഫിലിം ആയി നിർമ്മിച്ചിരുന്നു.
 
മലയാള മനോരമയിൽ എഡിറ്റോറിയൽ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോയൻ പിന്നീട് കേരള ഭൂഷണം, ഭാവന, പൗരധ്വനി എന്നീ പ്രസിദ്ധീകരങ്ങളിൽ എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിച്ചു.ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘മലങ്കരസഭ’യിൽ കുഞ്ചിച്ചായൻ എന്ന പംക്തി 25 വർഷക്കാലം കൈകാര്യം ചെയ്തിരുന്നത് ജോയെൻ ആയിരുന്നു.
 
നോരമയുടെ കേരള ബാലജന സഖ്യത്തിന്റെ മികച്ച പ്രസംഗിക്കാനുള്ള സമ്മാനം നേടിയ ജോയൻ ഒരു മികച്ച പ്രാസംഗികൻ കൂടിയാണ്. തേവര സേക്രഡ് ഹാർട്ട് കോളേജിൽ മികച്ച പ്രസംഗിക്കാനുള്ള സമ്മാനവും നേടിയിട്ടുണ്ട്. ഡോ. സുകുമാർ അഴീക്കോട്, കെ.എം. തരകൻ, വേലൂർ കൃഷ്‌ണൻകുട്ടി , കാർട്ടുണിസ്റ്റ് മസുകുമാരൻ തുടങ്ങിയ സാഹിത്യകാരന്മാരുമായി ഗാഢ ബന്ധം പുലർത്തിയിരുന്ന ജോയൻ മാർത്തോമ്മ മാത്യൂസ് പ്രഥമൻ കത്തോലിക്ക ബാവ, മാത്യൂസ് മാർ ബർണബാസ്‌, പൗലോസ് മാർ ഗ്രിഗോറിയോസ്, റവ.ഡോ. കെ.എം.ജോർജ് തുടങ്ങിയ സാമുദായിക നേതാക്കളുമായതും അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.സാഹിത്യ – സാമുദായിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുമായും വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന ജോയൻ അമേരിക്കയിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്നു.
 
 ന്യൂയോർക്കിലെ വൈറ്റ് പ്ലൈൻസിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അമേരിക്കയിൽ പൊതുപ്രവർത്തനരംഗത്തും സാംസ്കാരിക രംഗത്തും മുൻ നിരയിൽ നിന്ന് ശോഭിച്ചിരുന്ന ജോയന്റെ വ്യക്തപരമായ ജീവിതത്തിന്റെ പതനമാകാൻ മദ്യാസക്തി കാരണമായി. അമിത മദ്യപാനം മൂലം കുടുംബ ബന്ധം പോലും തകർന്ന നിലയിൽ നിന്ന് അദ്ദേഹം പിന്നീട് മദ്യ ലഹരിയിൽ നിന്ന് കരകയറി. പിനീടങ്ങോട്ട് അദ്ദേഹം തികഞ്ഞ മദ്യവിരുദ്ധ പ്രവർത്തകനായിരുന്നു. അദ്ദേഹം പ്രസംഗിച്ച വേദികളിലെല്ലാം മദ്യത്തിനെതിരായ സന്ദേശം നല്കാൻ അദ്ദേഹം മടി കാട്ടിയില്ല.
 
ജീവിതത്തിൽ നല്ലൊരു ഭാഗവും ഒറ്റയാനായി ജീവിച്ച അദ്ദേഹം തമ്പി ആന്റണിയുമായി ഉണ്ടാക്കിയ സൗഹൃദമാണ് കാലിഫോർണിയയിലെ നഴ്സിംഗ് ഹോമിൽ എത്തിച്ചത്. ഒടുവിൽ ഏകനായി ജീവിച്ച അദ്ദേഹം ഏകനായി തന്നെ മരണത്തിലും യാത്രയായി. അദ്ദേഹത്തിന്റെ സംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
 

LEAVE A REPLY

Please enter your comment!
Please enter your name here