ജോമോൻ ജോസഫ്

 

(ഈ കഥയ്ക്ക് ചില സമകാലിക സംഭവങ്ങളുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത്യാ ദൃശ്ചികമല്ല; മന:പൂർവ്വം തന്നെയാണ്.)



അന്നും രാത്രി കിടക്കുന്നതിന് മുമ്പ് പതിവുപോലെ പോലെ തോമാച്ചായൻ പെൺമക്കളെ നാലുപേരെയും അടുത്ത് വിളിച്ചിരുത്തി മക്കളോട് പറഞ്ഞു “മക്കളെ ഇനിയും നമ്മൾ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.നമ്മുടെ മാങ്ങ പഴുത്തു തുടങ്ങി , നാട്ടുകാരിൽ ‘ചിലർക്ക്’ അതിൽ കണ്ണുണ്ട്, ഈയിടെയായി നമുക്ക് വളരെ മാങ്ങകൾ നഷ്ട്ടപ്പെടുന്നുമുണ്ട്. അതിനാൽ തന്നെ നമ്മുടെ മാങ്ങകൾ നഷ്ടപ്പെടാൻ ഇനി കൂടുതൽ സാധ്യതയുണ്ട് നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം കല്ലെടുത്തെറിഞ്ഞും, മതിൽ ചാടിക്കടന്ന് പറിച്ചും, അങ്ങനെ പല വിധത്തിൽ …നമ്മുടെ ചെറിയ മോൾക്ക്  ചോക്ലേറ്റ്  വാങ്ങി കൊടുത്തിട്ട് പോലും ചിലർ മാങ്ങ  വാങ്ങിക്കൊണ്ടു പോകുന്നുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. നിങ്ങൾക്കറിയാമല്ലോ വാങ്ങി പത്തിലധികം വർഷം നമ്മൾ ആറ്റുനോറ്റു കാത്തു പരിപാലിച്ചതാണ്  നമ്മുടെ ഈ മാവ് . എത്ര നാൾ നമ്മൾ കാത്തിരിന്നാണ് ഇപ്പോൾ മാങ്ങാ പഴം ആയിരിക്കുന്നത്. “


“ഇത്രകാലമായി ഒരു മാങ്ങ പോലും പറിക്കാതെ ഞങ്ങളും ഇതിനുവേണ്ടി തന്നെ കാത്തിരിക്കുകയാണ് എന്ന് അച്ഛന് അറിയാമല്ലോ ..” മൂത്ത മകൾ പറഞ്ഞു. നിങ്ങൾ നാലുപേരും പ്രത്യേകം ശ്രദ്ധിക്കണേ മക്കളെ .. പോയി കിടന്നുറങ്ങി കൊള്ളൂ ” ഇത്രയും പറഞ്ഞു  തോമാച്ചായൻ മക്കളെ ഉറങ്ങാനായി അവരവരുടെ റൂമിലേക്ക് പറഞ്ഞയച്ചു … തോമാച്ചായനും  ഉറങ്ങാനായി റൂമിലേക്ക് പോയി.

പിറ്റേന്ന് രാവിലെ വീടിന് മുന്നിൽ ഒരു വലിയ ബഹളം കേട്ടാണ് അവർ ഉണർന്നത് എന്താണ് സംഭവം എന്ന് മനസ്സിലായില്ല ,വീട്ടിന് മുമ്പിൽ വലിയ ആൾകൂട്ടം കണ്ടു വീട്ടുകാർ എല്ലാവരും അമ്പരന്നു ….

