വാതിലുകള്‍ തുറന്നിട്ട് മുന്‍വശത്തെ ഇടുങ്ങിയ വഴിയിലൂടെ വരാനിരിക്കുന്ന അതിഥിയെ ഏറെ നേരമായി അസഹിഷ്ണുതയോടെ
 ഞാന്‍ കാത്തിരിക്കുന്നു. മൊബൈലില്‍ ബാലന്‍സില്ല. അല്ലെങ്കില്‍ എവിടെയെത്തിയെന്നു വിളിച്ചു ചോദിക്കാമായിരുന്നു.
ബാലന്‍സുണ്ടായിട്ടെന്തിനാ!!!
വേറെ ആരെ വിളിക്കാന്‍….!!!
എന്നെ ആരു വിളിക്കാന്‍…!!!
കുറേ നാളുകള്‍ക്കുശേഷമാണ് ഒരു അതിഥി ഈ വീട്ടിലെത്തുന്നത്. ബന്ധങ്ങളുടെ ലോകത്തില്‍ നിന്നും പിന്‍വലിഞ്ഞു
നില്‍ക്കുന്ന എനിക്ക് ആകെയുള്ള കൂട്ടാണ് ഈ അതിഥി. അയാള്‍ക്കു ഞാന്‍ അനേകരില്‍ ഒരാള്‍ മാത്രമായിരിക്കും.
പക്ഷെ എനിക്ക് അയാള്‍ എന്റെ ലോകമാണ്. എന്നും കാണാറില്ലെങ്കിലും അധികമൊന്നും മിണ്ടാറില്ലെങ്കിലും എന്റെ
ചിന്തയില്‍ എപ്പോഴും അയാള്‍ നിറഞ്ഞിരിക്കുന്നു. വരുമെന്നു പറഞ്ഞിട്ട് ഇതുവരെയും കാണുന്നില്ല. എന്താ വരാത്തെ?
എന്നെ മറന്നുകളഞ്ഞോ? അല്ലെങ്കിലും എന്നെയൊക്കെ ഓര്‍ത്തിട്ടെന്തിന്? ഞാനാരാ? എന്തൊരു ജീവിതം?
എന്നെയൊക്കെ ആര്‍ക്കു വേണം? അക്ഷമ നിറഞ്ഞ മനസില്‍ ചോദ്യങ്ങള്‍ ഓരോന്നായി ഉയരാന്‍ തുടങ്ങി.
അവയ്ക്കുള്ള ഉത്തരങ്ങള്‍ ഞാന്‍ ഊഹിച്ചെടുത്തു. ഊഹങ്ങള്‍ ധാരണകളായി എന്നില്‍ ബലം പ്രാപിച്ചു. ധാരണകള്‍
 വിശ്വാസങ്ങളായി മനസില്‍ പടര്‍ന്നു കയറി. മരിക്കണമെന്നായി പിന്നെ എന്റെ മോഹം. ജീവിതം മടുത്ത മനസ്
മരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞു തുടങ്ങി. മനസു വല്ലാതെ ദുര്‍ബ്ബലമായി. വിഷാദം ആളിക്കത്തിച്ച നിരാശയുടെ
അഗ്നിയില്‍ ജീവിതം എരിഞ്ഞടങ്ങുന്നതുപോലെ…
കണ്ണീര്‍ നിലയ്ക്കാതെ പ്രവഹിക്കാന്‍ തുടങ്ങി. അതിഥി വന്നില്ല എന്ന കാരണം ഇതു വായിക്കുന്ന താങ്കള്‍ക്കു നിസാരമായിരിക്കാം.
 യുക്തിരഹിതമായിരിക്കാം. പക്ഷെ എനിക്ക് അതു വളരെ വലുതാണ്.
തളര്‍ന്ന ശരീരത്തോടെ താഴ്ന്ന ശിരസോടെ വിഷാദത്തിന്റെ നിലയില്ലാക്കയത്തിലേക്ക് നിയന്ത്രണംവിട്ടു ഞാന്‍
ആഴ്ന്നുകൊണ്ടേയിരുന്നു.
ഇതില്‍ നിന്നു രക്ഷപ്പെടാന്‍ ഇപ്പോള്‍ എനിക്കൊരു കൈത്താങ്ങ് കിട്ടിയിരുന്നെങ്കില്‍…!!!
ആരെങ്കിലും എന്നെയൊന്നു മനസ്സിലാക്കിയിരുന്നെങ്കില്‍…!!!
ആരെങ്കിലും എന്റെ അടുത്തൊന്നു വന്നിരുന്നെങ്കില്‍…!!!
ഏകാന്തതയുടെ ഈ ഭീകര നിമിഷങ്ങളില്‍ എന്നോടൊന്ന് സംസാരിക്കാന്‍ ഏതെങ്കിലുമൊരു മനുഷ്യനുണ്ടായിരുന്നുവെങ്കില്‍…!!!
പ്രിയ സുഹൃത്തേ,
വിഷാദത്തിന്റെ തടവറയില്‍പ്പെട്ട സഹോദരങ്ങളോടുള്ള നമ്മുടെ ഉത്തരവാദിത്വം നമുക്ക് മറക്കാതിരിക്കാം.
നമ്മുടെ ചെറിയ സൗഹൃദംപോലും അവര്‍ക്കു വലിയ സമ്മാനമാണ്. അവരില്‍ പ്രത്യാശയും ആത്മധൈര്യവും സൗഹൃദവും
വളര്‍ത്താന്‍ നാം ചെയ്യുന്ന ചെറിയ കാര്യങ്ങള്‍പോലും അവര്‍ക്കു ജീവിതം നിലനിര്‍ത്താനുള്ള ഊര്‍ജ്ജമാണ്
എന്ന വസ്തുത മറക്കാതിരിക്കാം. സ്നേഹവും സൗഹൃദവും നിറഞ്ഞ ഒരു നല്ല മനസ്സും നല്ല ജീവിതവും ഈ തിരക്കുപിടിച്ച
ലോകത്തു നമ്മുടെ സ്വന്തമായിരിക്കട്ടെ. ഏകാന്തതയുടെ കൂരിരുട്ടില്‍ കൂട്ടിന് ആരുമില്ലാത്തവര്‍ക്കു സൗഹൃദവും സന്തോഷവും
പകരുന്ന അതിഥിയായി നമുക്കു കടന്നുചെല്ലാം. നമുക്ക് അവര്‍ ഒരുപാടുപേരില്‍ ചിലര്‍ മാത്രമായിരിക്കാം. പക്ഷെ അവര്‍ക്കു
നമ്മള്‍ പ്രതീക്ഷയുടെ ഒരു ലോകംതന്നെയായിരിക്കും.
നമ്മുടെ സൗഹൃദത്തിന്റെ അതിരുകള്‍ ഇനിയും വിസ്തൃതമാകട്ടെ!!!

റിക് സണ്‍ ജോസ്, എറണാകുളം
(Consulting Psychologist)
Ph. 9447728147

LEAVE A REPLY

Please enter your comment!
Please enter your name here