കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ അവഗണിച്ചെന്ന ഷാജി എൻ കരുണിന്റെ വാദവും തളളി ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ. സംസ്ഥാന സിനിമാ അവാർഡിന്റെ ചടങ്ങിനും ഐ എഫ് എഫ്‌ കെയുടെ ഉദ്ഘാടന ചടങ്ങിനും നേരിട്ടു പോയി അദ്ദേഹത്തെ ക്ഷണിച്ചതാണ്. ചലച്ചിത്ര അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ സാറാണ്. സാറിന്റെ സാന്നിദ്ധ്യം വേദിയിൽ ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നതായും കമൽ പറഞ്ഞു. അതിനു ശേഷം ഉദ്ഘാടന ദിവസം അടക്കം ആറു പ്രാവശ്യം ഷാജി എൻ കരുണിനെ ഫോൺ ചെയ്‌തിരുന്നുവെന്നും കമൽ വ്യക്തമാക്കി.സംസ്ഥാന അവാർഡ് വിതരണം ചെയ്യുന്ന ദിവസം അദ്ദേഹം തനിക്ക് വ്യക്തിപരമായി ഒരു മെയിൽ അയച്ചിരുന്നു. ചലച്ചിത്ര അക്കാദമിയിലെ ചിലരുമായി അഭിപ്രായവ്യത്യാസമുണ്ട്. അതിനാൽ അക്കാഡമിയിലെ പരിപാടിയിൽ പങ്കെടുക്കില്ലയെന്നാണ് അതിൽ പറഞ്ഞിരുന്നത്. ഇതിനു ശേഷം ഐ എഫ് എഫ്‌ കെ ഇരുപത്തിയഞ്ചാം വർഷമാണെന്നും ഇതിലെങ്കിലും പങ്കെടുക്കണമെന്നും ഷാജി എൻ കരുണിനോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഓർമ്മപ്പിശകാണെങ്കിൽ തനിക്ക് ഒന്നും പറയാനില്ല.

അദ്ദേഹത്തെ ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് താനെന്നും കമൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.ആരെങ്കിലുമായും പ്രശ്‌നമുണ്ടെങ്കിൽ മൊത്തത്തിൽ ചലച്ചിത്ര അക്കാദമിയുടെ പ്രശ്‌നമാണെന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്ന് അറിയില്ല. എന്തായാലും അദ്ദേഹത്തിന് വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ചലച്ചിത്ര അക്കാഡമിയുടെ വാഹനത്തിൽ നിന്നും പിറവി സിനിമ ഒഴിവാക്കിയതിനെ കുറിച്ച് തനിക്കറിവില്ലെന്നും കമൽ പറഞ്ഞു. ടൂറിംഗ് ടാക്കീസ് വണ്ടിയിൽ നിന്നും താൻ വന്നതിന് ശേഷം സിനിമ ഒഴിവാക്കിയിട്ടില്ല. ഇതിനു മുമ്പ് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴത്തെ ഭരണസമിതി ഉത്തരവാദികളാണെന്ന് പറയുന്നത് ശരിയല്ല. ചരിത്രത്തിൽ നിന്നും ഷാജി എൻ കരുൺ എന്ന ചലച്ചിത്രകാരനെ ഒഴിവാക്കാൻ പറ്റില്ല. ഏതെങ്കിലും കുബുദ്ധി വിചാരിച്ചാൽ അത് നടക്കുമോയെന്നും കമൽ ചോദിച്ചു.സലിംകുമാറുമായി ഇന്നലെയും അരമണിക്കൂറോളം സംസാരിച്ചിരുന്നു.

സലിംകുമാർ വീണ്ടും വിവാദത്തിൽ ഉറച്ചുനിൽക്കുന്നത് എന്തെങ്കിലും രാഷ്ട്രീയ ഉദ്ദേശമുളളതുകൊണ്ടാകും. ഒരിക്കലും അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ല. കൊച്ചിയിലെ ചലച്ചിത്ര പ്രവർത്തകരും സലിംകുമാറിന്റെ സുഹൃത്തുക്കളുമൊക്കെ തന്നെയാണ് പേരുകളൊക്കെ തയ്യാറാക്കിയത്. സലിംകുമാറിനെ വിളിച്ചിരുന്നുവെന്നും, വളരെ മോശമായാണ് പ്രതികരിച്ചതെന്നും ഇവിടത്തെ സംഘാടകസമിതിയിലുണ്ടായിരുന്നവർ പറഞ്ഞതായി കമൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here