തോമാച്ചായന് എതിരെ മുദ്രാവാക്യം വിളി, മുതിർന്നവർ, യുവജനങ്ങൾ, കുട്ടികൾ സ്ത്രീകൾ ……. എന്താണ് നടക്കുന്നത് എന്ന് ആർക്കും ഒന്നും മനസ്സിലായില്ല. മതിലിനോട് ചേർന്ന് നിൽക്കുന്ന പഴുത്ത മാമ്പഴങ്ങൾ  ഉള്ള മാവ് നോക്കി  അവർ മുദ്രാവാക്യം വിളിക്കുന്നുണ്ട്, തോമാച്ചായനെ തെറി വിളിക്കുന്നുണ്ട്. കയ്യിൽ കല്ല്, വടി തുടങ്ങിയ ആയുധങ്ങൾ ഉണ്ട് . ചില രാഷ്ട്രീയക്കാരുണ്ട് , ലോക്കൽ ചാനലുകാരുണ്ട്.

തോമാച്ചായൻ പതിയെ പുറത്തേക്കിറങ്ങി അവരിൽ ചിലരോട് തോമാച്ചായൻ കാര്യം തിരക്കി അപ്പോഴല്ലേ സംഭവമറിയുന്നത്. തോമാച്ചായൻ നാട്ടുകാരെ മുഴുവൻ അപമാനിച്ചിരിക്കുന്നു. “ഞാനെങ്ങനെയാണ് നാട്ടുകാരെ അപമാനിച്ചത് ?” തോമാച്ചൻ ചോദിച്ചു. അപ്പോഴാണ് കൂട്ടത്തിൽ മുതിർന്ന ഒരാൾ പറഞ്ഞത് തോമാച്ചായൻ ഇന്നലെ രാത്രി മക്കളോട് പറയുന്നത് കേട്ടു നാട്ടുകാർ   ഈ മാങ്ങ പറിക്കാൻ സാധ്യതയുണ്ട്  എന്ന് ,അങ്ങനെ തെറ്റായ കാര്യം പറഞ്ഞ്  നാട്ടുകാരെ മുഴുവൻ തോമാച്ചൻ അപമാനിച്ചിരിക്കുന്നു.
 
തോമാച്ചായൻ അത്ഭുതത്തോടെ ചോദിച്ചു : “പറഞ്ഞതിൽ എന്താണ് തെറ്റ് ഉള്ളത് ?, പഴുത്ത മാമ്പഴത്തിൽ ഇവിടെ പലർക്കും കണ്ണുണ്ട്, അത് സത്യമായ കാര്യമാണ്, ആ മാമ്പഴം പറിച്ചു കൊണ്ട് പോകാതെ ശ്രദ്ധിക്കണം എന്ന് ഞാൻ മക്കളോട്  പറഞ്ഞതിൽ എന്താണ് തെറ്റ് ? “

 “അതൊന്നും പറഞ്ഞാൽ പറ്റില്ല നിങ്ങൾ നാട്ടുകാരെ അപമാനിച്ചിരിക്കുന്നു… നാടിന്റെ ഐക്യം തകർക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നു” അവരിൽ ഒരാൾ പറഞ്ഞു.
 “ശരി അത് നിങ്ങൾക്കെങ്ങനെ മനസിലായി? ” തോമാച്ചായൻ ചോദിച്ചു. അവസാനം നിൽക്കക്കള്ളിയില്ലാതെ അവർക്ക് സത്യം പറയേണ്ടിവന്നു … അവരുടെ കൂട്ടത്തിലെ ഒരുത്തനെ തള്ളി മുന്നോട്ടു നിർത്തി ….
കള്ളൻ  ശംഭു …..

ഇന്നലെ രാത്രി വീട്ടിൽ മോഷണം നടത്താനായി ശംഭു മതിൽ ചാടിക്കടന്ന് ഒളിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് തോമാച്ചായൻ മക്കളോട് നാട്ടുകാരിൽ ചിലർ മാങ്ങ പറിക്കാൻ സാധ്യത ഉണ്ട് എന്ന കാര്യം പറയുന്നത് കേട്ടത്.  ഉടനെ കള്ളൻ തന്റെ മോഷണ പ്ലാൻ ഉപേക്ഷിച്ച് രാത്രി തന്നെ  മാങ്ങയിൽ കണ്ണുള്ള ചിലരുടെ വീടുകളിൽ കയറിയിറങ്ങി തോമാച്ചായൻ നാട്ടുകാരെ മുഴുവൻ അപമാനിച്ച കാര്യം പറഞ്ഞു.അങ്ങനെയാണ് നാട്ടുകാരിൽ ചിലരെ കൂട്ടി രാവിലെ വീട്ടുപടിക്കൽ എത്തിയത്.

ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന തല മുതിർന്ന സ്റ്റീഫൻ ചേട്ടൻ എത്തി,അദ്ദേഹം കാര്യം തിരക്കി. അവർ കാര്യം പറഞ്ഞു. “ശരി ഇതിൽ ഇപ്പോൾ എന്താണ് പ്രശ്നം ?,തോമാച്ചൻ പറഞ്ഞത് സ്വന്തം മക്കളോട് ആണ്, എനിക്ക് ആ പറഞ്ഞതിൽ  ഒരു തെറ്റും കണ്ടുപിടിക്കാൻ പറ്റുന്നില്ല. രണ്ടാമതായി തോമാച്ചൻ പറഞ്ഞത് സത്യമാണ് പലപ്പോഴായി മാവിൽ നിന്നു മാങ്ങ മോഷണം പോയിട്ടുണ്ട്.  ഒളിഞ്ഞും തെളിഞ്ഞു ആളുകൾ മാങ്ങ പറിച്ചു കൊണ്ടു പോകുന്നത് ഇനിയെങ്കിലും സൂക്ഷിക്കണമെന്ന് തോമാച്ചായൻ സ്വന്തം വീട്ടുകാരോട് ഉപദേശിച്ചതാണ്, ഇതിൽ തെറ്റ് എന്താണ് ? “അദ്ദേഹം ചോദിച്ചു.

“ഇല്ല നാട്ടുകാരെ മുഴുവൻ തെറ്റുകാർ ആക്കാൻ തോമാച്ചൻ എന്താണ് അവകാശം, തോമാച്ചായൻ മാപ്പ് പറയണം . ” അവരിൽ ചിലർ പറഞ്ഞു.
 ഉടനെ തോമാച്ചൻ പറഞ്ഞു ..  “ഞാൻ നാട്ടുകാരെ എല്ലാവരെയും പറഞ്ഞിട്ടില്ല ഞാൻ പറഞ്ഞത് ചിലരെ മാത്രം ഉദ്ദേശിച്ചാണ് , ഈ നാട്ടുകാർ മുഴുവൻ മാങ്ങ പറിച്ചു കൊണ്ട് പോകാൻ സാധ്യതയുണ്ട് എന്ന് ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല  ഇനിയും കൊണ്ടുപോകാൻ പ്ലാൻ ഉള്ളവർക്കും , കൊണ്ടുപോയവർക്കും  ഞാൻ പറഞ്ഞതിൽ എന്തെങ്കിലും പൊള്ളൽ  സംഭവിച്ചിട്ടുണ്ടെങ്കിൽ  അവർ തന്നെയായിരിക്കും ഇതിനു മുൻപും കൊണ്ടുപോയിട്ടുണ്ടാവുക. നാട്ടുകാരിൽ ചിലരുടെ രഹസ്യ അജണ്ട മനസിലാക്കി ഞാൻ മക്കളേ ഉപദേശിച്ചതിൽ എന്താണ് തെറ്റ്?”
 ഉടനെ  സ്‌റ്റീഫൻ ചേട്ടൻ കള്ളൻ ശംഭുവിനെ മുന്നോട്ടു വിളിച്ചു നിർത്തി ചോദിച്ചു   “തോമാച്ചായൻ എങ്ങനെയാണ് പറഞ്ഞത് നാട്ടുകാരെ മുഴുവൻ ആണോ ? “

ഒന്ന് ഓർത്തിട്ട് ശംഭു പറഞ്ഞു. “നാട്ടുകാരിൽ ചിലർ എന്നാണ് പറഞ്ഞത് ….” “അത് ശരി നാട്ടുകാരിൽ ചിലർ എന്നാണ് പറഞ്ഞത് എങ്കിൽ  ആ ചിലർ മാത്രം ഇവിടെ നിൽക്കട്ടെ ..” ,സ്റ്റീഫൻ ചേട്ടൻ പറഞ്ഞു…..

ഇതിനിടയിലെല്ലാം  തോമാച്ചായന്റെ  വീട്ടിലെ ലാൻഡ് ഫോണും മൊബൈൽ ഫോണും  നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. കുടുംബക്കാരും കൂട്ടുകാരുമായി കേട്ടറിഞ്ഞവരെല്ലാം കാര്യം വിളിച്ചു ചോദിച്ചു , വീട്ടുകാർ  കാര്യം പറഞ്ഞു. കേട്ടവർ കേട്ടവർ പിന്തുണയുമായി എത്തി. അല്പസമയത്തിനുള്ളിൽ തന്നെ  കൂട്ടക്കാരും കുടുംബക്കാരും ആയയവർ   കാറിലും ബൈക്കിലും,നടന്നുമായി വീട്ടിലെത്തി ….
അല്ലാത്തവർ സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ചു.

 നാട്ടുകാർക്കും തോന്നി കാര്യങ്ങൾ  അത്ര പന്തിയല്ല,കാരണം  തോമാച്ചന് കുടുംബക്കാർ കൊടുക്കുന്ന പിന്തുണ കൂടി കൂടി വരികയായിരുന്നു. പണ്ടൊക്കെ ഒറ്റപ്പെടുത്തി വായടപ്പിച്ച ആ ശൈലി ഇനി നടക്കില്ലെന്ന് അവർക്ക് മനസിലായി.അവർ ഓരോരുത്തരായി മുങ്ങി. തോമാച്ചായൻ പറത്തതിൽ സത്യമുണ്ട് എന്ന് മനസിലാക്കിയ ചാനലുകാരും , രാഷ്ട്രീയക്കാരും സ്ഥലം വിട്ടു.അവസാനം  കള്ളൻ ശംഭു തിരിഞ്ഞു നോക്കുമ്പോൾ ആരെയും കാണുന്നില്ല.അവസാനം  തിരിഞ്ഞ്  ഒറ്റ ഓട്ടം ഓടി .


അവസാനം തോമാച്ചായൻ പറഞ്ഞു നമ്മുടെ മാങ്ങാ നമ്മൾക്ക് തിന്നാനുള്ളതാണ്. സമയമാകുമ്പോൾ അത് ആവശ്യക്കാർക്ക് കൊടുക്കാനും എനിക്കറിയാം. നമ്മൾ ഇവിടെ ഉള്ളപ്പോൾ എന്തിനാ നാട്ടിലെ ചില തീവ്ര മനസുള്ളവർക്ക്  ചുമ്മാ കൊടുക്കുന്നത് ?. പറിച്ചത് പറിച്ചു…. ഇനി ഒരൊറ്റ മാങ്ങ പുറത്ത് പോകാതിരിക്കാൻ അവിടെ വന്ന ബഹു ഭൂരിപക്ഷം പേരും തോമാച്ചായന്  പിന്തുണയും അറിയിച്ചാണ് മടങ്ങിയത്. അതോടുകൂടി ആ നാട്ടിലെ മാങ്ങ മോഷണത്തിന് ഒരുപരിധിവരെ പരിഹാരവുമായി . നാട്ടിലെ ചിലരുടെ അഹങ്കാരത്തിനും .

വാലറ്റം: – ഞങ്ങളുടെ പിതാക്കൻമാർ മക്കൾക്ക്  പല ഉപദേശങ്ങളും കൊടുക്കും, രഹസ്യമായും , പരസ്യമായും . അത് തീവ്ര മനസുള്ള കള്ളൻമാരായ നിങ്ങളുടെ സൗകര്യത്തിനും , ഇഷ്ട്ടത്തിനും അനുസരിച്ചല്ല ….

LEAVE A REPLY

Please enter your comment!
Please enter your name here